ബാലു
ചാലക്കുടി: അച്ഛനെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങി നടന്നിരുന്ന മകൻ പിടിയിൽ. പരിയാരം കൊന്നക്കുഴി സ്വദേശി കുന്നുമ്മേൽ വീട്ടിൽ ബാലു (25) ആണ് അറസ്റ്റിലായത്.
കുടുംബ വഴക്കിനെ തുടർന്ന് 2018 മാർച്ച് 27ന് കൊന്നക്കുഴിയിലുള്ള വീട്ടിൽ അച്ഛൻ ബാബു (47) വിനെ വടികൊണ്ടും കൈകൊണ്ടും ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു. ആശുപത്രിയിൽ ബാബു മരണപ്പെട്ടു.
ആശുപത്രിയിൽ ബാബുവിനെ പരിചരിക്കാൻ നിന്ന ഭാര്യ ഷാലി വീടിന് മുകളിൽനിന്ന് വീണതിലാണ് ബാബുവിന് പരിക്കേറ്റത് എന്നാണ് ആശുപത്രി അധികൃതരെയും പൊലീസിനെയും അറിയിച്ചത്.
2019 ഒക്ടോബർ 22ന് ബാലു മോഷ്ടിച്ച മോട്ടോർ സൈക്കിളുമായി ചാലക്കുടി പൊലീസിന്റെ പിടിയിലായിരുന്നു. ഈ കേസിൽ കസ്റ്റഡിയിൽ ഇരിക്കെ ബാലു അച്ഛനെ കൊലപ്പെടുത്തിയതായി കുറ്റസമ്മതം നടത്തുകയായിരുന്നു. അറസ്റ്റിലായി കോടതിയിൽ വിചാരണ നടപടികൾ നടക്കുമ്പോൾ ജാമ്യത്തിൽ ഇറങ്ങി തുടർച്ചയായി കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. ഇയാളെ പിടികൂടാനായി കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
മേലൂർ കുന്നപ്പിള്ളിയിൽനിന്നും തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവുമാണ് അറസ്റ്റ് ചെയ്തത്. ചാലക്കുടി എസ്.എച്ച്.ഒ എം.കെ. സജീവ്, എസ്.ഐമാരായ സിജുമോൻ, ഷെറിൽ, സി.പി.ഒമാരായ രതീഷ്, പ്രദീപ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.