രാഗി ശ്രീനിവാസൻ (എൽ.ഡി.എഫ്), കാവ്യ
രഞ്ജിത് (യു.ഡി.എഫ്), സജിനി സന്തോഷ്
(എൻ.ഡി.എ)
ആളൂര്‍: ജില്ല പഞ്ചായത്ത് ആളൂര്‍ ഡിവിഷനിലെ ത്രികോണ മല്‍സരത്തിൽ ഇത്തവണ അങ്കത്തട്ടിലുള്ളത് മൂന്നു വനിതകളാണ്. പട്ടികജാതി വനിതകള്‍ക്കായി സംവരണം ചെയ്തിട്ടുള്ള ഈ ഡിവിഷനെ കഴിഞ്ഞ ഭരണ സമിതിയില്‍ പ്രതിനിധാനം ചെയ്തിരുന്നത് ജില്ല പഞ്ചായത്ത് പ്രസിഡന്റുകൂടിയായിരുന്ന സി.പി.എമ്മിലെ പി.കെ. ഡേവിസ് മാസ്റ്ററാണ്. ഡിവിഷന്‍ നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ് ഇടതുമുന്നണി. വിജയ പ്രതീക്ഷയോടെ യു.ഡി.എഫും എന്‍.ഡി.എയും പടക്കളത്തിലുണ്ട്. മാള ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ആളൂര്‍, കൊമ്പൊടിഞ്ഞാമാക്കല്‍, കല്ലേറ്റുങ്കര, കാരൂര്‍, അഷ്ടമിച്ചിറ എന്നീ ഡിവിഷനുകളും വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ പുത്തന്‍ചിറ ഡിവിഷനുമാണ് ആളൂര്‍ ജില്ല പഞ്ചായത്ത് ഡിവിഷനു കീഴില്‍ വരുന്നത്.
ആളൂര്‍ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സനായിരുന്ന രാഗി ശ്രീനിവാസനെയാണ് (സി.പി.എം) ഇടതുമുന്നണി ഇക്കുറി ഡിവിഷന്‍ നിലനിര്‍ത്താനായി നിയോഗിച്ചിട്ടുള്ളത്. ആളൂര്‍ പഞ്ചായത്തിലെ തിരുത്തിപറമ്പ് സ്വദേശിനിയാണ് രാഗി ശ്രീനിവാസന്‍. പ്രചരണരംഗത്തു നിറയുന്ന ആവേശവും അംഗീകാരവും സുനിശ്ചിത വിജയത്തിന്റെ സൂചനയായി ഇടതുകേന്ദ്രങ്ങള്‍ വിലയിരുത്തുന്നു. എല്‍.ഡി.എഫ് കൈയടക്കി വെച്ചിട്ടുള്ള ആളൂര്‍ ഡിവിഷന്‍ പിടിച്ചടക്കാനായി എല്‍.എല്‍.ബി വിദ്യാര്‍ഥിനി കൂടിയായ കാവ്യരഞ്ജിത്താണ് (കോണ്‍ഗ്രസ്) യു.ഡി.എഫിനായി മല്‍സരരംഗത്തുള്ളത്. വെട്ടുകാട് സ്വദേശിനിയാണ് ഇവര്‍.
വോട്ടഭ്യര്‍ഥിച്ചുകൊണ്ടുള്ള പര്യടത്തിനിടെ പ്രവര്‍ത്തകരും നാട്ടുകാരും നല്‍കുന്ന പിന്തുണ തികഞ്ഞ വിജയപ്രതീക്ഷയാണ് പകരുതെന്ന് യുഡിഎഫ് നേതൃത്വം പറയുന്നു. പുതിയ രാഷ്ടീയകാലാവസ്ഥയില്‍ വലിയ മുന്നേറ്റം പ്രതീക്ഷിച്ചുകൊണ്ടാണ് ഇത്തവണ എന്‍.ഡി.എ കളത്തിലിറങ്ങിയിട്ടുള്ളത്. രണ്ട് വട്ടം കൊടകര ഗ്രാമപഞ്ചായത്ത് അംഗമായി പ്രവര്‍ത്തിച്ചതിന്റെ പരിചയസമ്പത്ത് ഉയര്‍ത്തികാട്ടി കൊണ്ടാണ് കനകമല സ്വദേശിനി സജിനി സന്തോഷ് (ബി.ജെ.പി) വോട്ടഭ്യർഥിക്കുന്നത്. സംസ്ഥാനമൊട്ടാകെ പ്രതീക്ഷിക്കുന്ന മുന്നേറ്റം ഇക്കുറി ആളൂര്‍ ഡിവിഷനിലും ഉണ്ടാകുമെന്നാണ് എന്‍.ഡി.എ യുടെ വിലയിരുത്തല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.