പഞ്ചായത്തംഗം മർദിച്ചതായി പരാതി

(ചിത്രം) അഞ്ചൽ: ബന്ധുക്കൾ തമ്മിലുള്ള തർക്കം പറഞ്ഞുതീർക്കാനെത്തിയ പഞ്ചായത്തംഗവും മകനും ചേർന്ന് പട്ടികജാതിക്കാരനായ ഗൃഹനാഥനെ മർദിച്ചതായി പരാതി. ഇടമുളയ്ക്കൽ പഞ്ചായത്തിലെ പൊടിയാട്ടുവിള വാർഡ് മെംബറും സി.പി.ഐ ജില്ല കമ്മിറ്റിയംഗവുമായ കെ.സി. ജോസിനെതി​െരയാണ് പരാതി. പൊടിയാട്ടുവിള കുരുവിക്കുന്ന് കോളനിയിൽ സന്തോഷ് ഭവനിൽ ജി. തമ്പി (50)യാണ് അഞ്ചൽ പൊലീസിൽ പരാതി നൽകിയത്. തമ്പിയുടെ തലയ്ക്കാണ് മുറിവേറ്റത്. വസ്തു തർക്കം പറഞ്ഞുതീർക്കാനെത്തിയ മെംബറും അദ്ദേഹത്തി​ൻെറ മകനും ചേർന്ന് മർദിക്കുകയും ജാതിപ്പേര് വിളിച്ച് അപമാനിക്കുകയും ചെയ്തുവെന്നാണ് പരാതി. തമ്പിയുടെ ബന്ധുക്കൾ രാത്രിയിൽ വീട്ടിലെത്തി പരാതിപ്പെട്ടപ്പോൾ താനും മകനും കൂടി തമ്പിയുടെ വീട്ടിലെത്തി തർക്കം പറഞ്ഞു തീർക്കാൻ ശ്രമിക്കുകയാണുണ്ടായതെന്നും മർദിച്ചില്ലെന്നും പരാതി രാഷ്​ട്രീയപ്രേരിതമാണെന്നും കെ.സി. ജോസ് പറഞ്ഞു. അഞ്ചൽ പൊലീസ് കേസെടുത്തു. കേരള കർഷകസംഘം ധർണ അഞ്ചൽ: കേരള കർഷകസംഘം ആയൂർ മേഖലാ കമ്മിറ്റി നടത്തിയ ധർണ അഞ്ചൽ എരിയ കമ്മിറ്റി അംഗം എസ്.എസ്. ബിനു ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി ജി. അനേഴ്സ് അധ്യക്ഷത വഹിച്ചു. ബി. മുരളി, സദാനന്ദൻ പിള്ള എന്നിവർ പങ്കെടുത്തു. വെള്ളപ്പൊക്ക ഭീഷണിയിൽ കുടുംബങ്ങൾ കുന്നിക്കോട്: മഴ ശക്തമായതോടെ വെള്ളപ്പൊക്ക ഭീഷണിയിലാണ് വിളക്കുടി പഞ്ചായത്തിലെ പതിനഞ്ചോളം കുടുംബങ്ങൾ. വിളക്കുടി ആവണീശ്വരം മൂന്നാം വാർഡിൽ കുളപ്പുറം ഏലായിലും തോട്ടിലും വെള്ളം ഉയർന്നത് പ്രദേശവാസികളെ ഭീതിയിലാക്കുന്നു. വർഷങ്ങളായി എല്ലാ മഴക്കാലത്തും പ്രദേശത്തെ വീടുകളിൽ വെള്ളം കയറാറുണ്ട്. ഇത്തവണ വീട്ടുപകരണങ്ങളും ഫര്‍ണിച്ചറുകളും ആളുകള്‍ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. കഴിഞ്ഞ വർഷങ്ങളിലെ വെള്ളപ്പൊക്കത്തിൽ വീടുകളിൽ നിന്ന് ബന്ധുവീടുകളിലേക്കും ദുരിതാശ്വാസക്യാമ്പുകളിലേക്കും ഇവരെ മാറ്റിയിരുന്നു. ജലനിരപ്പ് ഉയര്‍ന്നാല്‍ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. താഴ്ന്ന പ്രദേശങ്ങള്‍ മിക്കതും വെള്ളത്തിനടിയിലായതോടെ കാർഷിക വിളകൾക്കും നാശം സംഭവിച്ചിട്ടുണ്ട്​. ഏലായ്ക്ക് സമീപമായുള്ള മീൻവളർത്തൽ കേന്ദ്രത്തിലും വെള്ളം കയറി നാശനഷ്​ടമുണ്ടായി. വെള്ളം ഒഴുകുന്നതിന് ആവശ്യമായ ഓടകള്‍ നിർമിക്കണമെന്നും നാട്ടുകാർ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.