ശൊ...! വല്ലാത്തൊരു ബസ് കയറ്റം

വടക്കഞ്ചേരി: വാളയാർ-വടക്കഞ്ചേരി നാലുവരി ദേശീയപാതയിൽ അഞ്ചുമൂർത്തിമംഗലം ആലിൻചുവട് സ്റ്റോപ്പിൽ ബസ് യാത്രക്കാരുടെ കാത്തുനിൽപ്പ് ഡിവൈഡറിൽ. വാഹനങ്ങൾ വേഗത്തിൽ പായുന്ന നാലുവരിപ്പാതയ്ക്കും സർവിസ് റോഡിനും ഇടയിലുള്ള ഡിവൈഡറിലെ നിൽപ്പ് അപകടം പിടിച്ചതാണെങ്കിലും യാത്രക്കാർക്ക് മറ്റു വഴികളില്ല. ബസ് കിട്ടാൻ ഇവിടെത്തന്നെ നിന്നേ മതിയാകൂ. വീതി കുറഞ്ഞ ഡിവൈഡറിൽ നിൽക്കാൻ അഭ്യാസവും അറിയണം. അടിയൊന്നു തെറ്റിയാൽ റോഡിലെത്തി അപകടത്തിന് കാരണമാകും. കോവിഡ് നിയന്ത്രണങ്ങൾ മാറി എല്ലാം പഴയ രീതിയിലായതോടെ യാത്രക്കാരും കൂടിത്തുടങ്ങി.

സൂചന ബോർഡില്ല, സീബ്ര ലൈനില്ല

ദിവസേന വിദ്യാർഥികളുൾപ്പെടെ ആയിരത്തിലധികം യാത്രക്കാരാണ് ആലിൻചുവട് സ്റ്റോപ്പിലെത്തി ബസ് കയറുന്നതെങ്കിലും ഇവിടെ ബസ്‌സ്റ്റോപ്പുണ്ടെന്നറിയാൻ ഒരു സൂചന ബോർഡുപോലുമില്ല. റോഡ് മുറിച്ചുകടക്കാൻ വരകളുമില്ല.

ഇതുമൂലം ദേശീയപാതയിലൂടെ വരുന്ന വാഹനങ്ങൾക്ക് ബസ്‌സ്റ്റോപ്പുണ്ടെന്ന് അറിയാനാകില്ല. ബസുകൾക്ക് നിർത്തി ആളെ കയറ്റാൻ ട്രാക്കുമില്ല. പ്രധാന ട്രാക്കിൽ ബസ് പെട്ടെന്ന് നിർത്തുമ്പോൾ പിന്നിൽ വരുന്ന വാഹനമിടിക്കും. ഇത്തരത്തിൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ അമ്പതോളം അപകടങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്.

ചോദിച്ച് മടുത്ത ആവശ്യം

പഞ്ചായത്തംഗം വി. ശ്രീനാഥ്, ആലിൻചുവട്ടിലെ ഓട്ടോ ഡ്രൈവർമാർ, പൊതുപ്രവർത്തകനായ ചെല്ലത്ത തുടങ്ങിയ പലരും പലതവണകളിലായി ആലിൻചുവട് ബസ്‌സ്റ്റോപ്പിൽ ബസ് കാത്തിരിപ്പുകേന്ദ്രവും മറ്റ് സുരക്ഷ സംവിധാനങ്ങളും ഒരുക്കണമെന്ന് ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നാലുവരിപ്പാത യാഥാർഥ്യമായ 2015 മുതൽ ഇക്കാര്യങ്ങൾ ആവശ്യപ്പെടുന്നതാണ്. ഒരിക്കൽ ദേശീയപാത അതോറിറ്റി അധികൃതർ വന്ന് പരിശോധിച്ചുപോയതല്ലാതെ തുടർനടപടികളൊന്നുമുണ്ടായില്ല.

വാളയാർ-വടക്കഞ്ചേരി ആറുവരിപ്പാത വികസനം വരുമ്പോൾ ബസ് കാത്തിരിപ്പുകേന്ദ്രം പരിഗണിക്കാമെന്നും സൂചനബോർഡ് സ്ഥാപിക്കലും റോഡ് മുറിച്ചുകടക്കാൻ വരയിടലും പരിശോധിച്ചശേഷം ഉടൻ നടപടിയെടുക്കാമെന്നും ദേശീയപാത അതോറിറ്റി അധികൃതർ അറിയിച്ചു.

Tags:    
News Summary - Wadakkancherri Bus stop problem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.