ക​ഴി​ഞ്ഞദി​വ​സം പു​റ​ത്തു​വി​ട്ട ഭൂ​പ​ട​ം

കരുതൽ മേഖല: വനം വകുപ്പ് ഭൂപടം വരച്ചു കളിക്കുന്നു; ആധിയേറി മലയോര ജനത

ചാലക്കുടി: വനം വകുപ്പ് കരുതൽ മേഖലയുടെ ഭൂപടം വരച്ച് കളിക്കുന്നു, മലയോര മേഖലയിലെ ജനങ്ങൾ കൂടുതൽ അവ്യക്തതയിലേക്ക്. കരുതൽ മേഖലയിൽ ഉൾപ്പെട്ട പ്രദേശത്തെകുറിച്ച് ആശയക്കുഴപ്പം പരത്തുന്ന രീതിയിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ കുറച്ചുദിവസങ്ങളായി ഭൂപടങ്ങളിറക്കുന്നതെന്നാണ് ആരോപണം.ഏറ്റവും ഒടുവിൽ കരുതൽ മേഖലയുടെ ഭൂപടം പ്രസിദ്ധപ്പെടുത്തിയതിൽ കോടശേരി പഞ്ചായത്തിലെ സ്ഥലങ്ങൾ രേഖപ്പെടുത്തിയിട്ടില്ല.

അതേസമയം ഇതുവരെ കാര്യമായി കരുതൽ മേഖലയിൽ ഉൾപ്പെടാത്ത അതിരപ്പിള്ളിയിലെ പ്രദേശങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ അതിരപ്പിള്ളിയിലെയും കോടശേരി പഞ്ചായത്തിലെയും ജനങ്ങൾ കരുതൽ മേഖലയിൽ ഉൾപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്നറിയാതെ ആശയക്കുഴപ്പത്തിലാണ്. വ്യക്തത വരുത്താൻ ഉന്നതാധികാരിയായ ഡി.എഫ്.ഒയെ സമീപിക്കുമ്പോൾ അദ്ദേഹവും ധാരണയില്ലാതെ കൈമലർത്തുന്നുവെന്നാണ് ജനങ്ങളുടെ പരാതി.

സർവേ രീതിയെ കുറിച്ചും മലയോര മേഖലയെ കുറിച്ചും ധാരണയില്ലാതെ പീച്ചി വനം വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ് അവ്യക്തത പരത്തുന്ന ഭൂപടങ്ങൾക്ക് പിന്നിലുള്ളതെന്നാണ് ആരോപണം. അവസാനം പ്രസിദ്ധീകരിച്ച മറ്റത്തൂർ പഞ്ചായത്തിന്റെ കരുതൽ മേഖല ഭൂപടത്തിൽ കോടശേരി പഞ്ചായത്തിനെ ദീർഘ ദൂരത്തിലാണ് കാണിച്ചിരിക്കുന്നതെങ്കിൽ അതിരപ്പിള്ളിയുടെ ഭൂപടത്തിൽ കോടശേരി പഞ്ചായത്തിന്റെ അതിർത്തി മാത്രം സ്പർശിക്കുന്ന രീതിയിലാണ് കൊടുത്തിരിക്കുന്നത്.

ഇതേപറ്റി അറിയാൻ പീച്ചി വന ഗവേഷണ കേന്ദ്രവുമായി ബന്ധപ്പെട്ടപ്പോൾ ആദ്യം പ്രസിദ്ധീകരിച്ചത് ഒരു കിലോമീറ്റർ കരുതൽ മേഖലയുമായി ബന്ധപ്പെട്ടതായിരുന്നുവെന്നും ഇപ്പോൾ പ്രസിദ്ധീകരിക്കുന്നത് ജനവാസ മേഖലകളെ ഒഴിവാക്കിയതുമാണെന്നാണ് വിശദീകരണം.വന്യമൃഗ സങ്കേതത്തിന്റെ അതിർത്തിയേതെന്നോ, വനാതിർത്തിയേതെന്നോ വ്യക്തത വരുത്താതെയാണ് ഉദ്യോഗസ്ഥർ ഭൂപടം വരച്ച് കളി.

ഈ മേഖലയിൽ രണ്ട് വന്യമൃഗസങ്കേതങ്ങളാണുള്ളത്. ചിമ്മിണിയും പറമ്പിക്കുളവും.നേരത്തെ വരച്ചിരുന്ന ഭൂപടത്തിൽ കോടശേരിയും അതിരപ്പിള്ളിയും ചിമ്മിണി വന്യമൃഗസങ്കേതത്തിന്റെ അതിർത്തിയിലെന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ പിന്നീടത് തിരുത്തി. കോടശേരി ചിമ്മിണിയുടെയും അതിരപ്പിള്ളി പറമ്പിക്കുളത്തിന്റേയും ഭാഗമായി മാറ്റി വരച്ചിട്ടുണ്ട്.

ചിമ്മിണി വന്യജീവി സങ്കേതത്തിന്റെ അതിർത്തി കോടശേരി വരെ എത്തുമോയെന്ന സംശയം ഉയരുന്നുണ്ട്. 1984ൽ ചിമ്മിണി വന്യജീവി സങ്കേതത്തിന്റെ വിസ്തീർണം 85.067 ചതുരശ്ര കിലോമീറ്ററാണെന്ന് നിജപ്പെടുത്തിയിരുന്നു. പിന്നീട് വന്യജീവി സങ്കേതത്തിന്റെ വിസ്തീർണത്തിൽ മാറ്റം വരുത്തിയതായി പറഞ്ഞിരുന്നില്ല.എന്നാൽ ഇപ്പോൾ ചിമ്മിണി വന്യജീവി സങ്കേതത്തിന്റെ ദൂരപരിധി 113 ചതുരശ്ര കിലോമീറ്റർ ആണെന്നാണ് അധികൃതർ അവകാശപ്പെടുന്നത്.

ഇതിന്റെ അടിസ്ഥാനത്തിലാണ് കോടശേരിയെ ഉൾപ്പെടുത്തിയതെന്നാണ്‌ വാദം. ഇതുവരെ മൂന്ന് കരുതൽ മേഖല ഭൂപടങ്ങളാണ് ചെറിയ വ്യത്യാസങ്ങൾ വരുത്തി പുറത്തിറക്കിയെങ്കിലും കൃത്യതയാർന്ന സർവേ നമ്പറുകളോടെ പ്രതിപാദിക്കുന്ന ഒരുഭൂപടവും ഇതുവരെ ലഭ്യമാക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.

ആദ്യം പുറത്തിറക്കിയ കോടശേരി പഞ്ചായത്തിലെ കുറ്റിച്ചിറ വില്ലേജിലെ പതിനൊന്നോളം സർവേ നമ്പറുകളിലായി 110.3835 ഹെക്ടർ ഭൂമിയാണ് കരുതൽ മേഖലയിൽ ഉൾപ്പെടുത്തിയത്. എന്നാൽ അത് ഇതുവരേയും പിൻവലിച്ചുള്ള ഒരു രേഖയും പുറത്തുവിട്ടിട്ടില്ല.

Tags:    
News Summary - buffer zone: Forest Department draws map and plays

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.