കെ.ടി. മുഹമ്മദ് റീജനൽ തീയറ്ററിൽ നടന്ന ‘അബോറിജിനൽ ക്രൈ’ എന്ന നാടകത്തിൽനിന്ന്
തൃശൂർ: മണിപ്പൂർ ഭാഷയിൽ ‘യെൽഹൗമി ഗി ഖൊലാവു’ എന്നുപറഞ്ഞാൽ തദ്ദേശീയന്റെ വിലാപം എന്നാണർഥം. മണ്ണും പിറന്ന നാടും നഷ്ടപ്പെട്ടാൽ പിന്നീട് ഒരിക്കലും അത് തിരികെ പിടിക്കാൻ സാധ്യമല്ലെന്ന് ‘അബോറിജിനൽ ക്രൈ’ എന്ന പേരിൽ അവതരിപ്പിച്ച നാടകം പറയുന്നു. സംഭാഷണമില്ലാതെ പശ്ചാത്തല ശബ്ദ അകമ്പടിയോടെയാണ് ഒരു മണിക്കൂർ ദൈർഘ്യമുള്ള നാടകം കാണികളെ പിടിച്ചിരുത്തിയത്.
അന്താരാഷ്ട്ര നാടകോത്സവത്തിന്റെ മൂന്നാം ദിനത്തിൽ അവതരിപ്പിച്ച ഇംഫാലിലെ അഖോക്കാ തിയറ്ററിന്റെ ‘അബോറിജിനൽ ക്രൈ’, മണിപ്പൂരിലെ ആദിവാസി സമൂഹങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങളെ പ്രതിപാദിക്കുന്നതായിരുന്നു. നവീനവത്കരണവും നിർബന്ധിത പുനരധിവാസവും കൊണ്ടുണ്ടായ ദുരിതങ്ങൾ ദൃശ്യഭാഷയിലൂടെ കാണികളിലേക്ക് പ്രതിഫലിപ്പിക്കാൻ നാടകത്തിന് കഴിഞ്ഞു. നാടക സംവിധായകനായ തൗദം വിക്ടർ സംവിധാനം ചെയ്ത ഈ നിശബ്ദ നാടകം, ഖുഗ, ഖൗപം, സിംഗ്ദ, തൗബാൾ, ലോക്തക്, ഡോളൈതാബി എന്നീ ആറ് വലിയ അണക്കെട്ടുകളുടെ നിർമാണം ജനവാസ മേഖലകളിൽ വരുത്തിയ പ്രത്യാഘാതങ്ങളാണ് അവതരിപ്പിച്ചത്.
ജലസേചനം, വൈദ്യുതി ഉൽപാദനം, ശുദ്ധജല വിതരണം എന്നിവക്ക് വേണ്ടിയാണെന്ന വ്യാജേനയുണ്ടാക്കിയ പദ്ധതികൾ വാഗ്ദാനം ചെയ്ത നേട്ടങ്ങൾ പ്രായോഗികമാക്കിയിരുന്നില്ല. കൂടാതെ ആയിരക്കണക്കിന് കോടി രൂപ ചെലവഴിച്ചിട്ടും മണിപ്പൂരിലെ നെൽവയലുകൾ വരണ്ടുകിടക്കുന്നു. വൈദ്യുതി വിതരണത്തിന് സംസ്ഥാനത്തിന് മറ്റിടങ്ങളെ ആശ്രയിക്കേണ്ടി വരികയും കുടിവെള്ളക്ഷാമം രൂക്ഷമാവുകയും ചെയ്തു. ഇത്തരം അനീതികൾ തുറന്നുകാട്ടുകയാണ് ‘അബോറിജിനൽ ക്രൈ’.
നാടിന്റെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ പ്രശ്നങ്ങളെ നാടകത്തിലൂടെ ഉയർത്തിക്കാട്ടാനാണ് അഖോക്കാ തിയറ്റർ ശ്രമിക്കുന്നത്. ഭൂമിയുമായുള്ള ആദിവാസികളുടെ പൗരാണികബന്ധം നഷ്ടപ്പെടുമ്പോൾ, ആഗോളവത്കരണത്തിന്റെ ഇരകളായ മണ്ണിനോട് ചേർന്നുള്ള സമൂഹങ്ങൾ മനുഷ്യത്വഹീനമായ ജീവിതത്തിലേക്ക് തള്ളപ്പെടുകയാണ്. ഈ ശക്തമായ കാഴ്ചപ്പാട്, കലയിലൂടെ സാമൂഹിക പ്രതിരോധവുമൊരുക്കുന്ന തിയറ്ററിന്റെ ശക്തി അനാവരണം ചെയ്യുന്നു.
ആധുനിക വികസന പദ്ധതികൾ മണ്ണിനോടുള്ള മനുഷ്യന്റെ ആത്മബന്ധം ഇല്ലാതാക്കുമ്പോൾ, അതിന്റെ ആഴമുള്ള ആഘാതം ശരീരഭാഷയും ശബ്ദലഹരിയും ചേർത്ത് ശക്തമായി അവതരിപ്പിക്കുകയാണ് തൗദം വിക്ടർ. തരുൺ കുമാർ, സുചിത്ര, ബിതാർ, പാക്കി അമാക്ചം, റാസ്പിതം, ആർ.കെ. ബിതേഷ് എന്നിവരാണ് നാടകത്തിൽ അണിനിരന്നത്. ഇവോചൗ, ഒപേന്ദ്രോ എന്നിവർ അണിയറയിൽ പ്രവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.