പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു. മന്ത്രിമാരായ
ഡോ. ആർ. ബിന്ദു, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, കെ. രാജൻ, കെ.എൻ. ബാലഗോപാൽ,
പി. ബാലചന്ദ്രൻ എം.എൽ.എ, മേയർ എം.കെ. വർഗീസ് എന്നിവർ സമീപം
പുത്തൂര്‍: പതിനായിരക്കണക്കിന് ജനങ്ങളെ സാക്ഷിയാക്കി മുഖ്യമന്ത്രി പിണറായി വിജയന് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് നാടിന് സമര്‍പ്പിച്ചു. കഴിഞ്ഞദിവസങ്ങളില്‍ പെയ്ത മഴയുടെ ബാക്കി എന്നപോലെ ആകാശം മേഘാവൃതമായിരുന്നതിനാല്‍ ചൊവ്വാഴ്ച പകല്‍ ചൂട് കുറവായിരുന്നതും മഴ മാറിനിന്നതും പുത്തൂരിനെ അക്ഷരാർഥത്തില്‍ ഉത്സവപ്പറമ്പാക്കി മാറ്റി.
കുട്ടനെല്ലൂര്‍ മുതല്‍ കുരിശുമലവരെ റോഡിന് ഇരുവശവും ദീപാലങ്കാരങ്ങള്‍കൊണ്ട് വര്‍ണമനോഹരമായിരുന്നു. വഴിയിലെ കെട്ടിടങ്ങളും ദീപപ്രഭയില്‍ കുളിച്ചുനില്ക്കുകയായിരുന്നു. ഉച്ചകഴിഞ്ഞ് നാലോടെതന്നെ പുത്തൂര്‍ പള്ളിപരിസരത്തുനിന്ന് ഘോഷയാത്ര ആരംഭിച്ചത് സുവോളജിക്കല്‍ പാര്‍ക്കില്‍ എത്തിയിട്ടും ഘോഷയാത്രയുടെ നിര നീണ്ടുതന്നെ പോയി. ബസുകളിലും സ്വകാര്യവാഹനങ്ങളിലുമായി എത്തിയവരെക്കൊണ്ട് നാലിനുതന്നെ വലിയപന്തല്‍ നിറഞ്ഞുകവിഞ്ഞിരുന്നു.
പുത്തൂർ സുവോളജിക്കൽ പാർക്ക് ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു
പന്തലിന് പുറത്തും ഇരുഭാഗങ്ങളിലുമായി ഇട്ടിരുന്ന കസേരകള്‍ നിറഞ്ഞ് ജനങ്ങൾ നില്ക്കുന്ന അവസ്ഥയിലായിരുന്നു. ക്ഷണിക്കപ്പെട്ട അതിഥികള്ക്കുതന്നെ ഇരിപ്പിടം കൊടുക്കാന്‍ സംഘാടകര്‍ ബുദ്ധിമുട്ടുന്നത് കാണാമായിരുന്നു. പലരെയും മാധ്യമങ്ങൾക്കുവേണ്ടി ഒരുക്കിയ സ്ഥലങ്ങളിലും പ്രത്യേക കസേരകൾ കൊണ്ടുവന്നുമാണ് ഇരുത്തിയിരുന്നത്. സിനിമ നടന് ടി.ജി. രവി, വൈദ്യരത്നം നീലകണ്ഠന് മൂസ്, ഈസാഫ് ചെയര്മാന് പോള്‍ കെ. തോമസ് എന്നിവർക്കും കാണികളുടെ മുന്‍നിരയിലാണ് സ്ഥാനം ലഭിച്ചത്. നേരത്തേ കലാപരിപാടി അരങ്ങേറിയിരുന്ന വേദിമാറ്റി കൂടുതല്‍ പേരെ ഉള്‍ക്കൊള്ളാവുന്ന വിധത്തിലാണ് സൗകര്യങ്ങള്‍ ഒരുക്കിയിരുന്നത്.
