തൃശൂർ: ആവേശകരമായ കാലിക്കറ്റ് സർവകലാശാല കോളജ് യൂനിയൻ തെരഞ്ഞെടുപ്പുകൾക്കൊടുവിൽ ജില്ലയിലെ കാമ്പസുകളിൽ തോറ്റ് തുന്നംപാടി കോൺഗ്രസ് വിദ്യാർഥി സംഘടന കെ.എസ്.യു. രാഷ്ട്രീയമായി തെരഞ്ഞെടുപ്പ് നടന്ന 33 കോളജുകളിൽ രണ്ടിടത്ത് മാത്രമാണ് കെ.എസ്.യു വിജയിച്ചത്. പലയിടത്തും നാമമാത്ര ജയമാണുണ്ടായത്. ചില കോളജുകളിൽ നാമനിർദേശം കൊടുക്കാൻ പോലും കെ.എസ്.യു ഉണ്ടായില്ല. പഴയന്നൂർ, ഐ.എച്ച്.ആർ.ഡി കോളജ്, തൃശൂർ സെന്റ് തോമസ് കോളജ് എന്നിവിടങ്ങളിലാണ് കെ.എസ്.യു പാനൽ വിജയിച്ചത്.
ജില്ലയിൽ ഏറ്റവും ശക്തമായ മത്സരം നടക്കുന്ന കേരളവർമ കോളജിൽ പേരിനുപോലും കെ.എസ്.യുവിന് ഒരു ചെയർമാൻ സ്ഥാനാർഥി ഉണ്ടായില്ല. ലോ കോളജിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കെ.എസ്.യു ബാനറിൽ മത്സരിച്ച ചെയർപേഴ്സൻ മാത്രമാണ് വിജയിച്ചത്. ജില്ലയിലെ കാമ്പസുകളിലെ കനത്ത പരാജയം കെ.എസ്.യുവിന്റെ ഉള്ളിൽ പൊട്ടിത്തെറിക്ക് ഇടയായിട്ടുണ്ട്. കെ.എസ്.യു സംസ്ഥാന നേതൃഗ്രൂപ്പിൽ തന്നെ ഇതുസംബന്ധിച്ച ചർച്ച തുടങ്ങിയിട്ടുണ്ട്.
ജില്ല നേതൃത്വത്തിന്റെയും കോൺഗ്രസ് നേതൃത്വത്തിന്റെയും പിടിപ്പുകേടാണ് കനത്ത പരാജയത്തിന്റെ കാരണം എന്നാണ് വിലയിരുത്തൽ. ചേലക്കര ആർട്സ് കോളജിൽ കെ.എസ്.യു മത്സരിച്ചത് രണ്ട് ജനറൽ സീറ്റുകളിൽ മാത്രമാണ്. എസ്.എഫ്.ഐക്ക് ഇവിടെ എതിരില്ലാതെ യൂനിയൻ കിട്ടി. ഒല്ലൂർ ആർട്സ് കോളജിലും എസ്.എഫ്.ഐ വിജയിച്ചു. പനമ്പിള്ളി, ചാലക്കുടി, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലും മറിച്ചല്ല അവസ്ഥ.
അഞ്ച് ഗവൺമെന്റ് കോളജുകളിലെ 45 സീറ്റുകളിൽ രണ്ടെണ്ണം എം.എസ്.എഫ് നേടിയിട്ടും കെ.എസ്.യു വട്ടപ്പൂജ്യം. ഏറ്റവും വലിയ കോളജായ ക്രൈ്സ്റ്റ് കോളജിൽ കെ.എസ്.യുവിന് യൂനിറ്റ് പോലുമില്ല. ഒരു കാലത്ത് കെ.എസ്.യു അടക്കിവാണ കോളജാണിത്. ഈ പരാജയങ്ങൾക്കു കാരണം കണ്ടെത്താൻ പാർട്ടി നേതൃത്വം ഇടപെടണം എന്നാണ് ജില്ലയിലെ കെ.എസ്.യുവിലെ ഒരു വിഭാഗത്തിന്റെ ആവശ്യം.
അതേസമയം, ജില്ലയിലെ ജനറൽ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ചവരിൽ ഭൂരിഭാഗവും പെൺകുട്ടികളാണ്. കേരള വർമ കോളജിൽ ആകെ ഒമ്പത് ജനറൽ സീറ്റുകൾ ഉള്ളതിൽ ഏഴും പെൺകുട്ടികൾ സ്വന്തമാക്കി. മറ്റ് കോളജുകളിലും പെൺകുട്ടികളുടെ വിജയസാന്നിധ്യം ഏറിയിട്ടുണ്ട്. എ.ബി.വി.പി ആധിപത്യം ഉണ്ടായിരുന്ന കുന്നംകുളം വിവേകാനന്ദ കോളജ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ തിരിച്ചുപിടിച്ചിരുന്നു. ഇക്കുറിയും എസ്.എഫ്.ഐ തന്നെയാണ് ഇവിടെ വിജയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.