ഡയാലിസിസ് യൂനിറ്റിലേക്ക് ആവശ്യമായ ജലം എത്തിക്കുന്നതിനായി പദ്ധതി

(ചിത്രം) കടയ്ക്കൽ: താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂനിറ്റിലേക്ക് ആവശ്യമായ ജലം എത്തിക്കുന്നതിനായി പുതിയ പദ്ധതി. കടയ്ക്കൽ ടൗണിന് സമീപമുള്ള മറുപുറം കുളത്തിനോടനുബന്ധിച്ചാണ് പദ്ധതി തയാറാക്കുന്നത്. മറുപുറം കുളം - താലൂക്ക് ആശുപത്രി ജലവിതരണ പദ്ധതി എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതിക്ക് മുല്ലക്കര രത്നാകരൻ എം.എൽ.എയുടെ ആസ്തിവികസനഫണ്ടിൽ നിന്നും 38.50 ലക്ഷം രൂപചെലവഴിക്കും. ജല അതോറിറ്റി മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായുള്ള ടെൻഡർ നടപടികളായി. ഒരു മാസത്തിനുള്ളിൽ നിർമാണ പ്രവർത്തനം തുടങ്ങും. മറുപുറം ഏലായിലെ കുളം നവീകരിച്ച് പമ്പ് ഹൗസ് സ്ഥാപിക്കും. അര കിലോമീറ്റർ ജലവിതരണക്കുഴൽ സ്ഥാപിച്ച് അറഫ ആശുപത്രി ജങ്​ഷനിൽ മെയിൻ റോഡ് മുറിച്ച് താലൂക്ക് ആശുപത്രിയിൽ ജലം എത്തിക്കാനാണ് പദ്ധതി. പദ്ധതി പൂർത്തിയായി കൂടുതൽ ശുദ്ധജലം ലഭ്യമാകുന്നതോടെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ നിലവിലുള്ളതി​ൻെറ ഇരട്ടി രോഗികൾക്ക് ഡയാലിസിസ് ചെയ്യാൻ കഴിയും. ജല അതോറിറ്റിയിൽനിന്നും ലഭിക്കുന്ന വെള്ളമാണ് ഇപ്പോൾ ഡയാലിസിസ് യൂണിറ്റിലേക്ക്​ ഉപയോഗിക്കുന്നത്. ഒരു ഷിഫ്റ്റ് മാത്രമാണ് ഡയാലിസിസ് യൂനിറ്റിൽ പ്രവർത്തിക്കുന്നത്. ദിവസവും 10 പേർക്ക് വീതമാണ് നിലവിൽ ഡയാലിസിസ് ചെയ്യുന്നത്. പുതിയ പദ്ധതി നടപ്പാക്കുന്നതോടെ 25 രോഗികൾക്ക് ഇവിടെ ഡയാലിസിസ് ചെയ്യാൻ കഴിയും. ഒരു രോഗിക്ക് ഒരു പ്രാവശ്യം ഡയാലിസിസ് ചെയ്യാനായി 300 ലിറ്റർ വെള്ളമാണ് വേണ്ടത്. ജലലഭ്യത ഉറപ്പായാൽ ദിവസവും രണ്ടോ മൂന്നോ ഷിഫ്റ്റ് പ്രവർത്തിപ്പിക്കാനാവും. അങ്ങനെ 30 പേർക്ക് വരെ ദിവസേന ഡയാലിസിസ് ചെയ്യാനാവും. പദ്ധതി വേഗത്തിൽ നടപ്പാക്കാനായാൽ മേഖലയിലെ നിരവധി ഡയാലിസിസ് രോഗികൾക്ക് സഹായകമാവും. മധുരമല പാറ റവന്യൂ അധികൃതര്‍ സന്ദര്‍ശിച്ചു പത്തനാപുരം: പട്ടാഴി പഞ്ചായത്തിലെ മധുരമല പാറയില്‍ റവന്യൂ അധികൃതര്‍ സന്ദര്‍ശനം നടത്തി. ശക്തമായ മഴയില്‍ ഖനനമേഖലയുടെ വശങ്ങളിലുള്ള മൺകൂനകൾ ഇടിഞ്ഞ്​ ഇറങ്ങിയിരുന്നു. പാറകളിൽ നിന്ന് വെള്ളവും ക്രമാതീതമായി മണ്ണും ചേർന്നാണ് താഴേക്ക് ഒലിച്ചിറങ്ങിയിരുന്നത്. ഇതിൻെറ അടിസ്ഥാനത്തിലാണ് പത്തനാപുരം തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള സംഘം ക്വാറി സന്ദര്‍ശിച്ചത്. പാറ തെളിയ്ക്കാനായി എടുത്ത മണ്ണാണ് ചുറ്റും കൂട്ടിയിട്ടിരിക്കുന്നത്. ഇത് പാറയ്ക്കുള്ളിലെ കുഴികള്‍ നികത്താനായി ഉപയോഗിക്കും. നിലവില്‍ ജനജീവിതത്തിന് ബുദ്ധിമുട്ടുകള്‍ ഉണ്ടാകില്ലെന്ന് റവന്യൂസംഘം പറഞ്ഞു. ഭൂമിക്ക് ഉള്ളിലേക്ക് കുഴിച്ച് പാറപൊട്ടിക്കുന്നതിനാല്‍ ഈ കുഴികളിൽ ജലവും തങ്ങി നില്‍ക്കുന്നുണ്ട്. ഈ വെള്ളം ഒഴുക്കി കളയാനുള്ള നടപടി സ്വീകരിക്കും. മധുരമല പാറക്വാറിക്കെതിരെ ശക്തമായ പ്രതിഷേധങ്ങളാണ് നിലവില്‍ ഉള്ളത്. ഡെപ്യൂട്ടി കലക്ടറുടെ നിർദേശത്തെ തുടര്‍ന്നായിരുന്നു പരിശോധന. പത്തനാപുരം തഹസില്‍ദാര്‍ നെസിയ, ഡെപ്യൂട്ടി തഹസില്‍ദാര്‍, പട്ടാഴി വില്ലേജ് ഓഫിസര്‍ ഷാഹുല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഖനനമേഖലയില്‍ സന്ദര്‍ശനം നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.