ചുറുചുറുക്കോടെ വെളുമ്പി മുത്തശ്ശി

(ചിത്രം) പത്തനാപുരം: പിറവന്തൂർ പഞ്ചായത്തിലെ തച്ചക്കുളം ഇൗട്ടിവിള വീട്ടിൽ വെളുമ്പി മുത്തശ്ശിയാണ് സര്‍ക്കാര്‍ രേഖകള്‍ പ്രകാരം കൊല്ലം ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വനിത വോട്ടര്‍. ഇപ്പോള്‍ പ്രായം 110 ആണ്. പല്ലില്ലാത്ത മോണയും കാട്ടി കൂനിക്കൂടിയുള്ള നടത്തവുമായി തച്ചക്കുളക്കാരുടെ മുത്തശ്ശി ഇപ്പോഴും നല്ല ചുറുചുറുക്കിലാണ്. വാർധക്യത്തിൻെറ അവശതകളൊന്നും വെളുമ്പിയെ ബാധിക്കുന്നില്ല. തെരഞ്ഞെടുപ്പും രാഷ്​ട്രീയവുമെല്ലാം കൃത്യമായി ബോധ്യമുണ്ട്. വ്യക്തമായ രാഷ്​ട്രീയനിലപാടുമുണ്ട്. വോട്ട് ചെയ്ത് തുടങ്ങിയ കാലം മുതല്‍ ഒരു പാര്‍ട്ടിയെ മാത്രമേ പിന്തുണച്ചിട്ടുള്ളൂ. ചുറ്റും മക്കളും കൊച്ചുമക്കളും ചെറുമക്കളുമായി പത്തിലധികം വീട്ടുകാരുണ്ട്. ഇരവി-ചിറ്റ ദമ്പതികളുടെ രണ്ട് മക്കളിൽ ഇളയ ആളായിരുന്നു വെളുമ്പി. വനപ്രദേശമായ പിറവന്തൂർ മേഖലയിലെ ആദ്യതാമസക്കാർ കൂടിയായിരുന്നു വെളുമ്പിയുടെ കുടുംബം. അച്ഛനോടും അമ്മയോടുമൊപ്പം കാട്ടിലെ ജോലികൾ ചെയ്താണ് വളർന്നത്. പഴയതിലും ചുറുചുറുക്കോടെയാണ് വെളുമ്പി ഇപ്പോഴും ജോലികൾ ചെയ്യുന്നത്. മൂന്ന് വര്‍ഷം മുമ്പുവരെ ബന്ധുക്കൾക്കും അയൽവാസികൾക്കുമെല്ലാം ചൂൽ നിർമിച്ചുനൽകുന്നത് വെളുമ്പിയായിരുന്നു. കേൾവിക്കും കാഴ്ചക്കുമൊക്കെ ഇപ്പോഴും നൂറിൽ നൂറ് മാർക്കാണ്. രക്തസമ്മർദമോ പ്രമേഹമോ അയലത്തുപോലും എത്തിയിട്ടില്ല. മക്കളെല്ലാം മരിച്ചു. ഭർത്താവ് 70 വർഷം മുമ്പ്​ മരിച്ചു. പിറവന്തൂർ മേഖലയിലെ വനങ്ങളിൽനിന്ന്​ വിറക് ശേഖരിച്ച് പുനലൂരിലെത്തിച്ച് കച്ചവടം നടത്തിയാണ് പഴയകാലത്ത് ഉപജീവനം നടത്തിയിരുന്നത്. പൂർവികർ 110 വയസ്സുവരെ ജീവിച്ചിരുന്നതായി മുത്തശ്ശി ഓർമിക്കുന്നു. പ്രകൃതി വിഭവങ്ങളിട്ട് തയാറാക്കിയ മരുന്നുകഞ്ഞിയാണ് ആരോഗ്യത്തി​ൻെറ രഹസ്യം. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് ഏറ്റവും പ്രായം കൂടിയ വോട്ടര്‍ക്കുള്ള ആദരവും മുത്തശ്ശി ഏറ്റുവാങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.