മേൽക്കൂരയിൽ കാട്ടു പുല്ല് വളർന്ന് നാശത്തിലായ ചാവക്കാട് താലൂക്ക് ഓഫിസ്

ചരിത്രാവശേഷിപ്പുള്ള ചാവക്കാട് താലൂക്ക് ഓഫിസ് കെട്ടിടം തകർച്ചയിൽ

ചാവക്കാട്: ഇന്നലെകളിലെ ചാവക്കാടിന്‍റെ ജ്വലിപ്പിക്കുന്ന ഓർമകൾക്ക് സാക്ഷ്യവും നിരവധി ചരിത്ര വസ്തുക്കളുടെ സൂക്ഷിപ്പ് കേന്ദ്രവുമായ താലൂക്ക് ഓഫിസ് നാശത്തിലേക്ക് കൂപ്പുകുത്തുമ്പോൾ അടിയന്തരമായി സംരക്ഷിക്കേണ്ട അധികൃതർ നിസംഗതയിൽ.

രാജ്യത്ത് ആദ്യമായി നികുതി നിഷേധിച്ച് ബ്രിട്ടീഷുകാർക്കെതിരെ ശബ്ദിച്ചതിന് വെളിയങ്കോട് ഉമർ ഖാസിയെ ലോക്കപ്പിലിട്ടത് ഈ കെട്ടിടത്തിനുള്ളിലായിരുന്നു. ചരിത്രത്തിൽ ആദ്യത്തെ കുടിയേറ്റക്കാരായ ജൂതരെക്കുറിച്ചും നിരവധി വർഷം ചേറ്റുവയുൾെപ്പടെയുള്ള കൊച്ചി രാജ്യത്ത് ആധിപത്യം സ്ഥാപിച്ച ഡച്ചുകാരെക്കുറിച്ചും ഒന്നാം ലോക മഹായുദ്ധത്തെയും അക്കാലത്തെ ബ്രിട്ടീഷ് രാജാവ് ജോർജ് അഞ്ചാമനെയും ഓർമിപ്പിക്കുന്ന ചരിത്ര സൂക്ഷിപ്പുകളുള്ള കെട്ടിടമാണ് തകർച്ചയിലേക്ക് നീങ്ങുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടം പൈതൃക സംരക്ഷണ ഭാഗമായി നിലനിർത്താനായിരുന്നു സർക്കാർ തീരുമാനം. മേൽക്കൂരയുൾെപ്പടെ തകരാറുള്ള ഭാഗങ്ങളിലെ അറ്റകുറ്റപ്പണിക്ക് മാർച്ച് അവസാനം സർക്കാർ 40.5 ലക്ഷം അനുവദിച്ചു. എന്നാൽ, ജില്ല തലത്തിൽ നടപടി ഉണ്ടായിട്ടില്ല. മഴ പെയ്തതോടെ ഓടുകൾ ദ്രവിച്ച് വീഴുകയാണ്. ജീവനക്കാരുടെ ജീവനും ഭീഷണിയാണ്. തുക അനുവദിച്ചതിനാൽ താൽക്കാലിക അറ്റകുറ്റപ്പണിക്കും ബന്ധപ്പെട്ടവർ മടിച്ച് നിൽക്കുകയാണ്.

ബ്രിട്ടീഷ് ഭരണകാത്ത് റവന്യു പിരിവിനും ബന്ധപ്പെട്ട തർക്ക പരിഹാരങ്ങൾക്കുമായി മലബാർ കലക്ടറുടെ കീഴിൽ സ്ഥാപിച്ചതാണ് താലൂക്ക് ഓഫിസ്. ബ്രിട്ടീഷുകാർ അന്യായ നികുതി ഈടാക്കാൻ ശ്രമിച്ചത് വെളിയങ്കോട് ഉമര്‍ഖാസി ചോദ്യം ചെയ്തു. നികുതിയടക്കാനും തയാറായില്ല. ചാവക്കാട് തുക്കിടിയായിരുന്ന നീബു സായിപ്പ് ഖാസിയെ ജയിലിലടക്കാൻ നിർദേശിച്ചു. 1819 ഡിസംബർ 17നായിരുന്നു ഇത്. ഉമർ ഖാസി ഒരു രാത്രി കഴിഞ്ഞ ലോക്കപ്പ് മുറി ഇപ്പോഴും കെട്ടിത്തിലുണ്ട്.


താലൂക്ക് ഓഫിസ് വരാന്തയിലെ ചുവരിൽ മൂന്ന് ശിലാഫലകങ്ങളുണ്ട്. ജൂത കുടിയേറ്റം ഓർമിപ്പിക്കുന്നതാണ് ഒന്ന്. മറ്റൊന്ന് ഡച്ച് ഭാഷ‍യിലാണ്. ചേറ്റുവ കോട്ടയിലെ ഡച്ച് സേനയുടെ പ്രഥമ കമാൻഡറായിരിക്കെ മരിച്ച ക്യാപ്റ്റൻ ലഫ്റ്റനെന്‍റ് ഹീർ വിൽഹെൽമ് ബ്ലാസറിന്‍റെ ശവകുടീരത്തിൽ വെച്ചതായിരുന്നു ആ ഫലകം. 1729 ഫെബ്രുവരി രണ്ടിനാണ് അദ്ദേഹം അന്തരിച്ചത്. മലബാർ കലക്ടറായിരുന്ന വില്യം ലോഗനാണ് ഈ ഫലകങ്ങൾ ചാവക്കാട് ഡെപ്യൂട്ടി താഹസിൽദാർ ഓഫിസിൽ എത്തിച്ചത്. ഒന്നാം ലോക മഹായുദ്ധത്തിൽ ചാവക്കാട്ടുനിന്ന് പങ്കെടുത്ത 45 പേരിൽ മരിച്ച അഞ്ച് പേരെ ഓർമിപ്പിക്കുന്നതാണ് മൂന്നാമത്തെ ഫലകം.

താലൂക്ക് ഓഫിസ് മതിലിലും ഒരു ചരിത്രാവശേഷിപ്പുണ്ട്. നഗരത്തിൽ എത്തുന്നവർക്ക് ദാഹം തീർക്കാൻ ബ്രിട്ടീഷുകാർ ആരംഭിച്ച കുടിവെള്ള പദ്ധതിയെ ഓർമിപ്പിക്കുന്നതാണത്. മതിലിനകത്ത് ചെറിയ സംഭരണിയിൽനിന്നുള്ള വെള്ളമാണ് പൈപ്പിലൂടെ പുറത്തുനിന്ന് എടുക്കാൻ പാകത്തിൽ സ്ഥാപിച്ചത്. പുറത്ത് വായിക്കാവുന്ന വിധം 'മെമ്മോറിയൽ ഓഫ് കിങ് ജോർജ് അഞ്ച്' എന്ന് ഇംഗ്ലീഷിലും 'കുടിക്കുന്ന വെള്ളം' എന്ന് മലയാളത്തിലും എഴുതിയിട്ടുണ്ട്. വർഷങ്ങളോളം ആരും ശ്രദ്ധിക്കാതെ പോയ ഈ ഭാഗം അഞ്ച് വർഷമായി ചാവക്കാട് നഗരസഭ പെയിൻറ് ചെയ്ത് ശ്രദ്ധേയമാക്കിയിട്ടുണ്ട്. താലൂക്ക് ഓഫിസ് കെട്ടിടം നവീകരിക്കുമ്പോൾ ഇവ സംരക്ഷിക്കേണ്ടതുണ്ട്.

Tags:    
News Summary - Chavakkad taluk office building collapsing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.