വി.എസ്.എസ്.സി മുൻ ഡയറക്ടർ എസ്​. രാമകൃഷ്ണൻ അന്തരിച്ചു

തിരുവനന്തപുരം: വി.എസ്.എസ്.സി മുൻ ഡയറക്ടറും പ്രമുഖ ബഹിരാകാശ ശാസ്ത്രജ്ഞനുമായ എസ്. രാമകൃഷ്ണൻ (71) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം പെരുന്താന്നി പോസ്​റ്റ്​ ഓഫിസ് ലെയിനിലെ വസതിയിലായിരുന്നു അന്ത്യം. ബഹിരാകാശ വിക്ഷേപണ വാഹനങ്ങളുടെ രൂപകൽപനയിൽ വിദഗ്ധനായ അദ്ദേഹം മുൻ രാഷ്​ട്രപതി എ.പി.ജെ. അബ്​ദുൽ കലാമിനൊപ്പം ഇന്ത്യയുടെ ആദ്യ റോക്കറ്റ് എസ്.എൽ.വി-3 റോക്കറ്റ് വികസിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. 2003ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. മദ്രാസ് ഐ.ഐ.ടിയിൽ നിന്ന് ഒന്നാം റാങ്കോടെ എയ്റോനോട്ടിക്സ് എം.ടെക് നേടിയശേഷം 1972ലാണ് അദ്ദേഹം ഐ.എസ്.ആർ.ഒയിൽ ചേർന്നത്. 1996 മുതൽ 2002 വരെ പി.എസ്.എൽ.വിയുടെയും 2003 മുതൽ 2010 വരെ ജി.എസ്.എൽ.വിയുടെയും പ്രൊജക്ട് ഡയറക്ടറായിരുന്നു. പി.എസ്.എൽ.വി സി-1 മുതൽ സി-4 വരെയുള്ള വിക്ഷേപണങ്ങളുടെ മിഷൻ ഡയറക്ടറായും പ്രവർത്തിച്ചു. 2010ൽ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്​റ്റംസ് സൻെറർ ഡയറക്ടറായി. 2013-14 കാലയളവിൽ വി.എസ്.എസ്‌.സി ഡയറക്ടറുടെ ചുമതല വഹിച്ചു. എയ്റോനോട്ടിക്കൽ സൊസൈറ്റി അവാർഡ് ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. ലോഞ്ച് വെഹിക്കിൾ സാങ്കേതിക വിദ്യയിൽ അദ്ദേഹം അഗ്രഗണ്യനായിരുന്നെന്ന് അദ്ദേഹം അനുസ്മരിച്ചു. ഭാര്യ: അനുരാധ. മക്കൾ: ഹരിണി, ശ്യാം. സംസ്കാരം ബുധനാഴ്ച 12ന് പുത്തൻകോട്ട ശ്മശാനത്തിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.