വിപ്പ്​ ലംഘനം: ജോസഫിനും മോൻസിനും സ്​പീക്കറുടെ നോട്ടീസ്​

തിരുവനന്തപുരം: നിയമസഭയിൽ അവിശ്വാസപ്രമേയത്തിനിടെ വിപ്പ് ലംഘിച്ചതിന് പി.ജെ. ജോസഫിനും മോൻസ് ജോസഫിനും സ്​പീക്കർ പി. ശ്രീരാമകൃഷ്​ണൻ നോട്ടീസ് നൽകി. റോഷി അഗസ്​റ്റിൻ നൽകിയ പരാതിയിലാണ് നടപടി. അവിശ്വാസ പ്രമേയത്തിൽനിന്ന് വിട്ടുനിൽക്കാനുള്ള കേരള കോൺഗ്രസ് തീരുമാനം ലംഘിച്ച് ജോസഫും മോൻസും യു.ഡി.എഫിന് വോട്ട് ചെയ്തിരുന്നു. അയോഗ്യരാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. അവിശ്വാസപ്രമേയ വോട്ടെടുപ്പിലെ നിലപാട് സംബന്ധിച്ച് കേരള കോൺഗ്രസി‍ൻെറ ഇരുവിഭാഗവും സ്പീക്കര്‍ക്ക് പരാതി നൽകിയിരുന്നു. റോഷി അഗസ്​റ്റിനാണ് ആദ്യം പരാതി നൽകിയതെന്നാണ് സ്പീക്കര്‍ പറയുന്നത്. മോൻസ് നൽകിയ പരാതിയും ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. മുന്നണി മാറ്റവുമായി ഈ നടപടിക്ക് ബന്ധമില്ലെന്നാണ് സ്പീക്കറുടെ വിശദീകരണം. രാഷ്​ട്രീയവിവാദമാവുമെന്ന് കരുതി കർത്തവ്യത്തിൽനിന്ന് മാറി നിൽക്കാൻ കഴിയില്ലെന്ന്​ സ്പീക്കര്‍ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. കോടതി വിധി, തെരഞ്ഞെടുപ്പ് കമീഷൻ ഉത്തരവ് എന്നിവ കണക്കിലെടുത്താകും നടപടി. അത് ഏകപക്ഷീയമാകില്ലെന്നും ഇരുവിഭാഗത്തി‍ൻെറയും വാദം കേട്ട ശേഷമേ തീരുമാനം ഉണ്ടാകൂ എന്നും അദ്ദേഹം വിശദീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.