കുന്നംകുളത്ത് നായുടെ വായിൽ കുടുങ്ങിയ പന്ത്

ആറുമാസമായി നായുടെ വായിൽ കുടുങ്ങിയ പന്ത് പുറത്തെടുത്തു

കുന്നംകുളം: ആറുമാസത്തിലേറെയായി വായിൽ കുടുങ്ങിയ പ്ലാസ്റ്റിക് പന്തുമായി നടന്ന നായുടെ വായിൽനിന്ന് ഒടുവിലത് നീക്കി. നെഹ്റു നഗർ വാർഡിൽ റോയൽ ആശുപത്രിക്ക് പിറകിലെ വീടുകളിലെ നിത്യസന്ദർശകനാണ് നായ്. ഭക്ഷണം കഴിക്കുന്നതിനിടെ ഐസ്ക്രീമിന്‍റെ പ്ലാസ്റ്റിക് പന്ത് വായിൽ കുടുങ്ങുകയായിരുന്നെന്ന് കരുതുന്നു.

വാർഡ് കൗൺസിലർ ലെബീബ് ഹസന്റെ ശ്രദ്ധയിൽപെട്ടതോടെ മൃഗസ്നേഹികളായ പലരും മാസങ്ങളായി ശ്രമങ്ങൾ നടത്തിയെങ്കിലും ആളുകൾ അടുത്തെത്തുമ്പോൾ നായ് ഓടിപ്പോകും. പിന്നീട് കുറെസമയത്തേക്ക് ഇവിടേക്ക് വരാതിരിക്കലാണ് പതിവ്. സ്ഥിരമായി രാവിലെ ഭക്ഷണം കഴിക്കാൻ പ്രദേശത്തെ 'സ്മരൺ' സി.എൻ. അനൂജന്റെ വീട്ടിൽ നായ് എത്തിയിരുന്നു. വീട്ടിലെ വളർത്തുനായ്ക്കൾക്കൊപ്പം അനൂജും ഭാര്യ നിഷയും എല്ലാ ദിവസം ഈ നായ്ക്കുകൂടി ഭക്ഷണം നൽകുക പതിവാണ്.

വായിൽ കുടുങ്ങിയ പന്ത് ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെങ്കിലും ചെറിയതോതിൽ സ്ഥിരമായി ഭക്ഷണം കഴിക്കാറുണ്ട്. കൂടുതലും പാനീയരൂപത്തിലുള്ള ഭക്ഷണങ്ങളാണ് കഴിച്ചിരുന്നത്. വായിൽ കുടുങ്ങിയ പന്തിൽനിന്ന് ദുർഗന്ധം വമിക്കുന്ന രീതിയിൽ ദ്രാവകം വരാൻ തുടങ്ങിയതോടെ ആളുകൾക്ക് ബുദ്ധിമുട്ടായി. നായുടെ ബുദ്ധിമുട്ട് കണ്ടറിഞ്ഞ് നിരവധി ആളുകൾ സമൂഹ മാധ്യമത്തിൽ പോസ്റ്റുകൾ ഇടുക പതിവായിരുന്നു.

പന്ത് എടുക്കാനുള്ള പല ശ്രമങ്ങളും പരാജയപ്പെട്ടപ്പോഴാണ് തൃശൂരിൽ പ്രവർത്തിക്കുന്ന ആനിമൽ വെൽഫെയർ സൊസൈറ്റിയുടെ സഹായം തേടിയത്. തൃശൂരിൽനിന്നെത്തിയ രാമചന്ദ്രൻ വലയിട്ട് പിടിച്ച് ഇൻജക്ഷൻ നൽകി മയക്കിയാണ് പുറത്തെടുത്തത്.

Tags:    
News Summary - The ball that stucked on dog mouth got out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.