പൈതൃകമേഖല അട്ടിമറിക്കുന്ന മാസ്​റ്റർ പ്ലാൻ; തയാറാക്കിയത് യു.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് –കോർപറേഷൻ മേയർ

തൃശൂര്‍: നഗരത്തിലെ പൈതൃകമേഖല അട്ടിമറിക്കുന്ന മാസ്​റ്റർ പ്ലാന്‍ തയാറാക്കിയത് യു.ഡി.എഫ് ഭരണസമിതിയുടെ കാലത്താണെന്ന് മേയര്‍ അജിത ജയരാജന്‍. കോര്‍പറേഷന്‍ ഭരണസമിതി നേതൃത്വത്തില്‍ നഗരത്തിലാകെ മികച്ച വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതില്‍ വിറളിപിടിച്ചാണ് കോണ്‍ഗ്രസിലെ ഒരുവിഭാഗം പച്ചക്കള്ളങ്ങള്‍ നിരത്തി പുകമറ സൃഷ്​ടിക്കാന്‍ ശ്രമിക്കുന്നതെന്നും മേയര്‍ കുറ്റപ്പെടുത്തി.

കോര്‍പറേഷനും സംസ്ഥാനഭരണവും കോണ്‍ഗ്രസിെൻറ നേതൃത്വത്തിലായിരുന്ന കാലത്ത് 2012ല്‍ ഐ.പി പോളും 2015 തുടക്കത്തില്‍ രാജന്‍ ജെ. പല്ലനും മേയറായിരിക്കെയാണ് പൈതൃക മേഖലകള്‍, ആരാധനാലയങ്ങള്‍, സാധാരണക്കാരുടെ കിടപ്പാടങ്ങള്‍ എല്ലാം പൊളിച്ചുമാറ്റേണ്ട തരത്തില്‍ മാസ്​റ്റര്‍ പ്ലാന്‍ തയാറാക്കി അന്നത്തെ സംസ്ഥാന സര്‍ക്കാറിന് സമര്‍പ്പിച്ചത്.

നിയമവിരുദ്ധമെന്ന് കണ്ടെത്തി ഈ രണ്ടു മാസ്​റ്റര്‍ പ്ലാന്‍ നിര്‍ദേശങ്ങളും സര്‍ക്കാര്‍ തള്ളി. തുടര്‍ന്ന് എൽ.ഡി.എഫ് ഭരണസമിതി 2016ല്‍ വിദഗ്ധരെ ഉള്‍പ്പെടുത്തി, ജനകീയ ചര്‍ച്ച നടത്തിയാണ് പൈതൃകമേഖല, ആരാധനാലയങ്ങള്‍, ഭവനങ്ങള്‍ എന്നിവ സംരക്ഷിച്ചുള്ള പുതിയ മാസ്​റ്റർ പ്ലാന്‍ തയാറാക്കിയത്.

തുടര്‍ന്ന് കൗണ്‍സിലര്‍മാര്‍, രാഷ്​ട്രീയ പാർട്ടികള്‍, ഉദ്യോഗസ്ഥര്‍, പൈതൃക സംഘടനകള്‍, ട്രേഡ് യൂനിയന്‍ പ്രതിനിധികള്‍, മതമേധാവികള്‍, ആര്‍ക്കിടെക്ടർമാർ തുടങ്ങിയവരുടെ അഭിപ്രയങ്ങള്‍ ക്രോഡീകരിച്ച് കൗണ്‍സില്‍ ഐകകണ്ഠ്യേന അംഗീകരിച്ചാണ് നിയമാനുസൃതം പുതിയ നിര്‍ദേശം സര്‍ക്കാറിന് സമര്‍പ്പിച്ചതെന്നും മേയര്‍ പറഞ്ഞു. ഇതുസംബന്ധിച്ച രണ്ട് ഭരണസമിതികളുടെ കാലത്തെയും മാസ്​റ്റർ പ്ലാൻ രേഖകൾ അവർ വാർത്തസമ്മേളനത്തിൽ അവതരിപ്പിച്ചു.

