ബാലരാമപുരം ദേശീയപാതയിലെ അപകടത്തിൽ പത്ത് ദിവസത്തിനിടെ പൊലിഞ്ഞത് നാല് ജീവനുകൾ

ബാലരാമപുരം: കരമന -കളിയിക്കാവിള ദേശീയപാതയിലെ ബാലരാമപുരത്ത് പത്ത് ദിവസത്തിനിടെ അപകടങ്ങളിൽ പൊലിഞ്ഞത് നാല് ജീവനുകൾ. ഒന്നര കിലോമീറ്ററിനുള്ളിൽ മുടവൂർപാറക്കും തയ്ക്കാപ്പള്ളിക്കുമിടയിൽ നടന്ന വിവിധ അപകടങ്ങളിലാണ് നാല് ബൈക്ക് യാത്രക്കാർ മരിച്ചത്. ദേശീയപാത വികസനത്തി​ൻെറ ഭാഗമായി റോഡ് വീതി കൂട്ടിയെങ്കിലും സിഗ്​നൽ ലൈറ്റുകളും അപകട മേഖലയാണെന്നറിയിക്കുന്ന അറിയിപ്പ്​ ബോർഡുകളും സ്ഥാപിക്കാത്തതാണ് അപകടകാരണം. ഡിസംബർ മൂന്നിന്​ നടന്ന അപകടത്തിൽ തയ്ക്കാപ്പള്ളിക്ക് മുന്നിൽ ബൈക്കിൽ ലോറിയിടിച്ച് സഹോദരങ്ങളായ ഷർമാനും ഷഫീറും മരിച്ചു. നാലിന്​ ബാലരാമപുരം മുടവൂർപാറയിൽ ബൈക്കിന് പിന്നിൽ കാറിടിച്ചാണ്​ രാജേഷ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് ബൈക്കിന് പിന്നിൽ കാറിടിച്ച് ജയരാജ് മരിച്ചതാണ് അവസാന സംഭവം. സിഗ്​നൽ ലൈറ്റും യുടേൺ സംവിധാനവും ഒരുക്കണമെന്ന്​ ആവശ്യപ്പെട്ട് നാട്ടുകാർ നിരവധി തവണ അധികൃതരെ സമീപിച്ചു. ഒരുമാസം മുമ്പ് ബാലരാമപുരം കൊടിനടയിൽ ഓട്ടോറിക്ഷയിൽ പിക്-അപ് വാനിടിച്ച് ഇതര സംസ്ഥാന തൊഴിലാളി സഞ്ജിത് ബർമാൻ മരിച്ചിരുന്നു. അതിനുശേഷം ആറാലുംമൂട് ദേശീയപാതയിൽ ബൈക്കിൽ ട്രക്കിടിച്ച് വിജയകുമാരി മരിച്ചു. കാമറകൾ സ്ഥാപിച്ച് അമിതവേഗം നിയന്ത്രിച്ചില്ലെങ്കിൽ വലിയ ദുരന്തത്തിന് സാധ്യതയുണ്ട്. രണ്ട് സ്​കൂളുകൾ സ്ഥിതിചെയ്യുന്ന പ്രദേശത്ത് സ്​കൂൾ തുറക്കുന്നതോടെ റോഡ് മുറിച്ചുകടക്കുന്നത് ഏറെ ഭീതിക്കിടയാക്കുമെന്നും രക്ഷാകർത്താക്കളും പറയുന്നു. അടുത്തിടെ ബാലരാമപുരം ജങ്ഷനിൽ ദേശീയപാതയുടെ കുഴികളടയ്​ക്കുന്നതിന് ബാലരാമപുരം സി.ഐ ജി. ബിനുവും എസ്​.ഐ വിനോദ് കുമാറും നേരിട്ടിടപെട്ടു. രാത്രികാലങ്ങളിൽ വേണ്ടത്ര വെളിച്ചവുമില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.