തൃശൂർ: രാഷ്ട്രീയ എതിരാളികളില്ലാതെ കോൺഗ്രസ് ചേരിതിരിഞ്ഞ് മത്സരിക്കുന്ന തൃശൂർ അർബൻ സഹകരണ ബാങ്ക് ഭരണസമിതിയിലേക്കുള്ള ബാലറ്റിൽ ഉൾപ്പെടുത്താനാവില്ലെന്ന് കണ്ടെത്തി തള്ളിയ സ്ഥാനാർഥിയുടെ പേര് ബാലറ്റിൽ ഉൾപ്പെടുത്താൻ ഹൈകോടതി നിർദേശം.
പട്ടികജാതി സംവരണ സീറ്റിൽ ഐക്യജനാധിപത്യ സഹകരണ സംരക്ഷണ സമിതി പാനലിലെ അഡ്വ. പി.എ. ചന്ദ്രന്റെ പേര് ഉൾപ്പെടുത്താനാണ് ഹൈകോടതിയുടെ ഇടക്കാല ഉത്തരവ്. നിശ്ചിത കാലാവധി പൂർത്തിയായതിനാൽ ജാതി സർട്ടിഫിക്കറ്റ് ലഭിക്കാൻ വൈകിയെന്ന കാരണം ചൂണ്ടിക്കാണിച്ചായിരുന്നു ചന്ദ്രന്റെ നാമനിർദേശ പത്രിക തള്ളിയത്. ഇതിനെതിരെ ചന്ദ്രൻ നൽകിയ റിട്ട് പെറ്റീഷൻ അനുവദിച്ചായിരുന്നു ഹൈകോടതി ജസ്റ്റിസ് സതീഷ് നൈനാൻ ഉത്തരവിട്ടത്.
ചന്ദ്രന്റെ പത്രിക തള്ളിയതോടെ എതിരില്ലാതെ വിജയിച്ചെന്ന പ്രചാരണത്തിലായിരുന്നു നിലവിലെ ഭരണസമിതി അംഗങ്ങളുടെ നേതൃത്വത്തിലുള്ള പാനൽ. ജനാധിപത്യ സഹകരണ മുന്നണി എന്ന നിലയിലാണ് നിലവിലെ ഭരണസമിതി ചെയർമാൻ പോൾസൺ ആലപ്പാട്ട്, ഐ ഗ്രൂപ് നേതാവും ഡി.സി.സി വൈസ് പ്രസിഡൻറുമായ ഐ.പി. പോൾ എന്നിവരടക്കമുള്ളവരുടെ നേതൃത്വത്തിലുള്ള വിഭാഗം മത്സരിക്കുന്നത്. ഈ വിഭാഗത്തിനെതിരെ വിമർശനമുയർത്തിയാണ് സഹകരണ സംരക്ഷണ സമിതി മത്സരിക്കുന്നത്.
പതിറ്റാണ്ടുകളായി കോൺഗ്രസിന്റെ കൈയിലുള്ളതാണ് അർബൻ ബാങ്ക്. ഇടതുപക്ഷം ഇവിടെ സ്ഥാനാർഥികളെ നിർത്തുകയോ മത്സരിക്കുകയോ ചെയ്യാറില്ല. പാർട്ടി തന്നെ ചേരിതിരിഞ്ഞ് മത്സരിക്കുന്നതിനെതിരെ ഒരു വിഭാഗം രംഗത്തുവന്നെങ്കിലും ഡി.സി.സിയോ നേതാക്കളോ ഇടപെട്ട് പ്രശ്നപരിഹാരത്തിന് ശ്രമിച്ചിട്ടില്ല. മറ്റൊരു കരുവന്നൂരായി മാറാതിരിക്കാനാണ് മത്സരിക്കുന്നതെന്ന് വിമത പാനലുകാർ വിശദീകരിക്കുന്നു.
ഒക്ടോബർ 22നാണ് തെരഞ്ഞെടുപ്പ്. പട്ടികജാതി സംവരണത്തിൽ പി.എ. ചന്ദ്രന്റെ പേര് കൂടി ഉൾപ്പെടുത്താൻ ഹൈകോടതി നിർദേശിച്ചതോടെ എതിരില്ലാതെ വിജയിച്ചെന്ന് കരുതിയിരുന്ന സീറ്റിലും മത്സരമായത് നിലവിലെ ഭരണസമിതി പാനലിന് തിരിച്ചടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.