21 വര്‍ഷത്തിനുശേഷം തുറന്ന മരോട്ടിച്ചാല്‍ സെൻറ്​ ജോർജ്​ പള്ളിയിൽ ഒാര്‍ത്തഡോക്‌സ്

വിഭാഗം ആരാധനക്കായി പ്രവേശിച്ചപ്പോൾ

21 വര്‍ഷത്തിനുശേഷം മരോട്ടിച്ചാല്‍ പള്ളിയിൽ ഒാര്‍ത്തഡോക്‌സ് വിഭാഗം ആരാധന തുടങ്ങി

മാന്ദാമംഗലം: സഭാ തര്‍ക്കത്തെ തുടര്‍ന്ന് 21 വര്‍ഷം മുമ്പ് അടച്ചുപൂട്ടിയ മരോട്ടിച്ചാല്‍ സെൻറ്​ ജോർജ്​ പള്ളിയിൽ ഒാര്‍ത്തഡോക്‌സ് വിഭാഗം ആരാധന തുടങ്ങി. കോടതി വിധിയെ തുടര്‍ന്നാണ്​ പള്ളി ഒാര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറിയത്​. ഒാര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങൾ തമ്മില്‍ ഉണ്ടായേക്കാവുന്ന സംഘര്‍ഷ സാധ്യത കണക്കാക്കി വന്‍ പൊലീസ് സംഘം പള്ളി പരിസരത്ത് ക്യമ്പ് ചെയ്യുന്നുണ്ട്​.

21 വര്‍ഷം മുമ്പ് ഇരുവിഭാഗവും പ്രാർഥന നടത്തിയിരുന്ന പള്ളി 1999ലെ സഭാ തര്‍ക്കത്തെ തുടര്‍ന്ന് റിസീവര്‍ ഭരണത്തിലാവുകയും ഇരുവിഭാഗത്തിനും പ്രവേശന അനുമതി നിഷേധിക്കുകയുമായിരുന്നു. എല്ലാ പള്ളികളും ഒര്‍ത്തഡോക്‌സിന് വിട്ടുനല്‍കിക്കൊണ്ടുള്ള കോടതി വിധിയെ തുടര്‍ന്ന് റിസീവറായിരുന്ന ആര്‍.ഡി.ഒ ഒരു മാസം മുമ്പ്​ വില്ലേജ് ഓഫിസര്‍ക്ക് താക്കോല്‍ കൈമാറിയിരുന്നു​.

തുടര്‍ന്ന് കഴിഞ്ഞ 14ന് ഒാര്‍ത്തഡോക്‌സ് വിഭാഗത്തിന് താക്കോല്‍ കൈമാറി. എന്നാല്‍ പൊലീസ് നിർദേശിച്ചതനുസരിച്ച് ശനിയാഴ്ച തൃശൂര്‍ എ.സി.പി വി. കെ. രാജു, ഗുരുവായൂര്‍ എ.സി.പി ബിജു ഭാസ്‌കര്‍, സ്പഷല്‍ ബ്രാഞ്ച് എ.സി.പി ബിജു കുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് പള്ളി തുറന്നത്. ഒാര്‍ത്തഡോക്‌സ് വിഭാഗം ബിഷപ്പ് യൂഹന്നാന്‍ മാര്‍ മിലിത്തിയോസി​െൻറ കാര്‍മികത്വത്തില്‍ പ്രാർഥന നടത്തിയ ശേഷം പള്ളിയും പരിസരവും വൃത്തിയാക്കി. ഞായറാഴ്ച രാവിലെ ഒമ്പതിന് പ്ര​േത്യക പ്രാർഥന ശുശ്രൂഷകള്‍ക്ക് ശേഷം പള്ളിയുടെ ബാക്കി ഭാഗങ്ങള്‍ കൂടി വൃത്തിയാക്കുമെന്ന്​ ഒാര്‍ത്തഡോക്‌സ് വിഭാഗം പറഞ്ഞു.

അതേസമയം യാക്കോബായ വിഭാഗം ഞായറാഴ്ച മരോട്ടിച്ചാല്‍ മാര്‍ ഇഗ്​നാത്തിയോസ് പാത്രിയാര്‍ക്കിസ് സെൻററിലെ കുര്‍ബാനക്ക് ശേഷം സെൻറ്​ ജോർജ്​ പള്ളിയിലേക്ക് പ്രതിഷേധ ജാഥ നടത്തുമെന്ന്​ അറിയിച്ചിട്ടുണ്ട്​. പ്രതിഷേധ യോഗവും നടത്തുമെന്ന് ഫാദര്‍ തോമസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.