പി.എസ്.സി പരീക്ഷ തട്ടിപ്പ് കേസ്; കൂറുമാറിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം

കൊല്ലം: പി.എസ്.സി പരീക്ഷ തട്ടിപ്പുകേസിൽ കൂറുമാറി മൊഴി കൊടുത്ത പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണത്തിന്​ ഡി.ജി.പി ഉത്തരവിട്ടു. 2010 ഒക്ടോബർ 10 ന് പി.എസ്.സി നടത്തിയ സബ് ഇൻസ്പെക്ടർ പരീക്ഷ‍ാ തട്ടിപ്പു കേസിലെ മുഖ്യ സാക്ഷിയായ ആലപ്പുഴ കനകക്കുന്ന്​ പൊലീസ് സ്​റ്റേഷൻ റൈറ്റർ ഓച്ചിറ ഷിബു സദനത്തിൽ ഷിബുവാണ് കൂറുമാറിയത്. 2021 ജനുവരി 29 ന് കൊല്ലം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നടന്ന വിസ്താരത്തിലാണ് കൂറുമാറ്റം. പ്രോസിക്യൂഷൻ റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഡി.ജി.പി ലോക്നാഥ് ബഹ്റ ഉത്തരവിട്ടത്. കേസിലെ 26ാം സാക്ഷിയായ ഷിബു പൊലീസിൽ കൊടുത്ത മൊഴിക്ക് വിരുദ്ധമായി ചീഫ് വിസ്താരവേളയിൽ കൂറുമാറുകയായിരുന്നു. ഇൗ ഉദ്യോഗസ്ഥൻ 2010 ൽ നടന്ന എസ്.ഐ പരീക്ഷയിൽ മൊബൈൽ ഫോൺ ശരീരത്തിൽ ഘടിപ്പിച്ച് ഉത്തരങ്ങൾ വാങ്ങി ക്രമക്കേട് കാട്ടിയതിന്​ പിടിക്കപ്പെട്ട പ്രതി ബൈജുവിനൊപ്പം അതേ ഹാളിൽ പരീക്ഷയെഴുതിയിരുന്നു. 27 സാക്ഷികളും 15 തൊണ്ടിമുതലുകളും 30 രേഖകളുമുള്ള കേസിൻെറ അന്വേഷണം നടത്തിയത് നിലവിലെ ട്രാഫിക് എസ്.പി ബി. കൃഷ്ണകുമാറായിരുന്നു. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പാരിപ്പള്ളി ആർ. രവീന്ദ്ര​ൻെറ റിപ്പോർട്ടിനെതുടർന്നാണ് ഡി.ജി.പി അന്വേഷണത്തിന്​ ഉത്തരവിട്ടത്. അന്വേഷണ ചുമതല ആലപ്പുഴ വിയപുരം ഇൻസ്പെക്ടർ ശ്യാംകുമാറിനാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.