തൃശൂർ: ദേശീയപാത 66ലെ പ്രധാന സെന്ററായ എടമുട്ടത്ത് പാത വിപുലീകരണത്തിന്റെ ഭാഗമായി അടിപ്പാതയോ മേൽപാതയോ നിർമിക്കില്ലെന്ന തീരുമാനത്തിനും ഇക്കാര്യത്തിൽ അധികൃതരുടെ ഉദാസീനതക്കുമെതിരെ തിങ്കളാഴ്ച വൈകീട്ട് നാലിന് സെന്ററിൽ പ്രതിഷേധ യോഗം ചേരും.
വൈകീട്ട് മൂന്ന് മുതൽ ആറ് വരെ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സെന്ററിന്റെ 100 മീറ്റർ ചുറ്റളവിൽ വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ, കല്യാണ മണ്ഡപങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, സമീപ പ്രദേശത്ത് ബീച്ച് തുടങ്ങിയവയുണ്ട്.
പ്രദേശത്തെ പ്രധാന സെന്ററായിട്ടും അടിപ്പാതയോ മേൽപാതയോ നിർമിക്കുന്നില്ലെന്ന തീരുമാനം മാറ്റാൻ നിരവധി പേർക്ക് പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. സെന്ററിന്റെ കിഴക്കും പടിഞ്ഞാറും വിഭജിക്കുന്ന വിധത്തിലാണ് പാത പോകുന്നത്.
പ്രതിഷേധ സമ്മേളനത്തിൽ എം.പി, എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. ചെയർമാൻ രാമചന്ദ്രൻ ശ്രേയസ്, ജനറൽ കൺവീനർ അതുല്യഘോഷ് വെട്ടിയാട്ടിൽ, ട്രഷറർ അബൂബക്കർ മുത്തൂസ്, രാജൻ കരുമത്തിരുത്തി, ഷിബു നെടിയിരുപ്പിൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.