രാജന്‍ ജെ. പല്ലന്‍ മേയറായിരിക്കെ പൈതൃകമേഖല നിലനിര്‍ത്തണമെന്ന് പറഞ്ഞിരുന്നതിനൊപ്പം, മണികണ്ഠനാലിലെ അയ്യപ്പക്ഷേത്രവും നടുവിലാലിലെ ഗണപതികോവിലും പൊളിച്ചുമാറ്റേണ്ട നിലയിലായിരുന്നു മാസ്​റ്റര്‍പ്ലാനിലെ നിര്‍ദേശം. തേക്കിന്‍കാട് മൈതാനിയിലെ 14 മീറ്റര്‍ ഭൂമികൂടി സ്വരാജ് റൗണ്ടിലേക്ക് ചേര്‍ത്ത് റൗണ്ട് 36 മീറ്ററാക്കണമെന്നായിരുന്നു യു.ഡി.എഫ് മാസ്​റ്റര്‍ പ്ലാനിലെ നിർദേശം.

കൂടാതെ, പൂങ്കുന്നം ക്ഷേത്രം, വളര്‍ക്കാവ് ക്ഷേത്രം, അരണാട്ടുകര പള്ളി, വടൂക്കര പള്ളി ഉള്‍പ്പെടെ പൊളിച്ച് റോഡ് നിര്‍മിക്കണമെന്ന നിര്‍ദേശവും സര്‍ക്കാറിലേക്ക് അയച്ചിരുന്നു. 2019 നവംബര്‍ 26ന് കൗണ്‍സില്‍ ഈ വിഷയം ചര്‍ച്ചചെയ്തപ്പോള്‍, തെറ്റുപറ്റിയെന്ന് രാജന്‍ പല്ലന്‍ ഏറ്റുപറയുകയും ചെയ്തിരുന്നു.

ഈ യാഥാര്‍ഥ്യങ്ങളെല്ലാം മറച്ചുവച്ചാണ് തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് കള്ളപ്രചാരണവുമായി കോണ്‍ഗ്രസ് രംഗത്തുവരുന്നതെന്ന് ഡി.പി.സി അംഗം വര്‍ഗീസ് കണ്ടംകുളത്തി പറഞ്ഞു. യു.ഡി.എഫിെൻറ മാസ്​റ്റര്‍പ്ലാനില്‍നിന്ന് പൂരപ്പറമ്പും പള്ളികളും ക്ഷേത്രങ്ങളും ഭവനങ്ങളും പൊളിച്ച് റോഡ് വികസിപ്പിക്കാനുള്ള നിര്‍ദേശം എൽ.ഡി.എഫ് എടുത്തുമാറ്റി.

ജനനിബിഡമായ മേഖലകളെ പാഡി സോണുകളാക്കിയ യു.ഡി.എഫ് നിര്‍ദേശവും മറ്റു സോണുകളിലേക്ക് മാറ്റുകയും ചെയ്തു. ഇത്തരത്തിലുള്ള ജനവിരുദ്ധ നിര്‍ദേശങ്ങളെല്ലാം ഒഴിവാക്കിയാണ് എൽ.ഡി.എഫ് ഭരണസമിതി പൈതൃക മേഖലയെ പൂര്‍ണമായും സംരക്ഷിച്ച് പുതിയ മാസ്​റ്റര്‍ പ്ലാന്‍ സര്‍ക്കാറിലേക്ക് സമര്‍പ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ ഡെപ്യൂട്ടി മേയര്‍ റാഫി പി. ജോസ്, മുന്‍ മേയര്‍ അജിത വിജയന്‍, സ്ഥിരംസമിതി അധ‍്യക്ഷരായ ശാന്ത അപ്പു, എം.എല്‍. റോസി എന്നിവരും പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.