മുഖ്യമന്ത്രി വരുന്നതുവരെ നാടന്‍പാട്ടും നാടോടി കലാരൂപങ്ങളും വേദിയില്‍ അരങ്ങേറി. വൈകാതെ തന്നെ മുഖ്യമന്ത്രി എത്തിയതോടെ ഉദ്ഘാടനച്ചടങ്ങുകൾ ആരംഭിച്ചു. ഉദ്ഘാടനത്തിനുശേഷം തപാല്‍ വകുപ്പ് പുറത്തിറക്കിയ സുവോളജിക്കല്‍ പാര്‍ക്കിന്റെ സ്റ്റാമ്പ് മന്ത്രി ആര്. ബിന്ദു പ്രകാശനം ചെയ്തു. പുത്തൂരിന് പുറമേ നടത്തറ, പാണഞ്ചേരി മാടക്കത്തറ, തൃശൂര്‍ കോര്പറേഷന് മണ്ണുത്തി ഒല്ലൂര്‍ സോണലുകളില്നിന്ന് ജനങ്ങള്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഔപചാരിക പരിപാടികള്‍ക്കുശേഷം ജയരാജ് വാര്യരുടെ നേതൃത്വത്തില്‍ സംഗീതനിശയും അരങ്ങേറി.
എൽ.ഡി.എഫ് സർക്കാറിന്റെ ഭരണത്തുടർച്ചയിലാണ് പുത്തൂർ സുവോളജിക്കൽ പാർക്ക് യാഥാർഥ്യമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആയിരങ്ങൾ തിങ്ങിനിറഞ്ഞ ചടങ്ങിൽ രാജ്യത്തെ ആദ്യ ഡിസൈനർ മൃഗശാലയായ പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. കോവിഡും പ്രളയവും എല്ലാമുണ്ടായി. നാല് പതിറ്റാണ്ടുകാലത്തെ കാത്തിരിപ്പിനാണ് പാർക്ക് പൊതുജനങ്ങൾക്ക് സമർപ്പിക്കുന്നതിലൂടെ വിരാമമാകുന്നത്. ബജറ്റിലെ പണം കൊണ്ട് മാത്രം പശ്ചാത്തല വികസനം സാധ്യമാകില്ലെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്നാണ് കിഫ്ബിയെക്കുറിച്ച് എൽ.ഡി.എഫ് സർക്കാർ ആലോചിച്ചത്.
50000 കോടിയുടെ വികസനമാണ് നടപ്പാക്കാൻ തീരുമാനിച്ചതെങ്കിലും ഇപ്പോൾ 62,000 കോടിയിലെത്തി. തകർച്ച നേരിട്ട വിദ്യാഭ്യാസ-ആരോഗ്യ മേഖലകളെ പുനരുജ്ജീവിപ്പിക്കാനും കിഫ്ബിക്ക് കഴിഞ്ഞെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വനംമന്ത്രി എ.കെ. ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. റവന്യൂമന്ത്രി കെ. രാജൻ, മറ്റുമന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, ഡോ. ആർ. ബിന്ദു, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, മേയർ എം.കെ. വർഗീസ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, കെ. രാധാകൃഷ്ണൻ എം.പി, എം.എൽ.എമാരായ മുരളി പെരുനെല്ലി, ഇ.ടി. ടൈസൺ, വി.ആർ. സുനിൽകുമാർ, പി. ബാലചന്ദ്രൻ, സേവ്യർ ചിറ്റിലപ്പള്ളി, എൻ.കെ. അക്ബർ, യു.ആർ. പ്രദീപ്, കെ.കെ. രാമചന്ദ്രൻ, മുൻ മന്ത്രിമാരായ കെ.പി. രാജേന്ദ്രൻ, വി.എസ്. സുനിൽകുമാർ, കെ. രാജു, മിനി ഉണ്ണികൃഷ്ണൻ, കലാമണ്ഡലം ഗോപി, ഐ.എം. വിജയൻ, ജോപോൾ അഞ്ചേരി, വിവിധ കക്ഷി നേതാക്കളായ ജസ്റ്റിൻ ജേക്കബ്, സി.ടി. ജോഫി, കെ.ജി. ശിവാനന്ദൻ, എം.എം. വർഗീസ്, സി.എൽ. ജോയ്, യൂജിൻ മോറേലി, സി.വി. കുര്യക്കോസ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.