മഴയും കാറ്റും ശക്തം; നിരവധി വീടുകളിൽ വെള്ളം കയറി

(ചിത്രം) കരുനാഗപ്പള്ളി: തീരമേഖലയാകെ നാശം വിതച്ച് മഴ തുടരുന്നു. ക്ലാപ്പന, കുലശേഖരപുരം, തഴവ, തൊടിയൂർ പഞ്ചായത്തുകളിലെയും കരുനാഗപ്പള്ളി നഗരസഭയുടെ തീരഭാഗങ്ങളിലെയും നിരവധി വീടുകളിൽ വെള്ളം കയറി ഒറ്റപ്പെട്ടു. വെള്ളക്കെട്ടിൽ ജീവിതം ദുരിതപൂർണമായി. റോഡുകളിലുൾപ്പടെ വെള്ളംകെട്ടിനിന്നത്​ സന്നദ്ധ പ്രവർത്തകരും റവന്യൂ അധികൃതരുമെത്തി മുറിച്ചു വിട്ടു. നഗരസഭപരിധിയിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കെന്നഡി മെമ്മോറിയൽ സ്കൂളിൽ തുടങ്ങിയ ക്യാമ്പിൽ 104 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഇന്നലെയാണ്​ മഴക്ക് അൽപം ശമനം വന്നത്. വെള്ളം ഇറങ്ങിയതിനാൽ ഇതിൽ 64 പേർ വീടുകളിലേക്ക് തിരിച്ചുപോയി. 50 പേരാണ് ഇവിടെ ക്യാമ്പിലുള്ളത്. ഡെപ്യൂട്ടി കലക്ടർ ബിനാറാണി ക്യാമ്പ്​ സന്ദർശിച്ചു. കേശവപുരത്ത് പള്ളിക്കലാറി​ൻെറ കൈത്തോടായ തഴത്തോട് കരകവിഞ്ഞതോടെയാണ് പ്രദേശങ്ങളിലെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചത്. മാർക്കറ്റിന് കിഴക്ക് ഭാഗം ലോർഡ്സ് സ്കൂളിന് സമീപത്തെ പള്ളിക്കലാറി​ൻെറ കൈത്തോട് കരകവിഞ്ഞൊഴുകിയതോടെ വീടുകൾ വെള്ളക്കെട്ടിലായി. ഇവിടെയുള്ള 19 കുടുംബങ്ങളെ തേവർകാവ് വിദ്യാധിരാജ കോളജിൽ തുടങ്ങിയ ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചു. ക്യാമ്പുകളിൽ ആവശ്യമായ സൗകര്യങ്ങൾ തഹസിൽദാറുടെ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ട്. തൊടിയൂരിൽ വീടുകളിൽ വെള്ളം കയറിയതോടെ ആറ്​ കുടുംബങ്ങളെ ബന്ധുവിടുകളിലേക്കു് മാറ്റി. തഴവയിലെ 11ാം വാർഡിലെ കടമ്പാട്ട്, ചോദിവിള കോളനികളിൽ വീടുകൾ പൂർണമായും വെള്ളത്തിലായി. മണപ്പള്ളിതെക്ക് രതീഷ് ഭവനത്തിൽ രമ്യയുടെ വീട്ടിലെ കിണർ ശക്തമായ മഴയിൽ ഇടിഞ്ഞുതാണു. മഴ ശക്തമായതോടെ കടൽക്ഷോഭം രൂക്ഷമായ ആലപ്പാട്ടെ ആശങ്കകൾക്കും കുറവില്ല. പണിക്കർകടവ് ഭാഗത്ത് കടലാക്രമണത്തെ ചെറുക്കാൻ ജിയോ ബാഗുകൾ അടുക്കുന്ന ജോലികൾ നടന്നുവരുകയാണ്. ചെറിയഴീക്കലിൽ കടൽകയറ്റം രൂക്ഷമായതോടെ നാട്ടുകാർ പ്രതിഷേധവുമായിറങ്ങിയത് പണിക്കർകടവിലെ രക്ഷാപ്രവർത്തനത്തെ ബാധിച്ചു. അഴീക്കൽ നിന്നും മണലുമായെത്തുന്ന ലോറികൾ നാട്ടുകാർ തടഞ്ഞിടുകയായിരുന്നു. ചെറിയഴീക്കലിലും ഉടൻതന്നെ ജിയോ ബാഗുകൾ അടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ആർ. രാമചന്ദ്രൻ എം.എൽ.എ പ്രതിഷേധക്കാരുമായി ചർച്ച നടത്തി. താഴ്ന്നപ്രദേശങ്ങൾ മിക്കതും വെള്ളക്കെട്ടിലായതോടെ റവന്യൂ പഞ്ചായത്ത് അധികൃതർ വെള്ളം വെട്ടിവിടാനുള്ള നടപടികൾ സ്വീകരിച്ചിരുന്നു. പ്രതിഷേധ യോഗം (ചിത്രം) കരുനാഗപ്പള്ളി: കേരള ഫീഡ്‌സിലെ തൊഴിലാളികളുടെ വേതനം ഏകപക്ഷീയമായി പിടിച്ചെടുത്ത മാനേജ്‌മൻെറിൻെറ ഏകാധിപത്യ നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കമ്പനിപ്പടിക്കല്‍ സംയുക്ത ട്രേഡ് യൂനിയന്‍ നടത്തിയ പ്രതിഷേധയോഗം യൂനിയന്‍ പ്രസിഡൻറ് തൊടിയൂര്‍ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജയകൃഷ്ണപിള്ള, രാജന്‍പിള്ള, എ.എ. അസീസ്, എം.എസ്. ഷൗക്കത്ത്, റെജി പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.