മുന്നാക്ക സംവരണം: ഭരണഘടനാ മൂല്യങ്ങൾ സർക്കാർ ബലികഴിച്ചെന്ന്​ സാംസ്​കാരിക പ്രവർത്തകർ

തിരുവനന്തപുരം: പി.എസ്.സി നിയമനങ്ങളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും 10 ശതമാനം മുന്നാക്ക സംവരണം നടപ്പാക്കാൻ തീരുമാനിച്ചതിലൂടെ ഭരണഘടനാ മൂല്യങ്ങളെയും സാമൂഹികനീതിയുടെ താൽപര്യങ്ങളെയും സംസ്ഥാന സർക്കാർ ബലികഴിച്ചെന്ന്​ രാഷ്​ട്രീയ-സാംസ്​കാരിക പ്രവർത്തകർ സംയുക്ത പ്രസ്​താവനയിൽ അഭിപ്രായപ്പെട്ടു. സാമൂഹികവും ചരിത്രപരവുമായ കാരണങ്ങളാൽ പുറന്തള്ളപ്പെടുകയും പ്രാതിനിധ്യം ലഭിക്കാതെ പോകുകയും ചെയ്ത പിന്നാക്ക സമുദായ-ജാതി വിഭാഗങ്ങൾക്കുള്ളതാണ് സംവരണം. ഓപൺ മെറിറ്റ് ക്വാട്ടയിലെ ഉദ്യോഗനിയമനങ്ങൾ ഫലത്തിൽ സംവരണേതര വിഭാഗങ്ങൾക്ക് സംവരണം ചെയ്യപ്പെട്ട രീതിയിലാണ് നടക്കുന്നതെന്ന് വ്യക്തമാക്കുന്ന പഠനങ്ങൾ പുറത്തുവന്നിട്ടുണ്ട്. മുന്നാക്ക-സവർണ സമുദായങ്ങൾക്ക് മാത്രമായി വീണ്ടും 10 ശതമാനം സംവരണം അനുവദിക്കുന്നതിലൂടെ ഈ വിടവും അസന്തുലിതത്വവും പതിന്മടങ്ങ് വർധിക്കും. 10 ശതമാനം എന്ന കണക്ക് ഏത് മാനദണ്ഡത്തി​ൻെറ അടിസ്ഥാനത്തിലാണ് തീരുമാനിച്ചതെന്ന ചോദ്യത്തിന് സർക്കാറിന്​ ഉത്തരമില്ല. മുന്നാക്ക സമുദായ പ്രീണനവും വോട്ട് ബാങ്ക് രാഷ്​ട്രീയവും മാത്രമാണിതി​ൻെറ പിന്നിൽ. മുന്നാക്കസംവരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാറുകൾക്ക് വിവേചനാധികാരം ഉപയോഗിക്കാം. എന്നിട്ടും നിലവിലെ പ്രാതിനിധ്യ പ്രശ്‌നവും അതിലെ വിവേചനങ്ങളും പരിഹരിക്കുന്നതിന്​ പകരം മുന്നാക്ക സംവരണം നടപ്പാക്കുന്ന തീരുമാനത്തെ ശക്തിയുക്തം എതിർക്കുന്നെന്നും പ്രസ്​താവന വ്യക്തമാക്കുന്നു. കെ.കെ. സുരേഷ്, വി.ആർ. ജോഷി, കെ. അംബുജാക്ഷൻ, കുട്ടപ്പൻ ചെട്ടിയാർ, സണ്ണി എം. കപിക്കാട്, ബഹാവുദ്ദീൻ നദ്​വി, മജീദ് ഫൈസി, കെ.കെ. ബാബുരാജ്, ഹമീദ് വാണിയമ്പലം, എം. ഗീതാനന്ദൻ, രമേശ് നെന്മണ്ട, ഷാജി ജോർജ്, എൻ.കെ. അലി, ജുനൈദ് കടയ്ക്കൽ, ടി.കെ. അശ്‌റഫ്, ഒ.പി. രവീന്ദ്രൻ, ഷെറി ജെ. തോമസ്, പൂന്തുറ സിറാജ്, രാമചന്ദ്രൻ മുല്ലശ്ശേരി, ഡോ. സുകുമാരൻ പി.കെ, ഡോ. ജാബിർ അമാനി, വിനീത വിജയൻ, വിനീഷ് സുകുമാരൻ, പ്രേംനാഥ് വയനാട്, ഡോ. അമൽ സി. രാജ്, അഡ്വ. വി.ആർ. അനൂപ്, അനിൽകുമാർ ഒന്നിപ്പ്, കെ. രാജൻ, നഹാസ് മാള, വിനിൽ പോൾ, ജസ്​റ്റിൻ കരിപ്പാട്ട്, പി.എ. കുട്ടപ്പൻ, ജബീന ഇർഷാദ്, ഷംസീർ ഇബ്രാഹിം, റസാഖ് പാലേരി എന്നിവരാണ്​ പ്രസ്താവനയിൽ ഒപ്പുവെച്ചിട്ടുള്ളത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.