1. സ്വര്‍ണവും പണവും സൂക്ഷിച്ച അലമാര തുറന്ന നിലയില്‍ 2. ബാലന്‍ സംഭവങ്ങള്‍ വിവരിക്കുന്നു 3.സി.സി.ടി.വിയില്‍ പതിഞ്ഞ മോഷ്ടാവിന്റെ ചിത്രം

ഗുരുവായൂരില്‍ വന്‍ മോഷണം; പ്രവാസി വ്യവസായിയുടെ 371 പവനും രണ്ടുലക്ഷം രൂപയും കവര്‍ന്നു

ഗുരുവായൂര്‍: ആനത്താവളത്തിനടുത്ത് തമ്പുരാന്‍പടിയില്‍ പ്രവാസി സ്വര്‍ണ വ്യാപാരിയുടെ വീട്ടില്‍ വന്‍കവര്‍ച്ച. ബാറുകളും ബിസ്‌ക്കറ്റുകളുമായി സൂക്ഷിച്ചിരുന്ന 371 പവന്‍ സ്വര്‍ണവും രണ്ടുലക്ഷം രൂപയുമാണ് കവര്‍ന്നത്. അശ്വതിയില്‍ കുരഞ്ഞിയൂര്‍ വീട്ടില്‍ ബാലന്റെ വീട്ടിലാണ് മോഷണം നടന്നത്.

ബാലനും ഭാര്യ രുഗ്മണിയും വ്യാഴാഴ്ച ഉച്ചക്ക് മൂന്നോടെ തൃശൂരിലേക്ക് സിനിമക്ക് പോയി രാത്രി 8.30ഓടെ തിരിച്ചെത്തിയതിനിടയിലാണ് മോഷണം നടന്നത്. ഇവര്‍ മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. ഡ്രൈവര്‍ ബ്രിജുവിനൊപ്പമാണ് ഇവര്‍ സിനിമക്ക് പോയിരുന്നത്. തിരിച്ചെത്തിയപ്പോള്‍ വീടിന്റെ മുന്‍വാതില്‍ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. സംശയം തോന്നിയപ്പോള്‍ ഡ്രൈവര്‍ വീടിന് പിറകില്‍ പോയി നോക്കിയപ്പോഴാണ് ടെറസിലൂടെ ആരോ അകത്ത് കടന്നിട്ടുള്ളതായി മനസ്സിലായത്.

ടെറസിലെ വാതില്‍ പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് കിടപ്പുമുറിയിലെ അലമാര തുറന്നാണ് സ്വര്‍ണവും പണവും കവര്‍ന്നത്. അലമാരക്കുള്ളിലാണ് ലോക്കര്‍ സംവിധാനം ഒരുക്കിയിരുന്നത്. സാധനങ്ങളെല്ലാം വാരിവലിച്ചിട്ടിരുന്നു. മോഷ്ടാവിന്റെ ചിത്രം നിരീക്ഷണ കാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഇയാള്‍ അകത്തുകയറി പരിശോധിക്കുന്നതും ബാഗുമായി മതില്‍ ചാടി പോകുന്നതും ദൃശ്യങ്ങളിലുണ്ട്. മുഖം വ്യക്തമല്ല. വീട്ടിലെ ജോലിക്കാരില്‍നിന്ന് പൊലീസ് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. വീട്ടില്‍ അടുത്തയിടെ പെയിന്റിങ് ജോലി നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട ജോലിക്കാരെയും ചോദ്യം ചെയ്യുന്നുണ്ട്. വിരലടയാള വിദഗ്ധരും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. എ.സി.പി കെ.ജി. സുരേഷ്, ഇന്‍സ്‌പെക്ടര്‍മാരായ സി. പ്രേമാനന്ദകൃഷ്ണന്‍, എസ്.ഐമാരായ ഗിരി, ജയപ്രദീപ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

സ്‌ക്രീനില്‍ കുറ്റാന്വേഷണ കഥ, തത്സമയം വീട്ടില്‍ അരങ്ങേറിയത് വന്‍ കുറ്റകൃത്യം

ഗുരുവായൂര്‍: ഏറെക്കാലത്തിനുശേഷം ബാലനും ഭാര്യ രുഗ്മണിയും കണ്ട സിനിമ സി.ബി.ഐ ദ ബ്രെയിന്‍. വീട്ടിലുണ്ടായിരുന്ന പേരക്കുട്ടിക്കൊപ്പമാണ് വീട് പൂട്ടി തൃശൂര്‍ ശോഭ സിറ്റിയിലേക്ക് സിനിമക്ക് പോയത്. വീട്ടില്‍ ഇവര്‍ക്കൊപ്പമുള്ള ഡ്രൈവര്‍ ബ്രിജുവാണ് കാര്‍ ഓടിച്ചത്. ഉച്ചക്ക് മൂന്നിനുള്ള ഷോക്കാണ് പോയത്. ഇവര്‍ കുറ്റാന്വേഷണ സിനിമ കണ്ടിരിക്കുമ്പോള്‍ വീട്ടില്‍ വന്‍ മോഷണം നടക്കുകയായിരുന്നു. ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച് പേരക്കുട്ടിയെ മകളുടെ വീട്ടിലാക്കി തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. 1968ല്‍ ആദ്യകാല പ്രവാസികള്‍ക്കൊപ്പം ഗള്‍ഫിലേക്ക് പോയ വ്യക്തിയാണ് ബാലന്‍. ഫുജൈറിയിലാണ് പത്തേമാരിയിലെത്തിയത്.

പാരമ്പര്യമായി സ്വര്‍ണാഭരണ നിര്‍മാണ രംഗത്തുള്ള ബാലന്‍ അവിടെ ജീവിതം പടുത്തയര്‍ത്തി. അജ്മാനില്‍ ശ്രീജയ എന്ന പേരില്‍ ജ്വല്ലറിയുണ്ടായിരുന്നു. വീട്ടിലെ ആവശ്യങ്ങള്‍ക്കായാണ് സ്വര്‍ണം വീട്ടില്‍തന്നെ സൂക്ഷിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

മോഷ്ടാവ് വീടുമായി അടുത്ത അറിവുള്ളയാളെന്ന് സംശയം 

ഗുരുവായൂര്‍: വീട്ടുകാര്‍ സിനിമക്കുപോയി വരുന്ന സമയത്തിനുള്ളില്‍ നടന്ന മോഷണത്തിന് പിന്നില്‍ വീടുമായി അടുത്ത അറിവുള്ളയാളെന്ന് പൊലീസിന് സംശയം. സ്വര്‍ണംവെച്ച അലമാര മാത്രമാണ് മോഷ്ടാവ് തുറന്നിട്ടുള്ളത്. വീട്ടിലെ മറ്റ് ഒരു അലമാരയും തുറന്നിട്ടില്ല. വീട്ടുകാര്‍ പെട്ടെന്ന് തിരിച്ചെത്തുന്നത് അറിയാനായി മുന്‍ വശത്തെ വാതില്‍ ഉള്ളില്‍നിന്ന് അടച്ചിട്ടിരുന്നു. ഈ വീട്ടില്‍ ഇത്രയും സ്വര്‍ണം ഉണ്ടാകുമെന്ന് അറിയുന്ന ആരോ ആണ് മോഷണത്തിന് പിന്നിലെന്നാണ് സംശയം. ഗുരുവായൂര്‍-പൊന്നാനി ദേശീയപാതക്ക് സമീപമാണ് മോഷണം നടന്ന വീട്.


Tags:    
News Summary - Major theft in Guruvayur; 371 sovereigns and Rs 2 lakh were stolen from an expatriate businessman's house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.