എൻ. രാജൻ എം.ടിക്കൊപ്പം
എം.ടിയുമായി മൂന്നരപ്പതിറ്റാണ്ടിലേറെ പരിചയവും അടുപ്പവുമുണ്ട്. ആദ്യ കഥാസമാഹാരം പ്രകാശനംചെയ്യണമെന്ന ആഗ്രഹവുമായാണ് ആദ്യ സന്ദർശനം. പുസ്‌തകം മുന്നിൽവെച്ച് നെഞ്ചിടിപ്പോടെ നിൽക്കുമ്പോൾ എം.ടി പറഞ്ഞു: ഇരിക്കൂ... ഈയൊരു സമഭാവന അദ്ദേഹത്തിന് എഴുത്തുകാരോട് ഉണ്ടായിരുന്നു.
35 വർഷം മുമ്പ്, വലിയൊരു ഇടവേളക്കുശേഷം എം.ടി തൃശൂരിൽ പങ്കെടുത്ത ചടങ്ങായിരുന്നു എന്റെ പുസ്‌തക പ്രകാശനം. എം.ടിക്ക് ജ്ഞാനപീഠം കിട്ടുമ്പോൾ ഞാൻ പ്രവാസിയാണ്. നീട്ടിവലിച്ച് അനുമോദനക്കത്തെഴുതി. കൂട്ടത്തിൽ നാടുവിട്ടവന്റെ പൊള്ളലും അതിൽ വടുകെട്ടി. ആ തിരക്കിലും ഒരാഴ്‌ച കഴിഞ്ഞപ്പോൾ മറുപടിയെത്തി. സ്വന്തം കൈപ്പടയിൽ വിലാസംവരെ എഴുതി നാലുവരി. ‘സന്തോഷം. സ്വന്തമെന്ന് കരുതുന്നവരുടേതാവുമ്പോൾ പ്രത്യേകിച്ചും. മറുനാടൻ ജീവിതം നല്ല മെറ്റീരിയൽ ആവട്ടെ’...
അങ്ങനെ എത്രയോ സന്ദർഭങ്ങളിൽ കിട്ടിയ കത്തുകൾ, എന്റെ സ്വകാര്യമായ പുരസ്‌കാരങ്ങൾ, നിധിപോലെ ശേഖരിച്ചിട്ടുണ്ട്. സാഹിത്യ അക്കാദമിക്കുവേണ്ടി ‘പ്രളയാക്ഷരങ്ങൾ’ എഡിറ്റുചെയ്യുമ്പോൾ ‘നാലുകെട്ടി’ൽനിന്ന് ഒരു ഭാഗം ഉൾപ്പെടുത്തണമെന്നു വന്നു. ഒരു ഫോൺകാളിൽ സമ്മതം. ദേശാഭിമാനി ഓണപ്പതിപ്പിനായി അഭിമുഖത്തിന് സമീപിച്ചപ്പോൾ പറഞ്ഞു: അൽപം തിരക്കുണ്ട്. അതു കഴിഞ്ഞ് വിളിക്കാം.
എം.ടി തിരിച്ചുവിളിക്കുകയോ? അതുണ്ടാവില്ലെന്നും അഭിമുഖം നടക്കില്ലെന്നും ഏറക്കുറെ ഉറപ്പിച്ച ദിനങ്ങളിൽ അദ്ദേഹത്തിന്റെ ഫോൺകാൾ. വരേണ്ട ദിവസവും സമയവും സ്ഥലവും
പറഞ്ഞ്.
എൻ.പി. മുഹമ്മദ് മരിച്ച സന്ദർഭത്തിൽ എം.ടിയെ കാണാനിടവന്നു. പതിവിലേറെ നിശ്ശബ്ദനായിരുന്നു അന്ന്. ഇറങ്ങും നേരം ആരോടെന്നില്ലാതെ പിറുപിറുത്തു, ഓരോരുത്തരായി പോവാണ്... എൻ.പിയോടുള്ള ആത്മബന്ധം ഉള്ളിൽ തേട്ടി. തൃശൂരിലെ ചില സാഹിത്യ ചടങ്ങുകൾക്ക് എം.ടിയെ കിട്ടുമോ എന്നറിയാനുള്ള ഉത്തരവാദിത്തം പലപ്പോഴും എന്റേതായി.
ഒരിക്കൽമാത്രം അദ്ദേഹം ഒഴിവായി. കാരണവും പറഞ്ഞു. കുറച്ചു ദിവസത്തേക്ക് മകൾ സിതാര വരുന്നു. ആ ദിവസങ്ങളിൽ ഒരിടത്തേക്കുമില്ല.
അതായിരുന്നു എം.ടി. സ്വതഃസിദ്ധമായ മൗനത്തിൽനിന്നുണർത്തി എം.ടിയെ സംസാരിപ്പിക്കാനുള്ള വഴി അപ്പോൾ വായിച്ചുകൊണ്ടിരിക്കുന്ന പുസ്‌തകത്തെപ്പറ്റി ചോദിക്കുകയാണ്. ഉടൻ വാചാലനാവും. എഴുത്തുകാരന്റെ ഇതരകൃതികളും താരതമ്യവും എല്ലാം ചേർന്ന ക്ലാസായിരിക്കും പിന്നെ കേൾക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.