വിധി പാലിച്ചില്ല; കോർപറേഷൻ സെക്രട്ടറിക്ക് ഉപഭോക്തൃ കമീഷൻ വാറന്‍റ്​

തൃശൂർ: ഉപഭോക്തൃ തർക്ക പരിഹാര കമീഷന്‍റെ വിധി പാലിക്കാത്തത്​ ചോദ്യം ചെയ്ത്​ ഫയൽ ചെയ്ത ഹരജിയിൽ തൃശൂർ കോർപറേഷൻ സെക്രട്ടറിക്ക്​ വാറന്‍റ്​​ അയക്കാൻ ഉത്തരവ്. പൂങ്കുന്നം 'ഗോപീകൃഷ്ണ'യിൽ ചന്ദ്രാംഗദമേനോൻ ഫയൽ ചെയ്ത ഹരജിയിലാണ് സെക്രട്ടറിക്കും വൈദ്യുതി വിഭാഗം അസി.​ സെക്രട്ടറിക്കും വാറന്‍റ്​ അയക്കാൻ കമീഷൻ ഉത്തരവിട്ടത്​. ചന്ദ്രാംഗദ മേനോന് വൈദ്യുതി കുടിശ്ശിക ആരോപിച്ച് 72,155 രൂപയുടെ ബിൽ നൽകിയിരുന്നു. അത്​ ചോദ്യം ചെയ്ത് കമീഷനിൽ ഫയൽ ചെയ്ത ഹരജിയിൽ ബിൽ റദ്ദാക്കാനും 1,000 രൂപ ചെലവ് നൽകാനും വിധിച്ചിരുന്നു. വിധി പാലിക്കാതിരുന്നതിനെ തുടർന്ന്​ എതിർകക്ഷികളെ ശിക്ഷിക്കണമെന്ന്​ ആവശ്യപ്പെട്ടാണ്​ വീണ്ടും കമീഷനെ സമീപിച്ചത്​. പ്രസിഡന്‍റ്​ സി.ടി. സാബു, മെംബർമാരായ എസ്​. ശ്രീജ, ആർ. രാംമോഹൻ എന്നിവരടങ്ങിയ കമീഷൻ പൊലീസ് മുഖേന വാറന്‍റ്​ അയക്കാൻ ഉത്തരവിട്ടു. വിധി പാലിക്കാതിരുന്നാൽ മൂന്ന് വർഷം വരെ തടവിന് ശിക്ഷിക്കാൻ കമീഷന്​ അധികാരമുണ്ട്​. ഹരജിക്കാരന് വേണ്ടി അഡ്വ. എ.ഡി. ബെന്നി ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.