ഒമ്പത്​ മാസത്തെ ഇടവേളക്കുശേഷം അധ്യാപകർ സ്​കൂളുകളിൽ

തിരുവനന്തപുരം: ഒമ്പത്​ മാസത്തെ ഇടവേളക്കുശേഷം സംസ്ഥാനത്തെ സ്​കൂളുകളിൽ വ്യാഴാഴ്​ച മുതൽ അധ്യാപകർ എത്തിത്തുടങ്ങി. പത്ത്​, 12 ക്ലാസുകൾ കൈകാര്യം ചെയ്യുന്ന അധ്യാപകരാണ്​ സ്​കൂളിലെത്തിയത്. ഒരുദിവസം 50 ശതമാനം പേർ എന്ന രീതിയിലുള്ള ക്രമീകരണത്തോടെയാണ്​ അധ്യാപകർ സ്​കൂളുകളിലെത്തുന്നത്​. ജനുവരി ഒന്ന്​ മുതൽ പത്ത്​, 12 ക്ലാസുകളിലെ കുട്ടികൾക്ക്​ റിവിഷൻ, പ്രാക്​ടിക്കൽ ക്ലാസുകൾക്കും സംശയദൂരീകരണത്തിനും വേണ്ടി സ്​കൂളിലെത്താൻ അനുമതി നൽകിയിട്ടുണ്ട്​. കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ച്​ വിദ്യാർഥികൾക്ക്​ സ്​കൂളിലെത്തുന്നതിനുള്ള ആസൂത്രണം സ്​കൂൾതലത്തിലാണ്​ നടത്തേണ്ടത്​. സ്​കൂളിലെത്തുന്ന അധ്യാപകരുടെ പ്രധാന ചുമതല ഇതാണ്​. വിദ്യാർഥികളെ സ്​കൂളിലെത്തിക്കാൻ രക്ഷാകർത്താക്കളുടെ അനുമതി തേടൽ, സ്​കൂളിലെ സൗകര്യം പരിഗണിച്ച്​ ഒരേസമയം എത്തേണ്ട വിദ്യാർഥികളുടെ എണ്ണം, ലാബി​ലെ സൗകര്യം, യാത്രാ ക്രമീകരണം, റിവിഷൻ ക്ലാസുകളുടെ ക്രമീകരണം തുടങ്ങിയവ സ്​കൂൾതല ആസൂത്രണത്തിൽ ഉൾപ്പെടുത്തണം. വിക്​ടേഴ്​സ്​ ചാനൽ വഴി സംപ്രേഷണം ചെയ്​ത ഡിജിറ്റൽ ക്ലാസുകൾ കുട്ടികൾ ഗ്രഹിച്ചത്​ സംബന്ധിച്ച വിലയിരുത്തലും ആവശ്യമായ പഠന പിന്തുണയും ഇൗ കാലയളവിൽ ഉറപ്പുവരുത്തണം. ഇതുസംബന്ധിച്ച ആസൂത്രണത്തിന്​ സ്​കൂളുകൾക്ക്​ സ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ട്​. എന്നാൽ, മറ്റ്​ ക്ലാസുകളിലെ കുട്ടികൾ​ സ്​കൂളിലെത്തുന്നത്​ സംബന്ധിച്ച്​ പിന്നീട്​ മാത്രമായിരിക്കും തീരുമാനമെടുക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.