വിവാദമായ ഠാണ ചന്തകുന്ന് ബാരിക്കേഡ്
ഠാണ ചന്തകുന്ന് വികസനം; റോഡിന് മധ്യത്തിൽ നിർമിക്കുന്ന ബാരിക്കേഡ് വിവാദത്തിൽ
ഇരിങ്ങാലക്കുട: ഠാണ ചന്തകുന്ന് വികസനത്തിന്റെ ഭാഗമായി റോഡിന് മധ്യത്തിൽ നിർമിക്കുന്ന ബാരിക്കേഡ് വിവാദത്തിൽ. പൂതകുളം ജങ്ഷൻ മുതൽ ചന്തകുന്ന് ഇറക്കം വരെ ഏകദേശം ഒരു കിലോമീറ്റർ ദൂരമാണ് വികസനത്തിനായി 17 മീറ്റർ വീതിയിൽ നാല് വരിയായി നിർമാണം പൂർത്തീകരിച്ചത്. കഴിഞ്ഞ ആഴ്ചയിലാണ് റോഡിന് നടുവിലെ ബാരിക്കേഡ് നിർമാണം ചന്തകുന്ന് പരിസരത്ത് നിന്നാരംഭിച്ചത്. ഏകദേശം നാല് അടി ഉയരത്തിൽ ഇരുമ്പ് പോസ്റ്റുകൾ കോൺക്രീറ്റ് ചെയ്ത് സ്ഥാപിച്ച് അതിന് കുറുകെയും ഇരുമ്പ് പെപ്പുകൾ സ്ഥാപിക്കുന്ന രീതിയിലാണ് നിർമാണം.
ചന്തക്കുന്ന്, ഠാണ ജങ്ഷനുകൾ കൂടാതെ കത്തീഡ്രൽ പള്ളിക്ക് മുന്നിലും ബിഷപ് ഹൗസിന് മുന്നിലും ജനറൽ ആശുപത്രിക്ക് മുന്നിലും നിലവിൽ വാഹനങ്ങൾ കടക്കുന്ന രീതിയിൽ ഒഴിച്ചിട്ടാണ് നിർമാണം പുരോഗമിച്ചിരുന്നത്. എന്നാൽ എതിർപ്പിനെ തുടർന്ന് നിർമാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
ഠാണാവിൽ മുനിസിപ്പാലിറ്റിയിലേക്ക് തിരിയുന്ന പാർക്ക് റോഡിന് സമീപം ഒഴിച്ചിടണമെന്നാവശ്യം വ്യാപാരികൾ ഉയർത്തുന്നുണ്ട്. നാല് വരി പാതയുടെ മാനദണ്ഡങ്ങൾ പാലിച്ചുള്ള വീതിയില്ലാതെ റോഡിന് നടുവിലെ ഭാഗം കാൽ നട യാത്രികർക്ക് പോലും കടക്കാൻ സാധിക്കാത്ത വിധം അടച്ച് കെട്ടി തിരിക്കുന്നത് യാത്രാക്ലേശം വർധിപ്പിക്കുമെന്നും ഇവർ പറയുന്നു.
ബാരിക്കേഡ് നിർമാണത്തിലെ അശാസ്ത്രീയത ചോദ്യം ചെയ്ത് കത്തീഡ്രൽ പള്ളിയിൽ കഴിഞ്ഞ ദിവസം ആക്ഷൻ കൗൺസിൽ രൂപവത്കരണവും നടന്നിരുന്നു. ആക്ഷൻ കൗൺസിലിന്റെ പേരിൽ നഗരത്തിൽ ബാരിക്കേഡ് നിർമാണത്തിനെതിരെ പോസ്റ്ററുകളും ഉയർന്നിട്ടുണ്ട്. എന്നാൽ, ഇടക്കിടെയുള്ള ബാരിക്കേഡിന് ഇടയിലെ വിടവുകൾ അപകടങ്ങൾ വർധിക്കാനും ഗതാഗതക്കുരുക്ക് വർധിക്കാനും ഇടയാക്കുമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.