തൃശൂർ: സ്വരാജ് റൗണ്ടിലെ തേക്കിൻകാടിനോട് ചേർന്നുള്ള തകർന്നുകിടക്കുന്ന ഔട്ടർ നടപ്പാതയുടെ നവീകരണത്തിന് ഒടുവിൽ കോർപറേഷന് കൊച്ചിൻ ദേവസ്വം ബോർഡിന്റെ അനുമതി (എൻ.ഒ.സി). മാസങ്ങളായി കോർപറേഷൻ നൽകിയ ആവശ്യത്തിൽ നടപടിയെടുക്കാതിരുന്ന കൊച്ചിൻ ദേവസ്വം ബോർഡ് ഇതുസംബന്ധിച്ച് ‘മാധ്യമം’ വാർത്ത പ്രസിദ്ധീകരിച്ചതോടെ കഴിഞ്ഞ ദിവസം അനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചു. ഉത്തരവ് കോർപറേഷന് നേരിട്ടെത്തിച്ചു.
നടപ്പാത ടൈൽ വിരിച്ച് സൗന്ദര്യവതിയാകും. റൗണ്ട് നവീകരണം നടക്കാത്തത് ചോദ്യം ചെയ്ത് കെ.പി.സി.സി സെക്രട്ടറി ഷാജി കോടങ്കണ്ടത്താണ് ഹൈകോടതിയെ സമീപിച്ചിരുന്നത്. നവീകരണം നടക്കാത്തത് ദേവസ്വംബോർഡിന്റെ അനുമതി ലഭിക്കാത്തത് കൊണ്ടാണെന്ന് ഇക്കഴിഞ്ഞ ഒക്ടോബറിൽ കോർപറേഷൻ അറിയിച്ചിരുന്നു.
ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള നടപ്പാത കോർപറേഷൻ പാട്ടത്തിനെടുത്തതാണ്. കുട്ടികളുടെ പാർക്ക് മുതൽ ഭൂഗർഭപാത വരെയുള്ള 500 മീറ്റർ ദൂരം മാത്രം നടപ്പാത തകർന്ന് അപകടകരമായ നിലയിലായിരുന്നു. പാത ടൈൽ വിരിക്കാൻ കൗൺസിൽ തീരുമാനിച്ചത് അറിയിച്ചിട്ടും മറ്റ് അറിയിപ്പുകളൊന്നും ബോർഡിന്റെ ഭാഗത്ത് നിന്നും ലഭിക്കാത്തതിനാലാണ് പ്രവൃത്തികൾ നടക്കാത്തതെന്നും അനുമതി ലഭിച്ചാൽ പെട്ടെന്ന് തീർക്കുമെന്നുമാണ് സെക്രട്ടറി സത്യവാങ്മൂലത്തിൽ കോടതിയെ അറിയിച്ചത്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ എൻ.ഒ.സി ലഭിച്ചതായും ഉടൻ തന്നെ പ്രവൃത്തികളിലേക്ക് കടക്കുമെന്ന് മേയർ എം.കെ. വർഗീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.