അഞ്ചര പതിറ്റാണ്ടായി കുന്നംകുളത്ത് തയ്യൽ ജോലി ചെയ്യുന്ന ചന്ദ്രബാലൻ
കുന്നംകുളം: സൂചിയും നൂലുമായി ഇഴുകിയ ചന്ദ്രബാലന്റെ തയ്യൽ ജോലിക്ക് പതിറ്റാണ്ടുകളുടെ പഴമ. എഴുപ്പത്തിയാറുകാരന്റെ ജീവിതത്തിൽ ഇപ്പോഴും വിശ്രമമില്ലാത്ത ജോലിയാണ്. സൂചിയിൽ നൂൽ കോർത്തിണക്കി വസ്ത്രം തുന്നിപ്പിടിപ്പിച്ച് കഴിയുന്ന വയോധികന് ഈ തൊഴിലിൽ അഞ്ചര പതിറ്റാണ്ടിന്റെ പാരമ്പര്യമാണുള്ളത്. ചെറുവത്താനി വലിയവളപ്പിൽ ചന്ദ്രബാലൻ കുന്നംകുളം താഴത്തെപാറയിൽ ഭാവന തിയറ്ററിന് മുൻവശം ചെറിയ മുറിക്കുള്ളിലാണ് വസ്ത്രം തയാറാക്കുന്നത്. ഓണം, വിഷു, ക്രിസ്മസ്, പെരുന്നാൾ ഉൾപ്പെടെ ആഘോഷങ്ങൾക്കും പുതുവസ്ത്രമണിയാൻ ചന്ദ്രബാലന്റെ നൂലിഴകളിൽ തയ്ച്ചെടുക്കുന്ന വസ്ത്രങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്.
ആറാം ക്ലാസിൽ പഠിക്കുന്ന കാലയളവിലാണ് തയ്യൽ പണികൾ പഠിക്കാൻ തുടങ്ങിയത്. പിന്നീട് 1970ൽ സ്വന്തമായി തയ്യൽ കട ആരംഭിച്ചു. മധ്യവേനലവധി കഴിഞ്ഞ് സ്കൂൾ തുറക്കുമ്പോൾ കുട്ടികളുടെ വസ്ത്രങ്ങൾ തയ്ച്ചെടുക്കാൻ തിരക്കോട് തിരക്കാണ്. ഇപ്പോൾ സഹായത്തിനായി നാലുപേരും കൂടി ജോലിക്കുണ്ട്. എല്ലാ ആഘോഷങ്ങൾക്കും ആഴ്ചകൾക്ക് മുമ്പെ വസ്ത്രം തുന്നുന്നതിന്റെ തിരക്കിലാവും. എത്ര വലിയ റെഡിമെയ്ഡ് വസ്ത്രങ്ങൾ മാർക്കറ്റിൽ കിട്ടാനുണ്ടെങ്കിലും ചന്ദ്ര ബാലൻ തുന്നിയാലേ പലർക്കും വസ്ത്രങ്ങളുടെ കാര്യങ്ങളിൽ തൃപ്തിയാകൂ. കൂടാതെ കുന്നംകുളം മേഖലയിൽ തന്നെ ഒട്ടനവധി ശിഷ്യഗണങ്ങൾ ഇദ്ദേഹത്തിനുണ്ട്. മൂത്തമകൻ ജുബീഷ് പിതാവിന്റെ പാതയിലാണ്. നടൻ മോഹൻലാലിന്റെ ഷർട്ടും തയ്ച്ച് നൽകിയിട്ടുണ്ട്. പിന്തുണയുമായി സഹധർമിണി അംബികയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.