മാള: കനത്ത മഴയിൽ ചോർന്നൊലിക്കുന്ന വീട്. ചുമർ കുതിർന്നിരിക്കുന്നു. കാറ്റടിക്കുമ്പോൾ പേടിച്ച് വിറച്ച്കിടക്കുന്ന വീട്ടുകാർ. മാളപള്ളിപുറം പടിഞ്ഞാറൻമുറി ലക്ഷം വീടുകൾ എന്നറിയപ്പെടുന്ന ഇരട്ട വീട്ടുകാരുടെ സ്ഥിതി വളരെ ശോച്യാമാണ്. 1975ലാണ് സർക്കാർ സയാമീസ് ഇരട്ട വീടുകൾ അനുവദിച്ചത്.
പിൽക്കാലത്ത് സ്വന്തം ചെലവിൽ ചില വീട്ടുകാർ വീടുകൾ വേർപ്പെടുത്തി. പഴയ പടി ഇരട്ട വീടുകളായി നിലനിൽക്കുന്നത് കൈതത്തറ ത്രേസ്യജോർജ്, കുറ്റിപ്പുഴകാരൻ നെജീബ്, ചക്കാലക്കൽ സത്യൻ, അക്കം വീട്ടിൽ അനില വിഷ്ണു, തളിയ പറമ്പിൽ ആന്റു അന്നംകുട്ടി, പനവളപ്പിൽ റംല അശ്റഫ്, കൊടുങ്ങല്ലൂർകാരൻ മുസ്തഫ, മറിയുമ്മ ഇബ്രാഹിം എന്നിവരുടെ വീടുകളാണ്. ഇതിൽ മുസ്തഫയുടെ വീട് മേൽകൂര തകർന്ന് കിടക്കുകയാണ്. കഴിഞ്ഞ ദിവസം ഒരു വീടിന്റെ അടുക്കള ചുമരും കുതിർന്ന് വീണീട്ടുണ്ട്. ഇവർ താമസംമാറി.
പൊയ്യ പഞ്ചായത്ത് മാളപള്ളിപ്പുറം വാർഡ് രണ്ടിലാണ് ലക്ഷം വീടുകൾ. നിന്നുതിരിയാൻ ഇടമില്ലാത്ത രണ്ട് ഒറ്റമുറി വീടാണ് ലക്ഷംവീട് എന്ന പേരിലറിയപ്പെടുന്നത്. പലരും തങ്ങളുടെ വീടിനുള്ളിൽ പതുക്കെ സംസാരിച്ചാൽ പോലും ചുവരിനപ്പുറത്ത് കേൾക്കും. രണ്ടു വീട്ടുകാർക്കും സ്വകാര്യത ഇല്ലാതായി എന്നതാണ് ലക്ഷംവീട് നേരിടുന്ന പ്രശ്നം. മേൽക്കൂര പുനർനിർമിക്കാൻ കഴിയാത്തതാണ് വീടുകൾ ദുരിതത്തിലേക്ക് വഴിമാറാൻ കാരണം.
കൂലിപ്പണിക്കാരാണ് ഇവരിൽ പലരും. വിധവകളും രോഗികളും ഉണ്ട്. 1975ൽ അനുവദിച്ച ലക്ഷം വീട് വീടുകൾ പിന്നീട് സർക്കാർ തിരിഞ്ഞുനോക്കിയിട്ടില്ല. ഇവരുടെ ശോചനീയ സ്ഥിതികൾ മാധ്യമങ്ങളിലൂടെ അറിഞ്ഞശേഷം 2020ൽ വി.ആർ. സുനിൽകുമാർ എം.എൽ.എ സന്ദർശനം നടത്തിയിരുന്നു. ഇതിനുശേഷം 2021 മാർച്ചിൽ പഞ്ചായത്ത് ഫണ്ട് അനുവദിച്ചു ഒരു വീട് പുനർനിർമിക്കാൻ അനുമതിയായി.
ഒരു ഇരട്ടവീട് വേർപ്പെടുത്തി. രണ്ടാക്കി നിർമാണം നടത്തി. ഇതിന് നാല് ലക്ഷം രൂപ വീതമാണ് അനുവദിച്ചത്. ഓളി പറമ്പിൽ സുബ്രഹ്മണ്യൻ, പള്ളിത്താഴത്ത് പുത്തൻപുര നാസർ എന്നിവരുടെ വീടുകളാണിത്. നാല് വീടുകളുടെ കാര്യത്തിൽ ഇപ്പോഴും പക്ഷേ, നടപടി ആയിട്ടില്ല. സർക്കാറിൽനിന്നും വേണ്ടത്ര ഫണ്ട് കിട്ടിയാൽ ഇവരെ മാറ്റിപ്പാർപ്പിക്കാൻ സാധിക്കുമെന്നും വർഷംതോറും രണ്ട് വീടുകൾ പുനർനിർമിക്കുക എന്ന പദ്ധതി ലക്ഷ്യം വെച്ചാണ് മുന്നോട്ടുപോകുന്നതെന്നും പഞ്ചായത്ത് അംഗം പറയുന്നു. പൊതുസമൂഹത്തിനു മുന്നിൽ ലക്ഷംവീട് ഇന്നും ചോദ്യചിഹ്നമായി തന്നെ നിലനിൽക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.