കെ-റെയിൽ വിരുദ്ധ സംസ്ഥാന സമര ജാഥയുടെ സ്വീകരണ യോഗത്തിൽ പ്രൊഫ. കെ. അരവിന്ദാക്ഷൻ സംസാരിക്കുന്നു
തൃശൂർ: കേവലം 30 വെള്ളിക്കാശിന് കേരളത്തെ ഒറ്റുകൊടുക്കരുതെന്ന് മുഖ്യമന്ത്രിയോട് കേരളത്തിലെ സാംസ്കാരിക പ്രവർത്തകരുടെ അഭ്യർഥനയാണെന്ന് പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. കെ. അരവിന്ദാക്ഷൻ പറഞ്ഞു. കെ-റെയിൽ വിരുദ്ധ സംസ്ഥാന സമര ജാഥയുടെ സ്വീകരണ യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
പാരിസ്ഥിതികമായി കേരളത്തെ സമ്പൂർണമായി തകർക്കുന്നതാണ് നിർദിഷ്ട പദ്ധതി എന്ന് തിരിച്ചറിഞ്ഞിട്ടും ബലപ്രയോഗത്തിലൂടെ നടപ്പിലാക്കാൻ ശ്രമിക്കുന്നത് എന്തിനാണെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം. ഒരു പിടി കോർപറേറ്റുകൾക്കായി നടപ്പിലാക്കുന്ന കെ-റെയിലിന് വേണ്ടി ഒരു മുന്നണിയും സന്ധി ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ യോഗം ഉദ്ഘാടനം ചെയ്തു. കെ-റെയിലിനെതിരെ സന്ധിയില്ലാ സമരത്തിനാണ് കോൺഗ്രസും യു.ഡി.എഫും തീരുമാനിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
ബി.ജെ.പി ജില്ല സെക്രട്ടറി കെ.ആർ. ഹരി, സാമൂഹ്യ പ്രവർത്തകൻ കെ. സഹദേവൻ, ജില്ല രക്ഷാധികാരികളായ ഡോ.പി.എസ്. ബാബു, വി.എസ്. ഗിരീശൻ, പി.ജെ. മോൻസി (ആർ.എം.പി.ഐ), രാജേഷ് അപ്പാട്ട് (സി.പി.ഐ.എം.എൽ), ഒ.കെ. വത്സലൻ (എസ്.യു.സി.ഐ), സംസ്ഥാന രക്ഷാധികാരി പ്രൊഫ .കുസുമം ജോസഫ്, സംസ്ഥാന സമിതിയംഗം ലിന്റോ വരടിയം, ജില്ല ചെയർമാൻ ശിവദാസ് മഠത്തിൽ, ഡോ. എം. പ്രദീപൻ, കൺവീനർ എ.എം. സുരേഷ് തുടങ്ങിയവർ സംസാരിച്ചു. അയിനൂർ, കുന്നംകുളം, വരടിയം, കുളങ്ങാട്ട്കര, കെട്ടേക്കാട്ട് എന്നിവിടങ്ങളിൽ സമരജാഥക്ക് സ്വീകരണം നൽകി. ബാനർ സാംസ്കാരിക സമിതിയുടെ ഗായക സംഘവും നാടകസംഘവും വിവിധയിടങ്ങളിൽ കെ-റെയിൽ പദ്ധതിയുടെ ജനവിരുദ്ധത ചർച്ച ചെയ്യുന്ന പരിപാടികൾ അവതരിപ്പിച്ചു. സമര ജാഥക്ക് വ്യാഴാഴ്ച പാലയ്ക്കൽ, ചേർപ്പ്, കൊമ്പിടി, മാള, അന്നമനട എന്നിവിടങ്ങളിൽ സ്വീകരണം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.