താളപ്പിഴകൾ ഇക്കോ ടൂറിസത്തെ മുരടിപ്പിക്കുന്നു

പുനലൂർ: തെന്മലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ നിയന്ത്രണം തലസ്ഥാനത്തായതോടെ പദ്ധതിയുടെ താളം തെറ്റുന്നു. ഏഷ്യയിലെ ആദ്യത്തെ ആസൂത്രിത ഇക്കോ ടൂറിസം പദ്ധതിയായ തെന്മല ഇക്കോ ടൂറിസത്തിൻെറ ഹെഡ് ഓഫിസ് െതന്മലയിൽ സ്ഥാപിക്കേണ്ടതിന് പകരം തിരുവനന്തപുരത്താക്കിയത് പദ്ധതിയെ പ്രതികൂലമായി ബാധിക്കുന്നു. ചില ഉദ്യോഗസ്ഥരുടെ സൗകര്യം കണക്കിലെടുത്താണ് ഈ പരിഷ്കാരം. ഇതുമൂലം വൻതുകയാണ് ഓരോ വർഷവും പാഴാകുന്നത്. 20 വർഷം മുമ്പാണ് പദ്ധതി ആരംഭിച്ചത്. ശേഷം സംസ്ഥാനത്ത് ആരംഭിച്ച ഇക്കോ ടൂറിസം പദ്ധതികളിൽനിന്ന്​ വർഷവും കോടികളുടെ വരുമാനവും ഒപ്പം തദ്ദേശീയ വികസനവുമാണ് ഉണ്ടായത്. പദ്ധതിയുടെ ഭരണനിർവഹണത്തിൽ തെന്മല കേന്ദ്രീകരിക്കാതെ 72 കിലോമീറ്റർ അകലെയായത് ഇവിടത്തെ ഇക്കോ ടൂറിസത്തിന് കാര്യമായ പുരോഗതി കൈവരിക്കാനാകുന്നില്ല. തെന്മല പദ്ധതിക്ക് മൂന്ന് കിലോമീറ്റർ ചുറ്റളവിലുള്ള വിഭവങ്ങളുണ്ട്. ലോക്ഡൗൺ കാരണം ചെലവ് ചുരുക്കാൻ പേരിൽ തെന്മലയിലെ ആറ്​ താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. എന്നാൽ, വാടകയടക്കം മാസം പത്ത് ലക്ഷത്തിലധികം രൂപയാണ് തലസ്ഥാനത്ത് ഹെഡ് ഓഫിസ് പ്രവർത്തിക്കുന്നതുമൂലം അധികമായി ചെലവ്. താൽക്കാലികമായി ജീവനക്കാരെ കയറ്റി ഭാവിയിൽ ടൂറിസം വകുപ്പിലെ സ്ഥിരം ജീവനക്കാരാക്കുന്നതിനുള്ള വേദിയായാണ് തെന്മല പദ്ധതിയെ രാഷ്​ട്രീയപാർട്ടികൾ ഉപയോഗിക്കുന്നത്. കൂടുതൽ സഞ്ചാരികളെത്തുന്നതിനുള്ള യാതൊരു പ്രചാരണ പ്രവർത്തനങ്ങളും നടത്തുന്നില്ല. ശുദ്ധമായ പ്രാണവായു ശ്വസിച്ച് ഒന്നോ രണ്ടോ ദിവസം ചെലവഴിക്കാവുന്ന ഏഷ്യയിലെതന്നെ ഏറ്റവും ശാസ്ത്രീയമായി കണ്ടെത്തിയ സ്ഥലമാണ് ഇവിടം. വനം മന്ത്രിയുടെ മണ്ഡലം എന്നനിലയിൽ ടൂറിസം മന്ത്രിയുമായി ചേർന്ന് ചർച്ച നടത്തിയാൽ ഇക്കോ ടൂറിസത്തിൽ ഒട്ടേറേ മാറ്റങ്ങൾ ഉണ്ടാക്കാനാകും. തെന്മല ഡാമും സമീപത്തുള്ളതിനാൽ കൂടുതൽ വികസനസാധ്യതകളാണുള്ളത്. നിലവിൽ തെക്കൻ തമിഴ്നാട്ടിലെ മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളും ടൂർ പാക്കേജിൽ തെന്മലയെ ഉൾപ്പെടുത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.