മേലൂരിൽ ചീനോലിപ്പാടത്തെ മണ്ണ് കെ.ആർ.എഫ്.ബി അധികൃതർ നീക്കം ചെയ്യുന്നു
ചാലക്കുടി: അനധികൃതമായി നികത്തിയ മേലൂരിലെ തണ്ണീർത്തടത്തിലെ മണ്ണ് തിരിയെ എടുപ്പിച്ചു. പരാതിയെ തുടർന്നാണ് കെ.ആർ.എഫ്.ബിയെ കൊണ്ട് മണ്ണ് തിരികെ എടുപ്പിച്ചത്. ഇതോടെ ഫലം കണ്ടത് വനിത ഭൂവുടമയുടെ നിയമപോരാട്ടമാണ്. ഏതാനും വർഷം മുമ്പാണ് മേലൂർ പഞ്ചായത്തിലെ മുരിങ്ങൂർ -ഏഴാറ്റുമുഖം റോഡ് 39 കോടി രൂപ മുടക്കി പുതുക്കി പണിയുന്നത്. ഈ സമയത്ത് ഭൂമാഫിയയുമായി ഒത്തുകളിച്ച് കെ.ആർ.എഫ്.ബി അധികൃതർ റോഡരികിലെ കുന്നപ്പിള്ളി ചിനേലി പാടത്തിന്റെ ഭാഗം നികത്തുകയായിരുന്നു.
പരാതിയെ തുടർന്ന് ചാലക്കുടി തഹസിൽദാർ കഴിഞ്ഞ ദിവസം കെ.ആർ.എഫ്.ബിയോട് ഉടൻ മണ്ണ് നീക്കം ചെയ്ത് തണ്ണീർത്തടം പൂർവ സ്ഥിതിയിലാക്കാൻ ഉത്തരവിട്ടു. റോഡ് നിർമാണത്തിന്റെ ഭാഗമായ മെറ്റലും ടാറും അവശിഷ്ടങ്ങളുമാണ് ശനിയാഴ്ച രാവിലെ മണ്ണുമാന്തി ഉപയോഗിച്ച് നീക്കിയത്. കൊരട്ടി പൊലീസും സ്ഥലത്തെത്തിയിരുന്നു. റോഡ് നിർമാണ ഫലമായി ഉണ്ടാകുന്ന മണ്ണും മറ്റ് അവശിഷ്ടങ്ങളും 1.5 കിലോമീറ്റർ ദൂരത്ത് മാത്രം നിക്ഷേപിക്കാവൂ എന്ന നിയമം നിലനിൽക്കുന്നുണ്ട്. അത് വക വെക്കാതെ കുന്നപ്പിള്ളി ചിനേലി പാടത്ത് പാടം നികത്താനുള്ള ഗൂഢ ലക്ഷ്യത്തോടെ നിക്ഷേപിക്കുകയായിരുന്നു.
ഇതോടെ ആ ഭാഗത്തെ തോട് അടയുകയും അതിന് സമീപത്തുള്ള വയലിൽ കൃഷി ചെയ്യാൻ സാധിക്കാത്ത അവസ്ഥയുണ്ടാവുകയും ചെയ്തു. എന്നാൽ ബന്ധപ്പെട്ട അധികൃതർ ഇതിനു നേരെ കണ്ണടക്കുകയും ഇതുവഴി പാടം നികത്താനുള്ള നീക്കത്തിന് ഒത്താശ നൽകുകയുമായിരുന്നു. തോട് നികത്തിയതിനാൽ കൃഷിയിറക്കാൻ സാധിക്കാത്തതിനെതിരെ പ്രദേശത്തെ വനിത കൃഷിഭൂമി ഉടമ പരാതി നൽകിയെങ്കിലും ആദ്യം നടപടി ഉണ്ടായില്ല. മാസങ്ങൾ നീണ്ട അവരുടെ പോരാട്ടത്തിന് ശേഷമാണ് തഹസിൽദാറുടെ ഉത്തരവ് പ്രകാരം കെ.ആർ.എഫ്.ബി റോഡരികിലെ ചീനോലി പാടത്തെ മണ്ണ് നീക്കം ചെയ്യുന്ന നടപടി ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.