വാക്സിൻ ക്ഷാമം, ജീവനക്കാരുടെ നിയമനം: കൗൺസിലിൽ തർക്കം

വാക്സിൻ പരമാവധി വാർഡുകളിലെത്തിക്കാൻ നടപടി സ്വീകരിക്കുമെന്ന് മേയർ‌ തിരുവനന്തപുരം: നഗരത്തിലെ വാക്സിൻ ക്ഷാമം, തുമ്പൂർമുഴിയിലെ ജീവനക്കാരുടെ നിയമനം, ശമ്പളം എന്നിവയെ ചൊല്ലി നഗരസഭ കൗൺസിലിൽ തർക്കം. നഗരസഭയുടെ നേതൃത്വത്തിലുള്ള ക്യാമ്പുകളിൽ മാത്രം കോവിഡ് വാക്സിൻ ക്ഷാമമെന്ന് ബി.ജെ.പി നേതാവും പി.ടി.പി നഗർ കൗൺസിലറുമായ വി.ജി. ഗിരികുമാർ ആരോപിച്ചു. വാർഡുകളിൽ കൗൺസിലർമാർ നിശ്ചയിച്ച ക്യാമ്പുകളിൽ വാക്സിൻ ക്ഷാമം വരുമ്പോ‍‍‍ൾ അസോസിയേഷനുകളുടെ നേതൃത്വത്തിൽ വാക്സിനേഷൻ തടസ്സം കൂടാതെ നടക്കുന്നെന്നും ജനങ്ങൾക്ക് കൗൺസിലർമാരോടുള്ള വിശ്വാസ്യത നഷ്​ടമാകുന്നെന്നും ബി.ജെ.പി അംഗങ്ങൾ ആരോപിച്ചു. എന്നാൽ, ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് വാക്സിൻ പരമാവധി വാർഡുകളിലെത്തിക്കാൻ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞ് മേയർ‌ തർക്കം അവസാനിപ്പിച്ചു. തുമ്പൂർമുഴി ഏയറോബിക്ക് ബിന്നുകളുടെ പരിപാലത്തിനും മഴക്കാല പൂർവശുചീകരണത്തിനുമായി നിയമിച്ച തൊഴിലാളികളുടെ ശമ്പളത്തെ ചൊല്ലിയും തർക്കമുണ്ടായി. എന്ത് മാനദണ്ഡത്തിൻെറ അടിസ്ഥാനത്തിലാണ് തുമ്പൂർമുഴിലെ പ്രവർത്തനങ്ങൾക്ക് ജീവനക്കാരെ നിയോഗിക്കുന്നതെന്ന് തിരുമല വാർഡ് കൗൺസിലർ കെ. അനിൽകുമാർ ചോദിച്ചു. ജീവനക്കാരുടെ എല്ലാവരുടെയും വിവരങ്ങൾ അടുത്ത കൗൺസിലിൽ സമർപ്പിക്കണമെന്നാവശ്യപ്പെട്ടു. പരിഗണിക്കാമെന്ന് പറഞ്ഞ് ആരോഗ്യ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സണും മേയറും തർക്കം അവസാനിപ്പിച്ച് ബിൽ പാസാക്കി. നഗസഭയുടെ സെപ്റ്റേജ് മാലിന്യ ശേഖരണത്തിൽ ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് ഭരണകക്ഷി കൗൺസിലർ ആർ. ഉണ്ണികൃഷ്ണൻ രംഗത്തുവന്നു. ചില ഉദ്യോഗസ്ഥരുടെ സ്വാർഥ താൽപര്യങ്ങളാണ് ഇവിടെ നടക്കുന്നതെന്നും ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം സെപ്റ്റേജ് മാലിന്യം പലയിടത്തും കെട്ടിക്കിടക്കുന്ന അവസ്ഥയുണ്ടെന്നും ആറ്റുകാൽ കൗൺസിലർ ആഞ്ഞടിച്ചു. വിഷയം പരിശോധിക്കാമെന്ന്​ മേയർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.