ചേറ്റുവ: ഏങ്ങണ്ടിയൂർ അഞ്ചാം കല്ല് ദേശീയപാതയിൽ വാഹന യാത്രക്കാർക്കും കാൽനട യാത്രക്കാർക്കും ഭീഷണിയായി വെള്ളക്കെട്ട്. കഴിഞ്ഞവർഷവും ഇതേ സ്ഥലത്ത് വലിയ വെള്ളക്കെട്ട് ഉണ്ടായിരുന്നു. ദേശീയപാത നിർമാണ കമ്പനി ഉദ്യോഗസ്ഥർ ദിനംപ്രതി യാത്ര ചെയ്യുന്നതും ദേശീയപാത നിർമാണ പ്രവർത്തനങ്ങൾക്കുള്ള സാമഗ്രികളും വാഹനങ്ങളും കടന്നുപോകുന്നതും ഇതിലൂടെയാണ്. ദേശീയ പാത കരാർ കമ്പനി ഉദ്യോഗസ്ഥർ രൂക്ഷമായ വെള്ളക്കെട്ട് കണ്ടില്ലെന്നു നടിക്കുകയാണ്.
കഴിഞ്ഞ വർഷക്കാലത്തും പ്രദേശവാസികളും കാൽനടയാത്രക്കാരും വാഹന യാത്രക്കാരും ഈ വെള്ളക്കെട്ട് മൂലം ഏറെ ദുരിതമനുഭവിച്ചതാണ്. ചേറ്റുവ ഹാർബറിൽ പോയി വരുന്ന മത്സ്യക്കച്ചവടക്കാർ ഉൾപ്പെടെയുള്ളവർ വെള്ളക്കെട്ട് മൂലം പ്രയാസപ്പെടുന്നുണ്ട്. ബസ് കാത്തിരിപ്പ് കേന്ദ്രം വെള്ളക്കെട്ടിന് സമീപമായതിനാൽ വാഹനങ്ങൾ വേഗത്തിൽ കടന്നു പോകുമ്പോൾ യാത്രക്കാരുടെയും ബസ് കാത്തു നിൽക്കുന്ന വിദ്യാർഥികളുടെയും വസ്ത്രങ്ങളിലേക്ക് ചളി വെള്ളം തെറിക്കുന്നുണ്ട്. സമീപത്തെ വ്യാപാരികളും വലഞ്ഞിരിക്കുകയാണ്. വ്യാപാര സ്ഥാപനങ്ങളിലേക്ക് ജനങ്ങൾക്ക് കടന്നുവരാൻ കഴിയുന്നില്ല.
കരാർ കമ്പനി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് ദേശീയപാതയിൽ കെട്ടിനിൽക്കുന്ന വെള്ളം ഒഴുക്കി വിടാനുള്ള നടപടി അടിയന്തരമായി സ്വീകരിക്കണമെന്നും ദേശീയപാതയിലെ കുഴികൾ അടക്കാനായി നടപടി സ്വീകരിക്കണമെന്നും പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പുവരുത്തണമെന്നും സാമൂഹിക പ്രവർത്തകൻ ലത്തീഫ് കെട്ടുമ്മൽ ആവശ്യപ്പെട്ടു. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ഹൈകോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.