മണികണ്ഠൻ കുന്നംകുളത്തെ ചായക്കടയിൽ
കുന്നംകുളം: ഒതളൂർ സ്വദേശി 42കാരനായ മണികണ്ഠന്റെ ചായ, വട എന്നിവയുടെ സ്വാദ് ഒരുക്കുന്നത് വിലമതിക്കാനാവാത്ത സൗഹൃദക്കൂട്ടം. ഒരു കപ്പ് ചായ, ഒരുപാട് സൗഹൃദം എന്നാണ് മണിയേട്ടന്റെ ചായക്കടയുടെ മുദ്രാവാക്യം. പ്രതിദിനം നൂറുകണക്കിന് ആളുകളെത്തുന്ന കടകളിൽ മണിയേട്ടന്റെ ചായയും ആഹാരമേളയും രാവിലെ അഞ്ചിന് തുടങ്ങും. 8000ഓളം ഇഡ്ഡലി, 5600ഓളം വട, 6000ഓളം ചായയുമാണ് വിൽപന നടത്തുന്നത്.
ചായ-വട എന്നിവക്കാണ് ആവശ്യക്കാർ ഏറെയും. നിലവിൽ മണികണ്ഠന് നാല് ചായക്കടകളാണുള്ളത്. രണ്ടെണ്ണം കുന്നംകുളത്താണ്. ഗുരുവായൂർ റോഡിലും പട്ടാമ്പി റോഡിലും. 2014ൽ ചങ്ങരംകുളം ബസ് സ്റ്റാൻഡിന് സമീപം നാല് കസേരയും ഒരു മേശയുമായി ആരംഭിച്ച മണിയേട്ടൻ ഫുഡ് കോർണർ ഇന്ന് എടപ്പാൾ, ചങ്ങരംകുളം എന്നിവിടങ്ങളിലുമുണ്ട്. ഗുരുവായൂരിലും സ്ഥാപനം ആരംഭിക്കാൻ പദ്ധതിയുണ്ട്. വിപണിയിൽ ലഭിക്കുന്ന ഏറ്റവും മികച്ച ഉഴുന്ന്മാവ് ഉപയോഗിച്ചാണ് വട ഉണ്ടാക്കുന്നത്. ചായക്ക് ദിവസവും 600 ലിറ്റർ പാൽ വേണം.
നാല് സ്ഥാപനങ്ങളായി 61 പേർക്കാണ് മണിയേട്ടൽ തൊഴിൽ നൽകുന്നത്. പട്ടാള ചിട്ടയോടെ എല്ലാ കടകളിലും വിവിധ സമയങ്ങളിലായി മണിയേട്ടൻ എത്തും. ചങ്ങരംകുളത്ത് രാത്രി 12 വരെയും കുന്നംകുളത്ത് 24 മണിക്കൂറും ചായ റെഡിയാണ്. എല്ലാ ദിവസവും നാല് കടകളിൽ മണിക്കൂറുകളോളം മണികണ്ഠന്റെ സേവനം ഉറപ്പാണ്. കോക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി. ഗുരുവായൂർ ശ്രീകൃഷ്ണ കോളജിൽനിന്ന് ബിരുദവും നേടി. 2002ൽ പട്ടാളത്തിൽ ചേർന്ന് നീണ്ട ഒമ്പത് വർഷം ജമ്മു കശ്മീരിലായിരുന്നു. ഒതളൂർ തെക്കേപ്പാട്ട് ഗോപിനാഥൻ നായർ-സുഭദ്രാമ്മ എന്നിവരുടെ രണ്ടാമത്തെ മകനാണ് മണികണ്ഠൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.