സ്‌റ്റൈപ്പന്റോടെ തൊഴില്‍ പരിശീലനം; അപ്രന്റീസ്ഷിപ്പ് മേള നാളെ

സ്റ്റൈപൻഡോടെ തൊഴില്‍ പരിശീലനം; അപ്രന്‍റിസ്ഷിപ് മേള നാളെ തൃശൂർ: ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ സ്റ്റൈ​പൻഡോടെ തൊഴില്‍ പരിശീലനം നേടാൻ അവസരമൊരക്കുന്ന അപ്രന്‍റിസ്ഷിപ് മേള വെള്ളിയാഴ്ച നടക്കും. കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിന്‍റെയും കേരള സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിന്‍റെയും ആഭിമുഖ്യത്തിലാണ് മേള. രാവിലെ പത്തിന്​ ജില്ല ആസൂത്രണ ഭവന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ പി.കെ. ഡേവിസ് മാസ്റ്റര്‍ മേള ഉദ്ഘാടനം ചെയ്യും. കലക്ടര്‍ ഹരിത വി. കുമാര്‍ അധ്യക്ഷത വഹിക്കും. മേളയുടെ പോസ്റ്റര്‍ അപ്രന്‍റിസ് അഡ്വൈസർമാരായ ആർ.കെ. സലീം, പി.കെ. സുധ എന്നിവര്‍ ചേര്‍ന്ന് കലക്ടര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. തൃശൂര്‍ ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ 600ല്‍പരം അപ്രന്‍റിസുമാരുടെ ഒഴിവുകളിലേക്ക്​ ബന്ധപ്പെട്ട സ്ഥാപനങ്ങൾ നേരിട്ട്​ തിരഞ്ഞെടുക്കും. വിവിധ തൊഴില്‍ മേഖലകളില്‍ ഐ.ടി.ഐ യോഗ്യതയുള്ളവർക്കും സ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയവര്‍ക്കും പ​ങ്കെടുക്കാം. ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള പരിശീലന കാലയളവില്‍ കുറഞ്ഞത് 7000 രൂപ പ്രതിമാസ സ്റ്റൈപൻഡ്​ ലഭിക്കും. സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി അപ്രന്‍റിസുകളെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാറില്‍നിന്ന് ധനസഹായം ലഭിക്കും. ഓരോ ട്രെയിനികൾക്കും പ്രതിമാസം 1500 രൂപ എന്ന നിരക്കിലാണ് ധനസഹായം നല്‍കുക. ഇതിന് പുറമെ ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്ക് 1000 രൂപ അധികമായി നല്‍കും. ഒരുവര്‍ഷത്തെ പരിശീലനം പൂര്‍ത്തിയാകുന്ന മുറക്ക്​ പ്രായോഗിക പരീക്ഷയില്‍ പങ്കെടുത്ത് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന നാഷനല്‍ അപ്രന്‍റിസ്ഷിപ് സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കാനും കഴിയും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.