കാടുമൂടിയ മറ്റത്തൂര്‍ കനാല്‍
വെള്ളിക്കുളങ്ങര: മറ്റത്തൂര്‍ പഞ്ചായത്തിലെ മോനൊടി, കടമ്പോട് പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന ജലസേചന കനാല്‍ വൃത്തിയാക്കൽ വൈകുന്നതിൽ പ്രതിഷേധവുമായി നാട്ടുകാർ. കനാല്‍ വൃത്തിയാക്കാന്‍ കരാറുകാരനെ ചുമതലപ്പെടുത്തി ഒരു മാസത്തോളമായിട്ടും ഈ പ്രദേശങ്ങളില്‍ പണി നടക്കാത്തതാണ് പ്രതിഷേധത്തിന് കാരണം.
പാഴ്ച്ചെടികളും മാലിന്യവും നിറഞ്ഞ അവസ്ഥയിലാണ് മറ്റത്തൂര്‍ കനാല്‍. എല്ലാ വര്‍ഷവും കാലവര്‍ഷം പിന്‍വാങ്ങുന്നതോടെ കനാല്‍ വൃത്തിയാക്കാറുണ്ടെങ്കിലും ഇത്തവണ പണികള്‍ സമയബന്ധിതമായി നടന്നില്ല. കനാലിന്റെ മുകള്‍ ഭാഗത്തും വാലറ്റത്തും പണി പൂര്‍ത്തീകരിച്ചിട്ടും മധ്യഭാഗത്തുള്ള മോനൊടി, കടമ്പോട് പ്രദേശങ്ങളിലാണ് നടപടിയില്ലാത്തത്.
കനാലില്‍ ഇതുവരെ കാണപ്പെടാത്ത വിധത്തില്‍ കുളവാഴകളും വയല്‍ച്ചുള്ളി ചെടികളും വളര്‍ന്നുനില്‍ക്കുകയാണ്. മോനൊടി മാരാന്പാലം പ്രദേശത്ത് പായലും ചണ്ടിയും മാലിന്യവും കെട്ടിക്കിടന്ന് ദുര്‍ഗന്ധം വമിക്കുന്നത് കനാലോരത്തുള്ള കുടുംബങ്ങൾക്ക് ദുരിതമാണ്. എത്രയുംവേഗം കനാല്‍ വൃത്തിയാക്കി വെള്ളം തുറന്നുവിടാൻ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.