ബലിപ്പെരുന്നാളിന് പുത്തന്‍ മാതൃകകളായി ഗ്രാമജീവിതം

കുളത്തൂപ്പുഴ: കോവിഡ് മഹാമാരിയുടെ ഭീതിയില്‍ നാട്​ വിറങ്ങലിച്ച് നില്‍ക്കുമ്പോൾ എത്തുന്ന ബലിപ്പെരുന്നാളിന് പരസ്പര സഹകരണത്തി​ൻെറ പുത്തന്‍ മാതൃകകളാണ് ഗ്രാമാന്തരങ്ങളില്‍ വിടരുന്നത്. ഇബ്രാഹിം നബിയുടെ ത്യാഗസന്നദ്ധതയെ സ്മരിക്കുന്ന സമയത്ത് സ്വന്തം സുരക്ഷിതത്വംപോലും മറന്ന് അയല്‍ക്കാരനെ സഹായിക്കാന്‍ ഗ്രാമീണ ജനത കാട്ടുന്ന മാനസിക വിശാലത എവിടെയും നിഴലിക്കുന്നു. കിഴക്കന്‍ മലയോര മേഖലയിലെ ഗ്രാമപ്രദേശങ്ങളില്‍ യുവജനങ്ങളില്‍ കോവിഡ് കാലം വരുത്തിയ മാറ്റം അതാണ്. രോഗഭീതിക്ക് മുന്നില്‍ പകച്ചുനില്‍ക്കുന്നവർക്ക്​ സഹായമായി സേവന സജ്ജരായ യുവജനങ്ങള്‍. ആവശ്യമായ ആഹാര സാധനങ്ങളും പച്ചക്കറികളും എത്തിച്ചു നല്‍കുന്നതിനുപുറമെ വയോജനങ്ങള്‍ക്കാവശ്യമായ മരുന്നും ഗുളികകളും ആശുപത്രികളിലെത്തിയും മെഡിക്കല്‍ സ്​റ്റോറുകളില്‍നിന്നും സ്വന്തം സുരക്ഷിതത്വംപോലും മറന്ന് വാങ്ങി എത്തിച്ചുനല്‍കാന്‍ തയാറാവുന്ന ചെറുപ്പക്കാര്‍. അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറു നിറച്ചുണ്ണുന്നവന്‍ നമ്മളില്‍പെട്ടവനല്ലെന്ന നബിവചനം അന്വര്‍ഥമാക്കുകയാണ് ഗ്രാമങ്ങള്‍. ചക്കയും മാങ്ങയും കാര്‍ഷികവിളകളും അയല്‍വാസിക്കുകൂടി പങ്കുവെച്ച് കഴിക്കുന്ന കാഴ്ച ഗ്രാമങ്ങളില്‍ സാധാരണമാണ്. മത്സ്യം മാര്‍ക്കറ്റുകളില്‍ കിട്ടാതെ വന്നതോടെ വേലിക്കെട്ടുകളും മതിലുകളും മറികടന്ന് അയല്‍ വീട്ടിലെ വീട്ടമ്മയോട് ഇന്നെന്താണ് കറിവെക്കുന്നതെന്ന് അന്വേഷിക്കുന്ന അടുപ്പമുള്ള അയല്‍ക്കാർ. പുത്തന്‍വസ്ത്രങ്ങളും ഈദ്ഗാഹും ഇല്ലെങ്കിലും പരസ്പര സ്നേഹത്തി​ൻെറയും സൗഹാർദത്തി​ൻെറയും ഇഴകളടുക്കി ബലിപ്പെരുന്നാളിനെ വരവേല്‍ക്കാനൊരുങ്ങുകയാണ് മലയോരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.