വിജയാഹ്ലാദത്തിന് ആള്‍ക്കൂട്ടം പാടില്ല, വാഹന റാലികളും ഒഴിവാക്കണം ഹാരം, നോട്ടുമാല, ബൊക്കെ, ഷാള്‍ എന്നിവ ഒഴിവാക്കണം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൻെറ വോട്ടെണ്ണല്‍ ദിനത്തില്‍ വിജയാഹ്ലാദ പ്രകടനങ്ങള്‍ നടത്തുമ്പോള്‍ കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന്​ കലക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ. 50ല്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുന്ന ആഘോഷ പരിപാടി പാടില്ല. ജാഥകളും വാഹനറാലികളും പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങളും ഒഴിവാക്കണം. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ കാണിച്ച ശ്രദ്ധയും ജാഗ്രതയും വോട്ടെണ്ണല്‍ ദിനത്തിലും തുടരണം. വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക്​ മുന്നില്‍ ആള്‍ക്കൂട്ടം ഒഴിവാക്കണം. സാമൂഹിക അകലം ഉറപ്പാക്കണം. വിജയികളായവരെ അനുമോദിക്കുമ്പോഴും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഹാരം, നോട്ടുമാല, ബൊക്കെ, ഷാള്‍ എന്നിവ നല്‍കിയുള്ള സ്വീകരണ പരിപാടികള്‍ ഒഴിവാക്കണം. പൊതുജനങ്ങള്‍ക്ക്​ ബുദ്ധിമുട്ടുണ്ടാക്കുംവിധം വാദ്യോപകരണങ്ങള്‍, ഉച്ചഭാഷിണി തുടങ്ങിയവ ഉപയോഗിച്ചുള്ള ആഹ്ലാദപ്രകടനം നടത്തരുതെന്നും കലക്ടര്‍ പറഞ്ഞു. സ്ഥാനാർഥികൾക്കും കൗണ്ടിങ്​ ഏജൻറുമാർക്കും കർശന മാനദണ്ഡങ്ങൾ വോട്ടെണ്ണലിനെത്തുന്ന സ്ഥാനാര്‍ഥികളും കൗണ്ടിങ് ഏജൻറുമാരും കര്‍ശന കോവിഡ് പ്രോട്ടോകോള്‍ പാലിക്കണം. സ്ഥാനാര്‍ഥിക്കും തെരഞ്ഞെടുപ്പ് ഏജൻറിനും പുറമെ ഒരു കൗണ്ടിങ് ഏജൻറിനെ മാത്രമേ വോട്ടെണ്ണലിന് ചുമതലപ്പെടുത്താനാകൂ. ഇവര്‍ക്ക് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ കൈയുറ, മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമാണ്. കൗണ്ടിങ് ഓഫിസര്‍മാരും കോവിഡ് പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്ന്​ കലക്ടര്‍ പറഞ്ഞു. വോട്ടെണ്ണല്‍ നടക്കുന്ന ജില്ലയിലെ 16 കേന്ദ്രങ്ങളും അണുമുക്തമാക്കി. സാമൂഹിക അകലം പാലിക്കത്തക്കവിധമാണ് എല്ലാ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും കൗണ്ടിങ് ടേബിളുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ അടക്കമുള്ള ക്രമീകരണങ്ങള്‍ ജില്ലാ കലക്ടര്‍ പരിശോധിച്ച് ഇതിനോടകം വിലയിരുത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.