മാ​ധ​വ്

ബോഡി ബിൽഡറായ യുവാവിന്റെ മരണം പാമ്പുകടിയേറ്റല്ലെന്ന് സ്ഥിരീകരിച്ചു

വടക്കാഞ്ചേരി: ജിം ട്രെയിനറും ബോഡി ബിൽഡറുമായ കുമരനെല്ലൂർ ഒന്നാംകല്ല് ചങ്ങാലി പടിഞ്ഞാറേതിൽ മണികണ്ഠന്റെ മകൻ മാധവിന്റെ (27) മരണം പാമ്പുകടിയേറ്റല്ലെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. ബുധനാഴ്ച രാവിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ഇതോടെ ദുരൂഹമായിരിക്കുകയാണ്.ദിവസവും പുലർച്ചെ ജിമ്മിലേക്ക് പോകാറുള്ള മാധവ് ബുധനാഴ്ച രാവിലെ എഴുന്നേൽക്കാതിരുന്നതിനെ തുടർന്ന് മാതാവ് അയൽവാസികളുടെ സഹായത്തോടെ വാതിൽചവിട്ടി തുറക്കുകയായിരുന്നു.

മൃതദേഹം നീലനിറമായ നിലയിലായിരുന്നനു. മുറിയിലെ തറയിൽ രക്തവുമുണ്ടായിരുന്നു. മരണത്തിന്റെ തലേദിവസം രാത്രി 8.30ന് വീടിന് മുന്നിൽ പാമ്പിനെ കണ്ട മാധവ് ഇതിന്റെ ഫോട്ടോ സുഹൃത്തിന് അയച്ചു നൽകിയിരുന്നതായി ബന്ധുക്കൾ പൊലീസിനെ അറിയിച്ചിരുന്നു. ഈ സാഹചര്യങ്ങളാണ് പാമ്പ് കടിയായിരിക്കാം മരണകാരണമെന്ന സംശയത്തിലേക്ക് വഴിതുറന്നത്. എന്നാൽ, തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും മൃതദേഹ വിചാരണയിലും പാമ്പ് കടിയേറ്റതിന്റെ പാടുകളോ രക്തത്തിൽ പാമ്പിൻ വിഷത്തിന്റെ അംശമോ കണ്ടെത്താനായില്ല.

പ്രാഥമിക പരിശോധനയിൽ മരണകാരണം കണ്ടെത്താൻ സാധിക്കാത്തതിനാൽ, മാധവിന്റെ ആന്തരികാവയവങ്ങളുടെ സാമ്പിളുകൾ വിശദമായ പരിശോധനകൾക്കായി ലാബിലേക്ക് അയച്ചിരിക്കുകയാണ്. വരാനിരിക്കുന്ന ഒരു വെയ്റ്റ് ലിഫ്റ്റിങ് മത്സരത്തിന് വേണ്ടി മാധവ് തയാറെടുപ്പുകൾ നടത്തിവരികയായിരുന്നു. അതുമായി ബന്ധപ്പെട്ട് പ്രോട്ടീൻ പൗഡർ പോലുള്ള മരുന്നുകൾ കഴിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. ഇത് മരണകാരണവുമായി ബന്ധമുണ്ടോ എന്നതടക്കമുള്ള വിവരങ്ങൾ സമഗ്രമായ പരിശോധനകൾക്ക് ശേഷം മാത്രമേ സ്ഥിരീകരിക്കാൻ കഴിയൂ എന്നാണ് അധികൃതർ പറയുന്നത്. 

Tags:    
News Summary - Bodybuilder's death confirmed not to be due to snakebite

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.