വർക്കല കഹാർ ക്വാറൻറീനിൽ

വർക്കല: മുൻ എം.എൽ.എ വർക്കല കഹാർ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. ഇക്കഴിഞ്ഞ ആറിന് നടയറ മുട്ടപ്പലം സ്വദേശിയുടെ മരണത്തിൽ വർക്കല കഹാറും അഡ്വ.വി. ജോയി എം.എൽ.എയും പ്രാദേശിക പൊതുപ്രവർത്തകരുമൊക്കെ സംബന്ധിച്ചിരുന്നു. സംസ്കാരം കഴിഞ്ഞ തൊട്ടടുത്ത ദിവസമാണ് മരിച്ചയാൾ കോവിഡ് പോസിറ്റിവായിരുന്നെന്ന് ആരോഗ്യവകുപ്പ് അധികൃതർ സ്ഥിരീകരിച്ചത്. തൊട്ടടുത്ത ദിവസം തന്നെ ഇയാൾക്ക് ആശുപത്രിയിൽ കൂട്ടിരുന്നയാൾക്കും കോവിഡ് സ്ഥിരീകരിച്ചു. അധികൃതർ ഉടൻ എം.എൽ.എയോടും മുൻ എം.എൽ.എയോടും പ്രാദേശിക പൊതുപ്രവർത്തകരോടുമൊക്കെ സ്വയം നിരീക്ഷണത്തിൽ പോകാൻ അഭ്യർഥിച്ചു. മരണവീട്ടിൽ സംബന്ധിച്ചവരിൽ ബഹുഭൂരിപക്ഷവും ആരോഗ്യപ്രവർത്തകരുടെ ഉപദേശം സ്വീകരിച്ച് ഇപ്പോൾ ഹോം ക്വാറൻറീനിലാണ്. വർക്കല കഹാറും ജോയി എം.എൽ.എയുമൊക്കെ സെക്കൻഡറി കോൺടാക്ടിലാണുള്ളതെന്ന് ആരോഗ്യവകുപ്പ് അധികൃതർ മൂന്നാം ദിവസം അറിയിച്ചു. എങ്കിലും മുൻകരുതലെന്നോണം താൻ വീട്ടിനുള്ളിൽ സ്വയം നിരീക്ഷണത്തിൽ കഴിയുകയാണെന്ന്​ കഹാർ അറിയിച്ചു. ഇടവയിലെ മസ്ജിദുകൾ തുറക്കുന്നു വർക്കല: ഇടവ മുസ്​ലിം ജമാഅത്തി​ന്​ കീഴിലുള്ള മസ്ജിദുകൾ നമസ്കാരത്തിന്​ തുറക്കാൻ തീരുമാനിച്ചു. ആറ്​ പള്ളികളിൽ പൂർണമായും റോഡരികിലുള്ള വെറ്റക്കട, കാപ്പിൽ മസ്ജിദുകൾ ഒഴികെയുള്ള മസ്ജിദുകളുമാണ് കോവിഡ് പ്രോട്ടോകോൾ പ്രകാരം 27 മുതൽ തുറക്കുന്നത്. ജുമാനമസ്കാരം ഒക്ടോബർ രണ്ടിന്​ ആരംഭിക്കും. രണ്ട്​ ജുമാമസ്ജിദിലും നൂറുപേർക്ക് വീതമാണ് പ്രവേശനം. ഇതിന് ടോക്കൺ സമ്പ്രദായം ഏർപ്പെടുത്തും. 60 കഴിഞ്ഞവർക്കും 10ൽ താഴെയുള്ളവർക്കും പ്രവേശനം ഉണ്ടായിരിക്കില്ല. കോവിഡ് പ്രോട്ടോകോൾ പാലിച്ച്​ എല്ലാവരും നമസ്കരിക്കുന്നതിനുള്ള മുസല്ലകൾ കൊണ്ടുവരണം. കോവിഡ് കൂടുതൽ വഷളായാൽ മസ്ജിദുകൾ തുറക്കുന്ന തീയതിയിൽ മാറ്റമുണ്ടാകാനും സാധ്യതയുണ്ട്. ഇത്തരം നിയന്ത്രണങ്ങളുമായി എല്ലാ വിശ്വാസികളും സഹകരിക്കണമെന്ന്​ ജമാഅത്ത് പ്രസിഡൻറ്‌ അഡ്വ. നിയാസ് എ. സലാം, സെക്രട്ടറി നസ്​റുദ്ദീൻ കിഴക്കേതിൽ, മുഖ്യ ഇമാമുമാരായ മുണ്ടക്കയം ഹുസൈൻ മൗലവി, പെരിങ്ങമ്മല ഹുസൈൻ ദാരിമി മൗലവി എന്നിവർ അഭ്യർഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.