കോവിഡ്: സമ്പർക്ക രോഗഭീതിയിൽ ജില്ല

കൊല്ലം: ജില്ലയിൽ സമൂഹവ്യാപന ആശങ്ക ശക്തമാക്കി സമ്പർക്ക രോഗപ്പകർച്ച കേസുകൾ. തിങ്കളാഴ്ച രണ്ട് മത്സ്യവില്‍പനക്കാര്‍ ഉൾപ്പെടെ 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മത്സ്യത്തൊഴിലാളികൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മത്സ്യബന്ധന ഹാർബറുകൾ അടക്കാൻ കലക്ടർ ഉത്തരവിട്ടു. കോവിഡ് സ്ഥിരീകരിച്ച ഏഴുപേര്‍ വിദേശത്ത് നിന്നും രണ്ടുപേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും രണ്ടുപേര്‍ നാട്ടുകാരുമാണ്. ശാസ്താംകോട്ട പല്ലിശേരിക്കല്‍ സ്വദേശി (52), പന്മന പുത്തന്‍ചന്ത സ്വദേശി (36) എന്നിവരാണ് മത്സ്യവിൽപനക്കാര്‍. ഇവര്‍ രണ്ടുപേരും വിവിധ സ്ഥലങ്ങളില്‍ നിന്ന് മത്സ്യമെടുത്ത് വിൽപന നടത്തിവരുകയായിരുന്നു. രോഗലക്ഷണങ്ങളെ തുടര്‍ന്ന് സ്രവപരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ജൂണ്‍ 17ന് മുംബൈയില്‍ നിന്നും എത്തിയ ചിതറ സ്വദേശി(21), ജൂണ്‍ 25ന് യമനില്‍ നിന്നും എത്തിയ പത്തനാപുരം സ്വദേശിനി(30), ജൂണ്‍ 26ന് ഖത്തറില്‍ നിന്നും എത്തിയ തെന്മല ഉറുകുന്ന് സ്വദേശി(40), ജൂണ്‍ 30ന് സൗദിയില്‍ നിന്നും എത്തിയ പുത്തൂര്‍ സ്വദേശി (41), ജൂലൈ ഒന്നിന് ബാംഗളൂരുവില്‍ നിന്നും എത്തിയ മരുത്തടി സ്വദേശി(24), ജൂണ്‍ 28 ന് ദു​ൈബയില്‍ നിന്നും എത്തിയ തൊടിയൂര്‍ ഇടക്കുളങ്ങര സ്വദേശി(36), ജൂലൈ അഞ്ചിന് സൗദിയില്‍ നിന്നും എത്തിയ ശാസ്താംകോട്ട സ്വദേശി(63), ജൂലൈ അഞ്ചിന് മസ്‌കത്തില്‍നിന്നും എത്തിയ കടവൂര്‍ മതിലില്‍ സ്വദേശി(47), യു.എ.ഇയില്‍ നിന്നും എത്തിയ കരുനാഗപ്പള്ളി ആദിനാട് സ്വദേശിനി(52) എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മത്സ്യ വിൽപനക്കാരനായ ശാസ്താംകോട്ട പല്ലിശേരിക്കല്‍ സ്വദേശി ആഞ്ഞിലിമൂട് ചന്തയിലെ മീന്‍ കച്ചവടക്കാരനാണ്. മീന്‍ എടുക്കുന്നതിന് കായംകുളം കരുവാറ്റ, അഴീക്കല്‍ എന്നിവിടങ്ങളില്‍ സ്ഥിരമായി പോകാറുണ്ട്. പനിയെ തുടര്‍ന്ന് ശാസ്താംകോട്ട നവഭാരത് ആശുപത്രിയില്‍ ജൂണ്‍ 27 നും ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ ജൂലൈ നാലിനും ചികിത്സ തേടിയിരുന്നു. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ വച്ച് ശേഖരിച്ച സ്രവമാണ് രോഗം സ്ഥിരീകരിച്ചത്. പന്മന സ്വദേശി ചേനങ്കര അരിനല്ലൂര്‍ കല്ലുംപുറത്താണ് മത്സ്യകച്ചവടം നടത്തിയിരുന്നത്. കായംകുളം, നീണ്ടകര, ആയിരംതെങ്ങ്, പുതിയകാവ്, ഇടപ്പള്ളികോട്ട എന്നിവിടങ്ങളില്‍ മത്സ്യവുമായി സഞ്ചരിച്ചിട്ടുണ്ട്. പനിയെ തുടര്‍ന്ന് ജൂണ്‍ 28 ന് മോളി ആശുപത്രി, ചവറ താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ ചികിത്സ തേടിയിട്ടുണ്ട്. ചവറയില്‍ ശേഖരിച്ച സ്രവമാണ് രോഗം സ്ഥിരീകരിച്ചത്. ഹാർബറുകളിൽ തിരക്ക് നിയന്ത്രിക്കാൻ ഏർപ്പെടുത്തിയ നടപടികൾ ഫലപ്രദമാകാത്തതിനെതുടർന്ന് ഫിഷറീസ് ഡി.ഡി നൽകിയ റിപ്പോർട്ടിൻെറ അടിസ്ഥാനത്തിലാണ് ഹാർബറുകൾ അടക്കാൻ കലക്ടർ ഉത്തരവിട്ടത്. ജില്ലയിൽ ഒരാഴ്ചക്കിടെ അഞ്ച് പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്. 10 പേര്‍ രോഗമുക്തി നേടി കൊല്ലം: ജില്ലയില്‍ തിങ്കളാഴ്ച 10 പേര്‍ രോഗമുക്തി നേടി. ഉളിയക്കോവില്‍ സ്വദേശി(52), കരിക്കോട് സ്വദേശി(24), കല്ലുംതാഴം സ്വദേശിനി(6), തലവൂര്‍ കുര സ്വദേശി(26), മേലില ചക്കുവരയ്ക്കല്‍ സ്വദേശി(32), ഓച്ചിറ സ്വദേശി(54), അരിനല്ലൂര്‍ സ്വദേശിനി(22), പന്മന പുത്തന്‍ചന്ത സ്വദേശിനി(28), ഇളമാട് സ്വദേശി(58), കരുനാഗപ്പള്ളി പട നോര്‍ത്ത് സ്വദേശി(62) എന്നിവരാണ് കോവിഡ് രോഗമുക്തരായി ആശുപത്രി വിട്ടത്. -------------------------------------------

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.