വനിത കമീഷന്‍ ആക്ട്​ ഭേദഗതി: കരട് ബില്ല് സര്‍ക്കാറിന് സമര്‍പ്പിച്ചു

തിരുവനന്തപുരം: വനിത കമീഷന്‍ ആക്ട്​ ഭേദഗതി സംബന്ധിച്ച കരട് ബില്ല് കേരള വനിത കമീഷന്‍ സംസ്ഥാന സര്‍ക്കാറിന് സമര്‍പ്പിച്ചു. ഡ്രാഫ്റ്റിങ് കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന് കമീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി കൈമാറി. മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ കമീഷന്‍ അംഗങ്ങളായ ഇ.എം. രാധ, അഡ്വ.എം.എസ്. താര, അഡ്വ. ഷിജി ശിവജി, ഷാഹിദാ കമാല്‍ എന്നിവര്‍ സംബന്ധിച്ചു. മൂന്ന് പതിറ്റാണ്ട് മുമ്പത്തെ സാമൂഹിക സാഹചര്യത്തില്‍ നിര്‍മിക്കപ്പെട്ട വനിത കമീഷന്‍ ആക്ട്​ കാലോചിതമായി ഭേദഗതി ചെയ്യേണ്ടതുണ്ടെന്ന്​ ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് ഇത്​ ഭേദഗതി ചെയ്യുന്നതിന് മുന്‍കൈയെടുക്കുന്നതെന്ന് അഡ്വ. പി. സതീദേവി പറഞ്ഞു. പുതിയ സാഹചര്യത്തിൽ സ്ത്രീകളെ സംബന്ധിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവും വിധം ആക്ട്​ പരിഷ്‌കരിക്കേണ്ടതുണ്ട്. കമീഷന്‍റെ ഇടപെടല്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്​ വിവിധ വകുപ്പുകളുടെ സേവനം ലഭ്യമാക്കി ഇടപെടല്‍ നടത്താന്‍ കഴിയുന്നവിധമാണ്​ കമീഷന്‍ കരട് ഭേദഗതി നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുള്ളത്. അഡ്വക്കറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണക്കുറുപ്പ്, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് ടി.എ. ഷാജി, മുന്‍ നിയമ സെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ്, കമീഷന്‍റെ പ്രഥമ ഡയറക്ടര്‍ ഡോ. അലക്‌സാണ്ടര്‍ ജേക്കബ്, കമീഷന്‍ അധ്യക്ഷ അഡ്വ.പി. സതീദേവി, അംഗങ്ങളായ ഇ.എം.രാധ, അഡ്വ.എം.എസ്.താര, അഡ്വ.ഷിജി ശിവജി, ഷാഹിദാ കമാല്‍, സുപ്രീംകോടതി അഭിഭാഷകനായ പി.വി. ദിനേശ്, ഹൈകോടതി സ്റ്റാന്‍ഡിങ് കൗണ്‍സല്‍ എ. പാര്‍വതി മേനോന്‍, മുന്‍ മെംബര്‍ സെക്രട്ടറി പി. ഉഷാറാണി, മുന്‍ ലോ ഓഫിസര്‍ പി. ഗിരിജ എന്നിവരടങ്ങിയ സമിതി നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയാണ്​ കരട് ഭേദഗതി ബില്ല് തയാറാക്കിയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.