തൃശൂർ: ജൂൺ 27ന് വൈകീട്ട് ഏഴേമുക്കാലോടെ അയ്യന്തോൾ ചുങ്കത്തിന് സമീപം ആഭരണ നിർമാണശാലയിൽനിന്ന് ജ്വല്ലറിയിലേക്ക് കൊണ്ടുപോവുകയായിരുന്ന 55 ലക്ഷത്തിന്റെ സ്വർണം കാറിലെത്തിയ സംഘം കവർന്നു. ജീവനക്കാരന്റെ മൊഴിയിലെ വൈരുധ്യത്തിൽ മൂന്നാംനാൾ കവർച്ചസംഘത്തെ തൃശൂർ പൊലീസ് പൊക്കി. മുണ്ടൂരിലെ ആഭരണ നിർമാണശാലയിൽനിന്ന് പണിതീർത്ത 1.85 കിലോ ആഭരണങ്ങൾ ജീവനക്കാരൻ പുത്തൂരിലെ സ്ഥാപനത്തിലേക്ക് സ്കൂട്ടറിൽ കൊണ്ടുപോകുമ്പോഴായിരുന്നു സ്വർണം കവർന്നത്.
ബലമായി കാറിൽ കയറ്റിക്കൊണ്ടുപോയി പാലക്കാട് വെച്ച് സ്വർണവും മൊബൈൽ ഫോണും തട്ടിയെടുത്ത് ഇറക്കിവിട്ടുവെന്ന സ്വർണം കൊണ്ടുപോയ ആളുടെ മൊഴി അവിശ്വസനീയമായതോടെ പൊലീസിന്റെ ചോദ്യം ചെയ്യൽ രീതി മാറി.
ഇതോടെ കവർച്ച ആസൂത്രിതമാണെന്ന് അറിഞ്ഞതോടെ പൊളിഞ്ഞു. രണ്ട് മാസമെത്തുമ്പോഴാണ് സമാനമായ മറ്റൊരു സംഭവം തൃശൂർ നഗരത്തിൽതന്നെ ഉണ്ടാവുന്നത്. പണിതീർത്ത ആഭരണങ്ങൾ ജ്വല്ലറിയിലേക്ക് കൊണ്ടുപോവുന്നതിനായി റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നതിനിടെ സ്ഥാപനവും റെയിൽവേ സ്റ്റേഷനും തമ്മിൽ 300 മീറ്റർ ദൂരം പോലുമില്ലാത്തിടത്ത് കാറിലെത്തിയ സംഘം ബാഗ് തട്ടിയെടുത്ത് രക്ഷപ്പെടുന്നത്.
സ്വർണനഗരിയാണ് തൃശൂർ. നിരവധി സ്വർണാഭരണ നിർമാണകേന്ദ്രങ്ങളും ജ്വല്ലറികളും തൃശൂരിലുണ്ട്. മുമ്പും നിരവധി തവണ ആഭരണങ്ങളുമായി പോകുന്നതിനിടെ തട്ടിയെടുക്കൽ ഉണ്ടായിട്ടുണ്ട്. ഒരു സുരക്ഷയുമില്ലാതെയാണ് സ്വർണം കൊണ്ടു വരുന്നതും ആഭരണങ്ങളാക്കി തിരിച്ചു കൊണ്ടുപോകുന്നതും. ചെറുപ്പക്കാരാണ് ഈ മേഖലയിൽ അധികവും. ട്രെയിൻ യാത്രയും ഇരുചക്രവാഹനത്തിലുമാണ് ഏറെപേരും സ്വർണക്കൈമാറ്റത്തിന്റെ യാത്രക്കായി ഉപയോഗിക്കുന്നത്. മറ്റ് പല സുരക്ഷയെക്കുറിച്ചും ആവർത്തിച്ച് പറയുമ്പോഴും ജീവനിൽ സുരക്ഷിതമില്ലാത്ത ജോലിയാണ് തങ്ങളുടേതെന്ന് ഇവർ പറയും. ജാഗ്രതയോടെ കണ്ണുതുറന്നിരുന്നാലും അതിെനക്കാൾ തീവ്രമായ ജാഗ്രതയോടെ തട്ടിപ്പുകാർ പിന്തുടരുന്നുണ്ടാവും.
10 വർഷം മുമ്പ് തമിഴ്നാട് മധുരയിൽ മലയാളി സ്വർണവ്യാപാരിയെയും സഹായിയെയും ആക്രമിച്ച് നാലര കിലോ സ്വർണം തട്ടിയെടുത്തത് തൃശൂർ സ്വദേശികളായ ആറുപേരാണ്. തൃശൂരിൽ കുരിയച്ചിറ ഗോസായിക്കുന്നത്തെ ആഭരണ നിർമാണശാലയിൽനിന്ന് പണിതീർത്ത് കൊണ്ടുപോയിരുന്ന ആഭരണങ്ങളാണ് സംഘം അവിടെയെത്തി കവർന്നത്. രണ്ടാംനാൾ പ്രതികൾ പിടിയിലായെങ്കിലും ഇപ്പോഴും ഒരു സുരക്ഷയുമില്ലാതെയുള്ള സ്വർണക്കൈമാറ്റം തുടരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.