ചാലക്കുടിയിൽ മുന്നണികൾ ഒരുങ്ങുന്നു

ചാലക്കുടി: ചാലക്കുടിയിലെ എട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ തയാറെടുപ്പിലേക്ക് മുന്നണികൾ. ധാരണകൾ പൂർണമായും രൂപപ്പെടാത്തതിനാൽ സ്ഥാനാർഥിത്വത്തിനുള്ള അവകാശവാദങ്ങളുമായി പാളയത്തിനുള്ളിൽ തന്നെയാണ് ഇപ്പോഴത്തെ പടവെട്ട്.

ഓരോ പാർട്ടിയിലും ഏതാണ്ട് തീരുമാനത്തിലെത്തിയിട്ടുണ്ടെങ്കിലും മുന്നണികളിൽ ഘടകകക്ഷികൾ തമ്മിലുള്ള അവകാശവാദങ്ങൾ തുടരുകയാണ്. ചാലക്കുടി, കൊരട്ടി, കാടുകുറ്റി, മേലൂർ, അതിരപ്പിള്ളി, പരിയാരം, കോടശ്ശേരി, കൊടകര എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ചാലക്കുടി മണ്ഡലത്തിൽ ഉള്ളത്. എല്ലായിടത്തും പ്രധാന മത്സരം ഇടതുമുന്നണിയും യു.ഡി.എഫും തമ്മിൽ തന്നെയായിരിക്കും.

ചാലക്കുടി നഗരസഭയും കോടശ്ശേരി പഞ്ചായത്തും ചാലക്കുടി േബ്ലാക്ക് പഞ്ചായത്തും യു.ഡി.എഫ് ഭരിക്കുമ്പോൾ കൊരട്ടി, പരിയാരം, മേലൂർ, അതിരപ്പിള്ളി, കാടുകുറ്റി എന്നിവിടങ്ങളിൽ എൽ.ഡി.എഫ് ആണ് ഭരണം കയ്യാളുന്നത്. എൽ.ഡി.എഫും യു.ഡി.എഫും തികഞ്ഞ പ്രതീക്ഷയോടെയാണ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്.

ചാലക്കുടി നഗരസഭയിൽ വൻ ഭൂരിപക്ഷത്തിന്റെ പശ്ചാത്തലത്തിൽ അമിതമായ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. എന്നാൽ മേലൂർ, പരിയാരം, അതിരപ്പിള്ളി എന്നിവിടങ്ങളിൽ എൽ.ഡി.എഫിന് ആത്മവിശ്വാസം കൂടുതലുണ്ട്. അതേസമയം കാടുകുറ്റിയിലും കൊരട്ടിയിലും അധികാരം തിരിച്ചുപിടിക്കാൻ ശക്തമായ യുദ്ധതന്ത്രങ്ങളുമായി യു.ഡി.എഫ് തയാറെടുപ്പ് നടത്തുമ്പോൾ കോടശ്ശേരിയിൽ കഷ്ടിച്ച് നഷ്ടപ്പെട്ട ഭരണം തിരിച്ചുപിടിക്കാനുള്ള ഒരുക്കത്തിലാണ് എൽ.ഡി.എഫ്.

കഴിഞ്ഞ അഞ്ചു വർഷകാലയളവിൽ ഭരണത്തിലിരിക്കുന്ന മുന്നണിക്കെതിരെ ഏറ്റവും ശക്തമായ സമരങ്ങൾ നടന്നത് ചാലക്കുടി നഗരസഭയിലും കോടശ്ശേരി പഞ്ചായത്തിലുമാണ്. രണ്ടിടത്തും ഭരിക്കുന്ന യു.ഡി.എഫിനെതിരെ വിവിധ പ്രശ്നങ്ങൾ ഉയർത്തി ഈ കാലയളവിൽ പ്രതിപക്ഷമായ എൽ.ഡി.എഫ് ആഞ്ഞടിച്ചിരുന്നു. കൊരട്ടി ഭരിക്കുന്ന എൽ.ഡി.ഫിനെതിരെ തെരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് പ്രതിപക്ഷമായ യു.ഡി.എഫ് ഉണർന്നത്. തെരഞ്ഞെടുപ്പ് രംഗം ഉണർന്നതോടെ ആരോപണങ്ങളും പുതിയ വാഗ്ദാനവുമായി മുന്നണികൾ അണിയറയിൽ തയാറാവുകയാണ്.   

Tags:    
News Summary - Political parties are preparing in Chalakudy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.