മെഡി. കോളജിൽനിന്ന്​ ഡിസ്ചാർജ് ചെയ്ത രോഗിയുടെ ശരീരത്തിൽ പുഴുക്കൾ - റിപ്പോർട്ട്​ തേടി ആരോഗ്യമന്ത്രി

തിരുവനന്തപുരം: മെഡിക്കൽ കോളജിൽനിന്ന്​ ഡിസ്ചാർജ് ചെയ്ത രോഗിയുടെ ശരീരത്തിൽ വ്രണങ്ങളും പുഴുക്കളും. മെഡിക്കൽ കോളജ് അധികൃതരുടെ അനാസ്ഥയാണെന്ന ബന്ധുക്കളുടെ പരാതിയെതുടർന്ന്​ ആരോഗ്യമന്ത്രി റിപ്പോർട്ട്​ തേടി. വട്ടിയൂർക്കാവ് മേലത്തുമേലെ സ്വദേശി അനിൽകുമാറാണ്​ (55) മെഡിക്കൽ കോളജിലെ ചികിത്സക്കുശേഷം ദുരിതത്തിലായത്​. ആരോഗ്യനില മോശമായതിനെതുടർന്ന് തിങ്കളാഴ്ച ഉച്ചയോടെ ഇദ്ദേഹത്തെ പേരൂർക്കട ജില്ല മാതൃകാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആഗസ്​റ്റ്​ 21ന് വീട്ടി​ൻെറ പടിക്കെട്ടിൽ വീണാണ് അനിൽകുമാറിന് പരിക്കേറ്റത്. മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിൽ തോളെല്ലിന് ക്ഷതമേറ്റ​്​ ശരീരം ഭാഗികമായി തളർന്നതായി വ്യക്തമായി. ചികിത്സക്കിടെ 24ന് നടത്തിയ കോവിഡ് പരിശോധന നെഗറ്റിവ് ആയതിനെതുടർന്ന് വാർഡിലേക്ക് മാറ്റി. ഈ സമയം പരിചരണത്തിന് വീട്ടുകാരും കൂടെയുണ്ടായിരുന്നു. എന്നാൽ, ഈ മാസം ആറിന് വീണ്ടും നടത്തിയ പരിശോധനയിൽ അനിൽകുമാറിന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ബന്ധുക്കൾ വീട്ടിൽ ക്വാറൻറീനിലായി. പിന്നീട് വീട്ടുകാർ ഫോൺ മുഖേനയാണ് ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടിരുന്നത്. ശ്വാസതടസ്സമല്ലാതെ മറ്റൊരു കുഴപ്പവുമില്ലെന്നാണ് ആശുപത്രി ജീവനക്കാർ മറുപടി നൽകിയിരുന്നതെന്ന് മകൻ അഭിലാഷ് പറയുന്നു. കഴിഞ്ഞ വ്യാഴാഴ്ച ആശുപത്രി അധികൃതർ വിളിച്ച് അനിൽകുമാറിന് കോവിഡ് നെഗറ്റിവ് ആയതായും വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാമെന്നും അറിയിച്ചു. ഞായറാഴ്ച വീട്ടുകാർ അനിൽകുമാറിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. വീട്ടിലെത്തി ബന്ധുക്കൾ ശരീരം വൃത്തിയാക്കവെയാണ്​ അനിൽകുമാറി​ൻെറ തല, കഴുത്ത്, മുതുക്, ഇടുപ്പ് എന്നിവയുടെ അടിഭാഗം വ്രണങ്ങളായി മാറിയതും ഇതിൽ പുഴുവരിക്കുന്നതും കണ്ടെത്തിയത്​. ഇരുകൈകളും വളഞ്ഞ് തോളോട് ചേർന്ന അവസ്ഥയിലാണ്​. ശരീരമാകെ ക്ഷീണിച്ച് വാരിയെല്ലുകൾ പുറത്തുകാണാം. വട്ടിയൂർക്കാവിലെ ആരോഗ്യപ്രവർത്തകരെ വിവരം അറിയിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ലെന്ന്​ ബന്ധുക്കൾ പറയുന്നു. സംഭവം പുറത്തറിഞ്ഞതോടെ തിങ്കളാഴ്ച ജില്ല മെഡിക്കൽ ഓഫിസർ വീട്ടുകാരുമായി ബന്ധപ്പെട്ടു. പിന്നീട് കുലശേഖരം കുടുംബാരോഗ്യ കേന്ദ്രത്തിൽനിന്ന്​ ജീവനക്കാരെത്തി മുറിവുകൾ വൃത്തിയാക്കി മരുന്നു​െവച്ചു. തിങ്കളാഴ്ച ഉച്ചയോടെ ഓക്സിജൻ അളവ് ക്രമാതീതമായി കുറഞ്ഞതിനെതുടർന്ന് ഇയാളെ പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമായി തുടരുകയാണ്​. അനിൽകുമാർ അബോധാവസ്ഥയിലാണെന്നും വിദഗ്ധ ചികിത്സക്കായി മറ്റേതെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് ആശുപത്രി അധികൃതർ അനുമതി നൽകുന്നില്ലെന്നും മകൻ അഭിലാഷ് പറഞ്ഞു. അന്വേഷിച്ച്​ റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായും വിദഗ്​ധചികിത്സ ഉറപ്പാക്കുമെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.