അണ്ടത്തോട് നാക്കോല സെന്ററിൽ കാറിടിച്ച് മുറിഞ്ഞ വൈദ്യുതിക്കാൽ മാറ്റാതെ ഇരുമ്പ് പൈപ്പ് വെച്ച് കെട്ടിവരിഞ്ഞ നിലയിൽ

കാലിനു പരിക്കുപറ്റി, മുറിവ് കെട്ടിയതാ...

പുന്നയൂർക്കുളം: അണ്ടത്തോട് നാക്കോലയിൽ കഴിഞ്ഞദിവസം കാറിടിച്ച് മുറിഞ്ഞ വൈദ്യുതിക്കാൽ മുറിഞ്ഞപ്പോൾ വീഴാതിരിക്കാൻ ഇരുമ്പ് പൈപ്പ് വെച്ച് ചുറ്റിക്കെട്ടിയിരിക്കുന്നത് കൗതുകമാകുന്നു. വണ്ടിയിടിച്ച് മുറിഞ്ഞ വാർപ്പ് കാൽ സാധാരണ മാറ്റിസ്ഥാപിക്കലാണ് പതിവ്.

മേഖലയിൽ ഇതാദ്യമായാണ് ഒടിഞ്ഞ വൈദ്യുതിക്കാൽ പുറത്തേക്ക് തള്ളി വീഴാതിരിക്കാൻ ഏച്ചുകെട്ടിയിരിക്കുന്നത്. കെട്ടിന്റെ ഊക്കു കൊണ്ടല്ല കാല് വീഴാത്തത്, ഒടിഞ്ഞ കാല് മറ്റൊരു കാലുമായി ട്രാൻസ്‌ഫോർമർ വെക്കാൻ പാകത്തിൽ ബന്ധിപ്പിച്ചിരിക്കുന്നതിനാലാണിത്. ഇപ്പോൾ ചാക്ക് തുന്നുന്ന സൂചിയുടെ വണ്ണത്തിലുള്ള കമ്പിയാണ് അകത്ത് വാർപ്പിനായി ഇടുന്നത്. പെട്ടെന്ന് മുറിഞ്ഞുവീഴാൻ വാഹനങ്ങളുടെ ചെറിയ ഒരിടി മതി.

അത്തരത്തിൽ ഒരു അപകടമുണ്ടായ സ്ഥലത്താണ് പകരം സംവിധാനമായി ഉലക്കയോളം വണ്ണമുള്ള പൈപ്പ് ചേർത്ത് വെച്ച് വൈദ്യുതിക്കാല് കെട്ടിവരിഞ്ഞിരിക്കുന്നത്. പി.കെ.എം.പി.സി.ആർ 49 എന്ന നമ്പറിലുള്ള വൈദ്യുതിക്കാലാണ് മുറിഞ്ഞിട്ടുള്ളത്. നാക്കോല സെന്ററിൽ മൂന്ന് റോഡുകൾ സംഗമിക്കുന്നിടത്താണ് ഈ വൈദ്യുതിക്കാലുള്ളത്.

Tags:    
News Summary - Broken electricity post is threatening

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.