അപകടങ്ങള്‍ ക്ഷണിച്ചുവരുത്തി വാഹനങ്ങളുടെ മത്സരയോട്ടം

പാറശ്ശാല: അപകടങ്ങള്‍ ക്ഷണിച്ചുവരുത്തിയുള്ള വാഹനങ്ങളുടെ മത്സരയോട്ടങ്ങള്‍ക്ക് അറുതിയില്ല. ഇത്തരക്കാരെ തടയുന്നതില്‍ പൊലീസ് കൈയൊഴിയുന്ന സാഹചര്യവുമാണ് നിലവില്‍. കാതടപ്പിക്കുന്ന ഹോണ്‍ മുഴക്കി മത്സരയോട്ടം നടത്തുന്ന അന്യസംസ്ഥാന വാഹനങ്ങള്‍ക്കും ഇരമ്പിയാര്‍ത്തെത്തുന്ന ഇരുചക്ര വാഹനങ്ങള്‍ക്കും വേഗം ലഹരിയാക്കിമാറ്റുന്ന മറ്റ് വാഹനങ്ങള്‍ക്കുമിടയിലൂടെയാണ് സാധാരണക്കാരായ ജനങ്ങള്‍ ജീവന്‍ ഭയന്ന് യാത്ര ചെയ്യുന്നത്. കൊറോണക്കാലമായതിനാല്‍ ഇത്തരക്കാരെ നിയന്ത്രിക്കുന്നതില്‍നിന്ന്​ അധികൃതര്‍ മാറിനില്‍ക്കുന്നു എന്ന ആക്ഷേപവും ഉയരുകയാണ്. അതിരാവിലെ മുതല്‍ തമിഴ്‌നാട്ടില്‍ നിന്നുമെത്തുന്ന മീന്‍ വാഹനങ്ങളുടെ അമിതവേഗതയില്‍ രോഗഭീതിയും പടര്‍ത്തുകയാണ്. അഴുകിയതും രാസവസ്തുക്കള്‍ ഉപയോഗിച്ചതുമായ മത്സ്യങ്ങളുെട മലിനജലം പുറകില്‍ നിന്നും വരുന്ന യാത്രക്കാരുടെ ശരീരത്തിലാണ് എത്തുന്നത്. ഇത്തരക്കാരെ നിയന്ത്രിക്കുന്നതിന് ഇ​ൻറര്‍സെപ്റ്റര്‍ വാഹനം ഉണ്ടെങ്കിലും ഹൈവേകളില്‍ കാണുന്നതും കുറവാണ്. അതിര്‍ത്തിയായ പാറശ്ശാല ഇഞ്ചിവിള കഴിഞ്ഞാല്‍ പിന്നെ അമിതവേഗത്തില്‍ പായുകയാണ് വാഹനങ്ങള്‍. പാറശ്ശാല മുതല്‍ പാതയോരങ്ങളില്‍ നിരീക്ഷണ കാമറകളുണ്ടെങ്കിലും പലതും നിശ്ചലാവസ്ഥയാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.