വായനദിനം ഇന്ന്​ ആരോൺ നിധിപോലെ സൂക്ഷിക്കുന്നു; മലയാളത്തിന്‍റെ സുകൃതത്തിന്‍റെ കൈയൊപ്പ്​

തൃശൂർ: പോസ്റ്റ്​മാൻ കനമുള്ള കവർ കൊണ്ടുവന്നപ്പോൾ ചിറയ്ക്കൽ ആരോൺ ആൽവിൻ എന്ന ഒമ്പതാം ക്ലാസുകാരന്​ അത്ഭുതമായിരുന്നു. വല്ലപ്പോഴുമാണ്​ പോസ്റ്റ്​മാൻ തപാലുമായി എത്താറ്​​. എനിക്കാരാണ്​ അയക്കാൻ എന്ന ജിജ്ഞാസയോടെ കവർ പൊട്ടിച്ചപ്പോൾ എം.ടിയുടെ 'രണ്ടാമൂഴം'. പുസ്തകം തുറന്നപ്പോൾ 'ബെസ്റ്റ്​ വിഷസ്​', എം.ടി. വാസുദേവൻ നായരുടെ കൈയൊപ്പും. വിശ്വസിക്കാൻ പറ്റിയില്ല. ലോകം മുഴുവൻ ആരാധിക്കുന്ന എഴുത്തുകാരൻ തനിക്കു​വേണ്ടി കുറിച്ച വാക്കുകൾ. ''എന്ത്​ ചെയ്യണമെന്നറിയില്ലായിരുന്നു...നല്ല സന്തോഷം തോന്നി''- ആരോൺ പറയുന്നു. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സംഭവം. 'രണ്ടാമൂഴം' വായിച്ചുകഴിഞ്ഞപ്പോൾ രണ്ട്​ പുറത്തിലൊതുക്കിയ ആസ്വാദനക്കുറിപ്പ്​ എഴുതി പുസ്തകച്ചട്ടയിൽ കണ്ട അഡ്രസിൽ അയച്ചുകൊടുത്തിരുന്നു. ആരോടും പറഞ്ഞില്ല, ആരെയും കാണിച്ചില്ല. അതിനുള്ള മറുപടിയായിരുന്നു അന്നത്തെ തപാലിൽ എത്തിയത്​. പഴുവിൽ സെന്‍റ്​ ആന്‍റണീസ്​ സ്കൂൾ വിദ്യാർഥിയായ ആരോൺ കോവിഡ്കാലത്തെ വീട്ടിലടച്ചിരുപ്പിൽ വായിച്ചുതീർത്തതായിരുന്നു 'രണ്ടാമൂഴം'. വൈകാതെ ആസ്വാദനക്കുറിപ്പ്​ എഴുതിത്തീർത്തു. തനിക്കുപോലും കാണിച്ചുതന്നില്ലെന്ന്​ പിതാവ്​ ആൽവിൻ പറയുന്നു. വീട്ടിൽതന്നെ ചെറിയ ലൈബ്രറിയുണ്ട്​. വായനയോട്​ ചെറുപ്പം മുതലേ താൽപര്യമുള്ള ആ​രോണിന്​ എം.ടിയെ നേരിൽ കാണാൻ ആഗ്രഹമുണ്ട്​. എം.ടിയുടെ മറ്റ്​ ചില പുസ്തകങ്ങളും ആരോൺ വായിച്ചിട്ടുണ്ട്​. പിതാവ്​ ആൽവിൻ വാച്ചുകട നടത്തുകയാണ്​. മാതാവ്:​ ജോളി. പടം: tcr vayana aron: എം.ടി ഒപ്പിട്ട പുസ്തകവുമായി ആരോൺ tcr vayana aron1: 'രണ്ടാമൂഴം' ആദ്യ പേജിൽ എം.ടിയുടെ കൈയൊപ്പ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.